
തൃശ്ശൂര്‍: തിരുവമ്പാടി -പാറമേക്കാവ് ക്ഷേത്രങ്ങളില്‍ പൂരത്തിന്റെ കൊടിയേറി. പൂജ ചെയ്ത കൊടിക്കൂറ തന്ത്രിമാര്‍ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുവന്നു. തിരുവമ്പാടി ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ കുടുംബങ്ങള്‍ ഭൂമിപൂജ നടത്തി ദേശക്കാരെല്ലാം കൊടിയേറ്റുകയായിരുന്നു.
തിരുവമ്പാടി കൊടിയേറ്റം നടന്നതിന് പിന്നാലെയാണ് പാറമേക്കാവ് ക്ഷേത്രത്തില്‍ കൊടിയേറിയത്. കൊടിയേറ്റത്തിന് ശേഷമുള്ള എഴുന്നള്ളിപ്പ് തിരുവമ്പാടിയില്‍ മൂന്നുമണിക്കാണ്. തിരുവമ്പാടി ചന്ദ്രശേഖരനായിരിക്കും തിടമ്പ് ഏറ്റുക. പാറമേക്കാവില്‍ ഒരുമണിക്കാണ് പുറത്തേക്കുള്ള എഴുന്നള്ളിപ്പ്. മേളപ്രമാണി പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മേളം നടക്കും. കുട്ടൻമാരാര്‍ക്കിത് 45ാം തൃശ്ശൂര്‍ പൂരമാണ്. പാറമേക്കാവ് പത്മനാഭന്‍ തിടമ്പേറ്റും.
പൂരം കാണാൻ വരുന്നവർ ഏപ്രിൽ ഇരുപതിന് ആർടിപിസിആർ ടെസ്റ്റ് നടത്തണം. ഇരുപത്തിയൊന്നിന് ലഭിക്കുന്ന സർട്ടിഫിക്കറ്റുമായി പൂരപ്പറമ്പിൽ എത്താം. സാംപിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലിപിരിയൽ വരെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ ഈ സർട്ടിഫിക്കറ്റ് മതി. നഗരത്തിലേക്കുള്ള എല്ലാ വഴികളിലും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി പൊലീസ് നിലയുറപ്പിക്കും. 10 വയസ്സിൽ താഴെയുള്ളവർക്കും ഗർഭിണികൾക്കും പൂരത്തിന് പ്രവേശനമില്ല. ഇത്തവണ പൂരം എക്സിബിഷന് പകുതി സ്റ്റാളുകൾ മാത്രമായിരിക്കും ഉണ്ടാവുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam