തൃശ്ശൂരിലും 'പാദപൂജ', കുട്ടികളെക്കൊണ്ട് അധ്യാപികയുടെ കാൽ കഴുകിച്ചതായി പരാതി

Published : Jul 12, 2025, 04:44 PM IST
padapooja

Synopsis

തൃശ്ശൂർ മാളയിലെ സ്കൂളിൽ റിട്ടയേർഡ് അധ്യാപികയുടെ കാൽ കഴുകിച്ച സംഭവം വിവാദമായി. ഗുരുപൂർണിമ ദിനത്തിൽ നടന്ന ചടങ്ങിലാണ് കുട്ടികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചത്. കാസർകോട്, കണ്ണൂർ, ആലപ്പുഴ എന്നിവിടങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

തൃശ്ശൂർ : തൃശ്ശൂരിലും 'പാദപൂജ'. മാള അന്നമനട വിവേകോദയം വിദ്യാമന്ദിറിലും കുട്ടികളെക്കൊണ്ട് റിട്ടയേർഡ് അധ്യാപികയുടെ കാൽ കഴുകിച്ചതായി പരാതി. ഗുരുപൂർണിമ ദിന ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് സംഭവമുണ്ടായത്. പ്രദേശത്തെ എൽപി സ്കൂൾ റിട്ടേഡ് അധ്യാപിക ലതിക അച്യുതനെ മുഖ്യാതിഥിയായി വിളിച്ചാണ് കുട്ടികളെ കൊണ്ട് കാൽ കഴുകിപ്പിച്ചത്. ഒപ്പം കാൽതൊട്ട് വന്ദിപ്പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

അധ്യാപകരെ ബഹുമാനിക്കണം എന്ന സന്ദേശം നൽകാനാണ് ഇത്തരം ഒരു ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് സ്കൂൾ ബോർഡ് അംഗം ദിലീപൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 

ഗുരുപൂർണ്ണിമയുടെ ഭാഗമായി കാസർകോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവമാണ് ആദ്യം പുറത്ത് വന്നത്. പിന്നീടാണ് കണ്ണൂരിലെയും ആലപ്പുഴയിലെയും സ്കൂളുകളിലും പാദപൂജ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നത്. തൃക്കരിപ്പൂർ ചക്രപാണി സ്കൂൾ, ചീമേനി വിവേകാനന്ദ സ്കൂൾ, കുണ്ടംകുഴി ഹരിശ്രീ വിദ്യാലയം എന്നിവിടങ്ങളിലാണ് പാദപൂജ നടന്നത്. ആലപ്പുഴ നൂറനാട് വിവേകാനന്ദ വിദ്യാപീഠം സ്കൂളില്‍ വാര്‍ഡ് മെമ്പറും ബിജെപി ജില്ലാ സെക്രട്ടറിയുമായ കെ.കെ അനൂപിന്‍റെ പാദമാണ് പൂജിച്ചത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിൽ 101 അധ്യാപകരുടെ കാലിൽ വിദ്യാർത്ഥികൾ വെള്ളംതളിച്ച് പൂക്കളിടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. 

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ബേക്കൽ ഡിവൈഎസ്പിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. കുട്ടികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പ്രവർത്തിയെന്ന് കമ്മീഷൻ അംഗം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചടങ്ങിനെതിരെ ഡി വൈ എഫ്ഐ, എ ഐ വൈ എഫ് തുടങ്ങിയ സംഘടനകൾ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. 

 

 

 

PREV
Read more Articles on
click me!

Recommended Stories

കനത്ത സുരക്ഷ; വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ
'ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിക്ക് വോട്ട് തൃശൂരിൽ, തദ്ദേശത്തിൽ തിരുവനന്തപുരത്ത്'; തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് വി എസ് സുനിൽകുമാർ