കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചു; തൃശൂരിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മക്ക് ഗുരുതര പരിക്ക്, സ്ഥലത്ത് പ്രതിഷേധം

Published : Jun 26, 2025, 10:47 AM IST
thrissur protest

Synopsis

സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വിഷ്ണുദത്തിന്‍റെ അമ്മ പത്മിനിയെ (60 ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂര്‍: തൃശൂര്‍ എംജി റോഡിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചതോടെ യുവാവ് ബസിനടിയിൽ പെടുകയായിരുന്നു. സ്കൂട്ടര്‍ യാത്രികനായ ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്. തൃശൂര്‍ സീതാറാം ഫാര്‍മസിയിലെ ജീവനക്കാരനാണ്. 

സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വിഷ്ണുദത്തിന്‍റെ അമ്മ പത്മിനിയെ (60 ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇരുവരും വടക്കുന്നാഥ ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴാണ് അപകടമുണ്ടായത്.

എംജി റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ പെട്ടെന്ന് വെട്ടിക്കുകയായിരുന്നു. ഇതോടെ പിന്നില്‍നിന്നുവന്ന സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടനെ വിഷ്ണുദത്തിനെയും അമ്മയെയും ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്ണുദത്തിനെ രക്ഷിക്കാനായില്ല.

അപകടത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. തൃശൂര്‍ കോര്‍പ്പറേഷന്‍റെ പ്രതിപക്ഷ നേതാവ് രാജൻ പല്ലനും പ്രതിപക്ഷ കൗൺസിലറും അപകടം ഉണ്ടാക്കിയ കുഴിയിൽ ഇരുന്ന് പ്രതിഷേധിക്കുകയാണ്. കോർപ്പറേഷൻ സെക്രട്ടറിക്കെതിരെയും മേയർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധം. കുഴികള്‍ അടക്കുന്നതിൽ വീഴ്ചവരുത്തിയത് പൊറുക്കാൻ കഴിയാത്ത അനാസ്ഥയാണെന്നും ഉത്തരവാദിത്വത്തിൽ നിന്ന് കോർപ്പറേഷനോ മേയർക്കോ ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്നും കൗൺസിലർ ജോൺ ഡാനിയേൽ ആരോപിച്ചു. 

രാപ്പകൽ വ്യത്യാസമില്ലാതെ നിരവധി വാഹനങ്ങളാണ് എംജി റോഡിലൂടെ അപകടകരമായ രീതിയിൽ പോകുന്നത്.  പൊട്ടിപ്പൊളിഞ്ഞ റോഡിൽ അപായസൂചനകൾ ഒന്നുമില്ല. റോഡ് റീ ചാര്‍ ചെയ്യുന്നതിലടക്കം അധികൃതര്‍ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്നാണ് ആരോപണം. ഇത്രയധികം വാഹനങ്ങള്‍ പോകുന്ന റോഡായിട്ടും പ്രശ്നം പരിഹരിക്കാനോ അപകടസാധ്യത കുറയ്ക്കാനോ യാതൊരു നടപടിയുമെടുക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

റോഡിൽ കുത്തിയിരുന്ന്  പ്രതിഷേധം

അപകടത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കള്‍ റോഡിൽ  കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡ് ഉപരോധിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പൊലീസ് ഇവരെ നീക്കാൻ ശ്രമിച്ചതോടെ  റോഡിലെ കുഴിയിൽ കിടന്നും പ്രതിഷേധിച്ചു.ഇവരെ  പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കോര്‍പ്പറേഷനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം. ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ത്രീകളടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. പൊലീസ് വാഹനത്തിൽ കയറിയും പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധത്തെ തുടര്‍ന്ന് റോഡിലെ ഗതാഗതം തടസ്സപ്പെട്ടു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ