തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചു;മുന്നണികളുടെ കണക്കിലേറെ പോളിങ്; വോട്ടെണ്ണൽ വെള്ളിയാഴ്ച

Published : May 31, 2022, 06:11 PM ISTUpdated : May 31, 2022, 06:19 PM IST
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചു;മുന്നണികളുടെ കണക്കിലേറെ പോളിങ്;  വോട്ടെണ്ണൽ വെള്ളിയാഴ്ച

Synopsis

കൊച്ചി കോർപറേഷന് കീഴിലെ വാർഡുകളിലും തൃക്കാക്കര മുനിസിപ്പാലിറ്റിയിലും രാവിലെ മുതൽ മികച്ച പോളിങ് നടന്നു

കൊച്ചി: കേരളം മുഴുവൻ ചർച്ച ചെയ്ത വിഷയങ്ങളും വിവാദങ്ങളും കടന്ന് തൃക്കാക്കര വിധിയെഴുതി. പോളിംഗ് സമയം അവസാനിച്ചു. മുന്നണികൾക്ക് ഒരുപോലെ പ്രതീക്ഷയും ആശങ്കയും നൽകുന്ന പോളിംഗ് ശതമാനത്തിൽ ഇനി കണക്കുകൂട്ടലിന്‍റെ സമയമാണ്. മുന്നണികളുടെ കണക്ക് മറികടന്നുള്ള പോളിങാണ് തൃക്കാക്കരയിൽ നടന്നത്.

കൊച്ചി കോർപറേഷന് കീഴിലെ വാർഡുകളിലും തൃക്കാക്കര മുനിസിപ്പാലിറ്റിയിലും രാവിലെ മുതൽ മികച്ച പോളിങ് നടന്നു. ഇവിടെ ഉച്ചയ്ക്ക് ശേഷം പോളിങ് പെട്ടെന്ന് മന്ദഗതിയിലായത് പോളിങ് ശതമാനത്തെ നേരിയ തോതിൽ ബാധിച്ചു. എങ്കിലും ഇക്കുറി കഴിഞ്ഞ തവണത്തേക്കാൾ മികച്ച പോളിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക. പ്രശ്നങ്ങളില്ലാതെയാണ് തൃക്കാക്കരയിൽ പോളിങ് അവസാനിച്ചത്. കള്ളവോട്ടിന് ശ്രമിച്ച പിറവം സ്വദേശിയെ പൊന്നുരുന്നിയിൽ പൊലീസ് പിടികൂടിയതൊഴിച്ചാൽ കാര്യമായ യാതൊരു അനിഷ്ട സംഭവങ്ങളും വോട്ടിങിന്റെ ഒരു ഘട്ടത്തിലും ഉണ്ടായില്ല.

ഫലം ആർക്ക് അനുകൂലമായാലും കേരളത്തിൽ അതൊരു ഭരണമാറ്റത്തിന് കാരണമാകില്ലെങ്കിലും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തരത്തിലേക്ക് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മാറിയിരുന്നു. രാഷ്ട്രീയ പോരാട്ടം കനത്ത ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിന്റെ പ്രതിഫലനമായി വോട്ടെടുപ്പും മാറി. ആവേശത്തോടെയാണ് പോളിങിനോട് വോട്ടർമാർ പ്രതികരിച്ചത്.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനെക്കാള്‍ ഇക്കുറി പോളിങ് ഉയര്‍ന്നിട്ടുണ്ട്. അതേസമയം കൃത്യമായ കണക്ക് വന്നിട്ടില്ല. ആദ്യ കണക്കുകള്‍ പ്രകാരം ഇന്ന് വൈകീട്ട് അഞ്ച് മണി വരെ 66.78 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. മുന്നണികളുടെ ശക്തമായ പ്രചാരണത്തോട് വോട്ടര്‍മാര്‍ ശക്തമായി പ്രതികരിച്ചു. മഴ മാറി നിന്നതും പോളിങ് ഉയരാൻ കാരണമായി.

ആദ്യ മണിക്കൂര്‍ മുതൽ തന്നെ പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. പൊന്നുരുന്നിയിലെ സ്കൂളിൽ കള്ളവോട്ടിന് ശ്രമിച്ച പിറവം പാമ്പാക്കുട സ്വദേശി ആൽബിനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തത് തെരഞ്ഞെടുപ്പ് ദിവസത്തിന്റെ നിറംകെടുത്തി. രണ്ടു ബൂത്തുകളിൽ വോട്ടിങ് യന്ത്രം തുടക്കത്തിൽ തകരാറിലായതൊഴിച്ചാൽ പോളിങ് സുഗമമായി നടന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ 70.39 ശതമാനമായിരുന്നു പോളിങ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 76.05 ശതമാനമായിരുന്നു പോളിങ്. 2016 ൽ 74.71 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. 2014 ൽ 71.22 ശതമാനമായിരുന്നു പോളിങ്. 2011 നിയമസഭാ തെരഞ്ഞെടുപ്പിലും 73.76 ശതമാനമായിരുന്നു പോളിങ്. 2009 ലാണ് ഏറ്റവും കുറവ് പോളിങ് നടന്നത്, 70 ശതമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎ ബേബിയുടെ ചില ശീലങ്ങൾ മാതൃകാപരമെന്ന് ചെറിയാൻ ഫിലിപ്പ്
മോദിയുടെ തിരുവനന്തപുരം സന്ദർശനം; സിൽവർ ലൈന് ബദലായ അതിവേഗ റെയിൽ നാളെ പ്രഖ്യാപിച്ചേക്കും