എം എ ബേബിയുടെ കാലഹരണപ്പെട്ട സൈദ്ധാന്തിക പിടിവാശികളോട് വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായ ചില ശീലങ്ങൾ മാതൃകാപരമാണെന്ന് ചെറിയാൻ ഫിലിപ്പ്.
തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയ്ക്കെതിരായ പരിഹാസത്തിൽ പ്രതികരിച്ച് ചെറിയാൻ ഫിലിപ്പ്. എം എ ബേബിയുടെ കാലഹരണപ്പെട്ട സൈദ്ധാന്തിക പിടിവാശികളോട് വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായ ചില ശീലങ്ങൾ മാതൃകാപരമാണെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. വീട്ടിലായാലും പാർട്ടി ഓഫീസിലായാലും അദ്ദേഹം ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകി വെക്കാറുണ്ട്. ബേബിയുടെ വീട്ടിൽ ചെല്ലുമ്പോഴെല്ലാം അദ്ദേഹം ഭക്ഷണം വിളമ്പി തരുകയും തന്റെ കൂടി പാത്രം കഴുകുകയും ചെയ്തിട്ടുണ്ട്. പാത്രത്തിൽ എടുക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഒന്നും ഉപേക്ഷിക്കുകയോ പാഴാക്കുകയോ ചെയ്യാറില്ല. സദ്യയ്ക്കു പോയാൽ ഇലയിലെ ഭക്ഷണം വടിച്ചെടുക്കുകയും വിരലുകൾ നക്കി തുടയ്ക്കുകയും ചെയ്യുന്നത് കൗതുകപൂർവ്വം നോക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം എ ബേബിയുടെ പേരിൻ്റെ ഇൻഷ്വലിൽ അമ്മ മറിയത്തിൻ്റെ പേരു കൂടിയുണ്ട്. മകൻ അശോകിൻ്റെ പേരിനൊപ്പം ഭാര്യ ബെറ്റിയുടെ പേരും ചേർത്തിട്ടുണ്ട്. പുരുഷാധിപത്യ സമൂഹത്തിൽ മാതൃത്വത്തിനു നൽകുന്ന വലിയ അംഗീകാരമാണിത്. ബേബിയുടെ മകൻ അശോകിൻ്റെ വിവാഹത്തിന് വരണമാല്യം എടുത്തു കൊടുത്തത് ഗായകൻ കെ ജെ യേശുദാസാണ്. പിതാവിൻ്റെ കർമ്മം യേശുദാസിനെ ഏല്പിച്ചത് ശരിയായില്ലെന്ന് അന്ന് തന്നെ താൻ ഫേസ്ബുക്കിൽ വിമർശിച്ചിരുന്നെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
