
തിരുവനന്തപരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് (Thrikkakara By Election) തോല്‍വിയിൽ ഇന്നും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). കുറച്ച് കൂടി വോട്ട് പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞപ്പോൾ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളുമെന്നായിരുന്നു എം എ ബേബിയുടെ പ്രതികരണം. തോൽവി പാര്‍ട്ടിയും മുന്നണിയും വിശദമായി വിലയിരുത്തുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.
കാടിളക്കിയുള്ള പ്രചാരണം, മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം വൻ സംഘം പ്രചാരണ ദിവസങ്ങളിലുടനീളം തൃക്കാക്കരയിൽ തമ്പടിച്ചിട്ടും ഫലം വന്നപ്പോൾ പ്രതീക്ഷകളെല്ലാം തെറ്റി. കനത്ത തോൽവിയുടെ കാരണം സമഗ്രമായി പരിശോധിക്കാനാണ് പാര്‍ട്ടി തീരുമാനം. സഹതാപ തരംഗത്തോടൊപ്പം ഇടത് വിരുദ്ധ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി കേന്ദ്രീകരിച്ചത് ഉമയുടെ ഭൂരിപക്ഷം കൂട്ടിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിനിടെ പ്രതിപക്ഷം മുതൽ മുന്നണി ഘടകക്ഷി നേതാക്കൾ വരെ ഒളിഞ്ഞും തെളിഞ്ഞും സിൽവര്‍ ലൈൻ സജീവ ചര്‍ച്ചയാക്കുന്നുണ്ട്.
മണ്ഡലത്തിൽ മെച്ചപ്പെട്ട വോട്ട് പ്രതീക്ഷിച്ചിരുന്നെന്ന് എല്ലാവരും ഓരേ സ്വരത്തിൽ പറയുമ്പോഴും പ്രചാരണത്തിന് ചുക്കാൻ പിടിച്ച മുഖ്യമന്ത്രിക്ക് ഈക്കാര്യത്തിൽ മൗനമാണ്. സീറ്റ് 100 തികയ്ക്കുന്നതിന് അപ്പുറത്ത് യുഡിഎഫ് മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷിച്ചാണ് സിപിഎം തൃക്കാക്കരയിൽ ഇറങ്ങിയത്. ക്യാപ്റ്റനിറങ്ങിയാൽ കളം മാറുമെന്ന പ്രചാരണം ഫലം ചെയ്തില്ലേ? സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തിരിച്ചിടയായോ? താഴെ തട്ടുമുതൽ പഴുതടച്ചെന്ന് കരുതി തയ്യാറാക്കിയ പ്രചാരണ രീതികൾ പാളിപ്പോയോ? എല്ലാറ്റിനും മേലെ സര്‍ക്കാരിന്റെ വികസന നയ സമീപനത്തിൽ മാറ്റം വരുത്തണോ? വരും ദിവസങ്ങളിൽ പരിശോധനകൾക്കും വിശകലനങ്ങൾക്കും സിപിഎമ്മിന് മുന്നിൽ വിഷയം ഒരുപാടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam