
തൃശ്ശൂര്‍: വായ്പ തട്ടിപ്പ് കേസിൽ കുടുങ്ങിയ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം തിരിച്ചെടുക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി തൃശ്ശൂർ മാടായിക്കോണം സ്വദേശി റോസി. പ്രസവ ശുശ്രൂഷ ചെയ്തും കൂലിപ്പണിയെടുത്തും റോസി സ്വരുക്കൂട്ടിയ മൂന്ന് ലക്ഷം രൂപ കരുവന്നൂർ ബാങ്കിൽ നിന്നും തിരിച്ചെടുക്കാനാകാത്ത അവസ്ഥയിൽ ആണ്. മഴക്കാലമായതോടെ വീട് പണി പൂർത്തിയാക്കാൻ പണം തേടി ബാങ്കിനെ സമീപിച്ചപ്പോഴാണ് റോസിക്ക് അമളി മനസിലായത്. പണം ഒരുമിച്ച് തരാനാകില്ലെന്ന് പറഞ്ഞ് അധികൃതർ കൈമലർത്തി.
അഞ്ച് സെന്റിലെ ചെറിയ വീട്ടിലാണ് 71 കാരിയായ റോസിയും ഭർത്താവ് ചാക്കപ്പനും താമസിക്കുന്നത്. രണ്ട് പെൺമക്കള്‍ വിവാഹം കഴിഞ്ഞ് മാറി താമസിക്കുകയാണ്. റോസി സമീപ പ്രദേശങ്ങളിലെ വീടുകളിൽച്ചെന്ന് പണിയെടുത്ത് കിട്ടുന്ന കൂലി മാത്രമാണ് വരുമാന മാർഗ്ഗം. മിച്ചം പിടിച്ച കാശ് ബാങ്കിലിട്ടത് ആപത്ത് കാലത്തേക്ക് ഒരു കരുതൽ എന്ന നിലയ്ക്കാണ്. എന്നാലത് ഇപ്പോള്‍ വിനയായി.
മഴ പെയ്യുന്പോൾ വീടിനകത്തേയ്ക്ക് വെള്ളം കയറിയതോടെയാണ് വീട് പുതുക്കാനായി പണം തിരിച്ചെടുക്കാനായി ബാങ്കിനെ സമീപിച്ചത്. വീടിന് ഷീറ്റിടണം, ശൌചാലയം പണിയണം എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെ ബാങ്കിലെത്തിയപ്പോള്‍ അധികൃതര്‍ കൈ മലര്‍ത്തി. പതിനായിരം രൂപ മാത്രമാണ് ഒരാൾക്ക് ബാങ്കിൽ നിന്ന് ഒരു തവണ പിൻവലിക്കാനാവുക. ഇതിന് ടോക്കൺ കിട്ടാൻ തന്നെ വലിയ തിരക്കാണ്. എന്നാല്‍ ഒരുമിച്ച് തുക പിന്‍വലിക്കാനാകില്ലെന്ന് ബാങ്ക് ജീവനക്കാര്‍ പറഞ്ഞതോടെ റോസി ബുദ്ധിമുട്ടിലായി. ഇപ്പോള്‍ താന്‍ അധ്വാനിച്ച് സ്വരൂക്കൂട്ടിയ പണം ബാങ്കിൽ നിന്ന് പണം കിട്ടാൻ നെട്ടോട്ടമോടേണ്ട അവസ്ഥയാണെന്ന് റോസി പറയുന്നു.
തന്റെ ഈപ്പോഴത്തെ ആവശ്യങ്ങൾക്ക് പതിനായിരം രൂപ മതിയാവില്ലെന്നാണ് റോസി പറയുന്നത്. ഭർത്താവ് ആസ്ത്മ രോഗിയാണ്, അദ്ദേഹത്തിന്‍റെ ചികിത്സക്കും വീട് പുനരുദ്ധാരണത്തിനുമൊക്കെ പണം ആവശ്യമാണ്. പതിനായിരും രൂപ കൊണ്ട് എന്ത് ചെയ്യാനാണ്. കൂലിപ്പണിയെടുത്ത് സ്വരുക്കൂട്ടിയ പണം തിരികെ ആവശ്യത്തിന് ലഭിക്കുന്നില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യുമെന്ന് റോസി ചോദിക്കുന്നു. ജനപ്രതിനിധികൾ ഇടപെട്ട് പണം തിരിച്ചുകിട്ടാൻ സഹായിക്കണമെന്നാണ് ഇവരുടെ ആവശ്യം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam