തൃശ്ശൂര്‍ പൂരം നടത്താന്‍ തീരുമാനം; ജനപങ്കാളിത്തത്തില്‍ നിയന്ത്രണം ഉണ്ടാകില്ല

By Web TeamFirst Published Mar 28, 2021, 6:15 PM IST
Highlights

എക്സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്സിബിഷനും ഉപേക്ഷിക്കുമെന്ന നിലപാടിലായിരുന്നു സംഘാടക സമിതി. 

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം മുൻവർഷങ്ങളിലേത് പോലെ എല്ലാ ചടങ്ങുകളോടെയും നടത്താൻ തീരുമാനം. പൂരത്തില്‍ ജനപങ്കാളിത്തത്തിന് നിയന്ത്രണം ഉണ്ടാകില്ല. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൂരം വിളംബരം അറിയിച്ചുളള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതലുളള 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളില്‍ ഒന്നുപോലും വെട്ടികുറയ്ക്കില്ല. 

എട്ട് ക്ഷേത്രങ്ങളില്‍ നിന്നുളള ഘടകപൂരങ്ങളും നടത്തും. പതിനഞ്ച് വീതം ആനകളുണ്ടാകും. വെടിക്കെട്ടും പൂരം എക്സിബിഷനും ഉണ്ടാകും. എക്സബിഷന് പ്രതിദിനം 200 പേര്‍ക്ക് മാത്രം അനുമതി എന്ന നിയന്ത്രണവും നീക്കി. പൂരം എക്സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ അടിയന്തിരമായി ഇടപെടുകയും ജില്ലാഭരണകൂടം അനുകൂല തീരുമാനം എടുക്കുകയുമായിരുന്നു. അടുത്ത മാസം 23നാണ് തൃശ്ശൂര്‍ പൂരം.

click me!