കൊറോണ : തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ പ്രത്യേക സജ്ജീകരണം

By Web TeamFirst Published Jan 30, 2020, 8:08 PM IST
Highlights

ആശുപത്രിയിലെ 20 പേ വാർഡ് മുറികളാണ് കൊറോണ ബാധിതര്‍ക്കായി ഒരുക്കിയത് . 

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധിച്ച് വരുന്ന രോഗികളെ ചികിത്സിക്കാനായി തൃശ്ശൂര്‍ ഗവ മെഡിക്കൽ കോളേജിൽ പ്രത്യേക സജ്ജീകരണങ്ങളൊരുക്കി. രോഗികളെ കിടത്താനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അണുവിമുക്ത മുറികളൊരുക്കിയിട്ടുണ്ട്. ആശുപത്രിയിലെ 20 പേ വാർഡ് മുറികളാണ് കൊറോണയ്ക്കായി ഒരുക്കിയത് . വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചയുടനെ പേ വാർഡിൽ ഉണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചാണ്  മുറികൾ സജ്ജീകരിച്ചത്. 

കൂടാതെ രോഗികളെ ചികിത്സിക്കാനായി മെഡിസിൻ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേക  മെഡിക്കൽ സംഘവും ഒരുങ്ങി. ചികിത്സയിലേർപ്പെടുന്ന ഡോക്ടർമാർക്കും ജീവനക്കാർക്കും വേണ്ട സൗകര്യങ്ങളും മരുന്നുകളും പേ വാർഡിൽ ഒരുക്കിയിട്ടുണ്ട്. കൊറോണ ബാധിച്ച രോഗികളെ ചികിത്സിക്കാൻ മെഡിക്കൽ കോളേജ് ആശുപത്രി ഒരുങ്ങിയതായി ആശുപത്രി ആർഎംഒ ഡോ സി പി മുരളി പറഞ്ഞു.

അതേസമയം കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കേരളത്തില്‍ 1053 പേര്‍ നിരീക്ഷണത്തിലെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഇതില്‍ 15 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 1038 പേരും വീട്ടിലെ നിരീക്ഷണത്തിലാണ്. 24 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പൂണെ വൈറോളജി ഇന്‍സ്‍റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 15 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്. 

പൂണെ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ച സാമ്പിളിന്‍റെ പ്രാഥമിക ഫലത്തിലാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. എന്നാല്‍ രണ്ടാമത്തെ ഫലം കൂടി വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുകയും കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതുമുണ്ട്. 

click me!