ഒരു നൂറ്റാണ്ട് കാലം അറിവിന്‍റെ വെളിച്ചം പകര്‍ന്ന സ്കൂൾ ഇനിയില്ല; എ.എം.എല്‍.പി.എസ് വൈലത്തൂരിൽ അധ്യയനം അവസാനിപ്പിച്ചു

Published : Jun 13, 2025, 12:53 PM IST
School

Synopsis

1929 ലാണ് സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. വൈലത്തൂര്‍ സ്വദേശി അഴിയത്ത് മൂസക്കൂട്ടി മുസ്‌ലിയാറാണ് സ്‌കൂള്‍ സ്ഥാപിക്കുന്നത്. പിന്നാക്ക ജാതിയിലുള്ളവര്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള വിദ്യഭ്യാസം ലക്ഷ്യമിട്ടാണ് സ്‌കൂള്‍ സ്ഥാപിച്ചത്.

തൃശൂർ: ഒരു നൂറ്റാണ്ട് കാലം അറിവിന്‍റെ വെളിച്ചം പകര്‍ന്ന വടക്കേക്കാട് വൈലത്തൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ ഇനി ഓർമ്മ മാത്രം. മറ്റുള്ള സ്‌കൂളുകളില്‍ ജൂണ്‍ രണ്ടിന് പ്രവേശനോത്സവം നടക്കുമ്പോള്‍ വൈലത്തൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ പരിസരം ശ്മശാന മൂകതയിലായിരുന്നു. കുട്ടികള്‍ ഇല്ലാത്തതിനാല്‍ ഈ വര്‍ഷം മുതല്‍ സ്‌കൂളില്‍ അധ്യയനം അവസാനിപ്പിക്കുകയായിരുന്നു. ഒരു അധ്യാപിക മാത്രമാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. മാര്‍ച്ചില്‍ ആ അധ്യാപിക കൂടി വിരമിച്ചതോടെ പുതിയ നിയമനങ്ങള്‍ ഒന്നും നടത്തിയില്ല. ഇതോടെ സ്‌കൂള്‍ പൂട്ടാനുള്ള തീരുമാനത്തിലേക്ക് മാനേജ്‌മെന്‍റ് എത്തുകയായിരുന്നു.

1929 ലാണ് സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. വൈലത്തൂര്‍ സ്വദേശി അഴിയത്ത് മൂസക്കൂട്ടി മുസ്‌ലിയാറാണ് സ്‌കൂള്‍ സ്ഥാപിക്കുന്നത്. പിന്നാക്ക ജാതിയിലുള്ളവര്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള വിദ്യഭ്യാസം ലക്ഷ്യമിട്ടാണ് സ്‌കൂള്‍ സ്ഥാപിച്ചത്. നൂറിലധികം വിദ്യാര്‍ഥികള്‍ ഒരു അധ്യായന വര്‍ഷത്തില്‍ ഇവിടെ പഠിച്ചിരുന്നു. ഈ സ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥിയും 36 വര്‍ഷം അധ്യാപകനുമായിരുന്ന എ.കെ. സലീം കുമാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

1991 ല്‍ നിലവിലെ കെട്ടിടം നവീകരിച്ചും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തിയും നല്ലരീതിയില്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. നാല് ക്ലാസ് മുറികള്‍, ശുചിമുറി, കമ്പ്യൂട്ടര്‍ ലാബ്, വായനശാല, സ്റ്റേജ്, കളിസ്ഥലം എന്നിവ ഉള്‍പ്പെടെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഉണ്ടായിരുന്നു. വീതി കുറഞ്ഞ വഴിയാണ് സ്‌കൂളിലേക്ക് ഉണ്ടായിരുന്നത്. 1978 ല്‍ ഇവിടെ അധ്യാപകനായിരുന്ന കെ.എം. മുഹമ്മദാണ് സ്‌കൂളിലേക്ക് നാലടി വഴി വാങ്ങി നല്‍കിയത്.

ഇപ്പോഴും ഈ വഴി മാത്രമാണ് സ്‌കൂളിലേക്കുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് സ്‌കൂളിന്‍റെ പ്രവര്‍ത്തനം കുറഞ്ഞ് തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം പത്തില്‍ താഴെ കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രദേശത്ത് സ്വകാര്യ സ്‌കൂളുകളുടെ വര്‍ധനവും സ്‌കൂളിലേക്കുള്ള ഇടുങ്ങിയ വഴിയും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതും സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുനലൂരിൽ യുവാവിനെ ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്
'മരിച്ചുപോയവരേക്കാൾ ദുരിതത്തിൽ', ചൂരൽമല ദുരിതബാധിതർക്ക് ഇരുട്ടടി, സഹായധനം നിർത്തി സർക്കാർ