Asianet News MalayalamAsianet News Malayalam

കൊവിഡ് ലക്ഷണമുള്ള രോഗി എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചു; വനിതാ ഡോക്ടറുടെ ജോലി പോയി

കൊവിഡ് ലക്ഷണമുള്ള ആള്‍ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിലും പൊലീസിലും റിപ്പോർട്ട് ചെയ്തതിനും ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനും, ടെലിവിഷനിൽ ഇതെ കുറിച്ച് പ്രതികരിച്ചതിനുമാണ് തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതെന്ന് ഷിനു ഫേസ്ബുക്കില്‍ കുറിച്ചു.

dr shinu shyamalan terminated from job
Author
Thiruvananthapuram, First Published Mar 10, 2020, 11:15 AM IST

തൃശൂര്‍: തൃശൂരിൽ സ്വകാര്യ ക്ലിനിക്കിൽ കൊവിഡ് ലക്ഷണമുള്ള രോഗി എത്തിയത് ആരോഗ്യ വകുപ്പിനെ അറിയിച്ച വനിത ഡോക്ടറെ പിരിച്ചുവിട്ടു. മനുഷ്യാവകാശ പ്രവർത്തകയും ഡോക്ടറുമായ ഷിനു ശ്യാമളനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഷിനു ശ്യാമളന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. 

സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിലും പൊലീസിലും റിപ്പോർട്ട് ചെയ്തതിനും ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനും, ടെലിവിഷനിൽ ഇതേക്കുറിച്ച് പ്രതികരിച്ചതിനുമാണ് തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതെന്ന് ഷിനു ഫേസ്ബുക്കില്‍ കുറിച്ചു. 

ഞായറാഴ്ചയാണ് ഷിനു ശ്യാമളന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ കടുത്ത പനിയുമായി ഒരാള്‍ എത്തിയത്. ഖത്തറില്‍ നിന്ന് എത്തിയ ആളാണ് ചികിത്സക്കെത്തിയത്. നാട്ടിലെത്തിയ ദിവസത്തെക്കുറിച്ച് വ്യക്തമല്ലാത്ത തീയതിയാണ് അയാള്‍ പറഞ്ഞതെന്നും ഡോക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സംശയം തോന്നിയ ഉടനെ ഞായറാഴ്ച വൈകുന്നേരം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു. എന്നാല്‍, തിങ്കളാഴ്ച രാവിലെ പത്തോടെ ഇയാള്‍ ഖത്തറിലേക്ക് തിരിച്ചു പോയി. രോഗിയെക്കുറിച്ച് വിവരം അറിയിച്ചിട്ടും ഇയാള്‍ കൃത്യമായ പരിശോധനക്ക് വിധേയനാകാതെ ഖത്തറിലേക്ക് തിരിച്ചുപോയതും ഷിനു ശ്യാമളന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ ഇവരെ പുറത്താക്കിയത്. 

ഷിനു ശ്യാമളന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോർട്ട് ചെയ്തതിനും ഫേസ്ബുക്കിൽ എഴുതിയതിനും, ടി. വി യിൽ പറഞ്ഞതിനും എന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.

രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാൻ പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീർക്കുവാൻ ഇതിൽ എന്ത് കള്ളത്തരമാണ് ഉള്ളത്? അയാൾക്ക് കൊറോണ ആണെങ്കിൽ ക്ലിനിക്കിൽ രോഗികൾ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാര്ഥമായ ചോദ്യങ്ങൾ. ക്ഷമിക്കണം. തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കും. ഇനിയും.

ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ടവരെ ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാൻ അനുവദിച്ചവർക്ക് ഒരു കുഴപ്പവുമില്ല. ആ ഉദ്യോഗസ്ഥർ സുഖിച്ചു ജോലി ചെയ്യുന്നു. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്?

ഞാൻ ചെയ്തതിൽ ഒരു തെറ്റുമില്ല. ഇനിയും ശബ്‌ദിക്കും.
 

Follow Us:
Download App:
  • android
  • ios