അരൂര്‍ ഉപതെരഞ്ഞെടുപ്പ്: തുഷാര്‍ മത്സരിക്കണമെന്ന് ബിജെപി; നിലപാട് വ്യക്തമാക്കാതെ തുഷാര്‍

By Web TeamFirst Published Jul 19, 2019, 7:51 AM IST
Highlights

ഉപതെരഞ്ഞെടുപ്പുകളിൽ പ്രധാന നേതാക്കളെല്ലാം മത്സരത്തിനിറങ്ങുമ്പോൾ, തുഷാറും മത്സരരംഗത്ത് ഉണ്ടാകണമെന്നാണ് ബിജെപിയുടെ ആവശ്യം. 

ആലപ്പുഴ: അരൂർ ഉപതെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയാകണമെന്ന് ബിജെപി. ഉപതെരഞ്ഞെടുപ്പുകളിൽ പ്രധാന നേതാക്കളെല്ലാം മത്സരത്തിനിറങ്ങുമ്പോൾ, തുഷാറും മത്സരരംഗത്ത് ഉണ്ടാകണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാൽ അരൂരിൽ മത്സരിക്കുന്നതിനോട് തുഷാറിന് താൽപര്യമില്ല.

ബിഡിജെഎസ്സുമായുള്ള ഉഭയകക്ഷി ചർച്ചയിലാണ് തുഷാർ മത്സരിക്കണമെന്ന ആവശ്യം ബിജെപി മുന്നോട്ട് വച്ചത്. അരൂർ സീറ്റ് ബിഡിജെഎസ് നിർബന്ധം പിടിച്ചാണ് നേടിയെടുത്തത്. മറ്റ് അഞ്ചിടങ്ങളിൽ പാർട്ടിയുടെ പ്രമുഖ നേതാക്കൾ സ്ഥാനാർത്ഥികളാകുമെന്നാണ് ബിജെപി ബിഡിജെഎസിനെ അറിയിച്ചത്. ഈ സാഹചര്യത്തിൽ അരൂരിൽ ശക്തമായ മത്സരത്തിന് തുഷാർ വേണമെന്നാണ് നിർദ്ദേശം. എസ്എൻഡിപി യോഗത്തിന് മണ്ഡലത്തിലുള്ള സ്വാധീനം കൂടി കണ്ടാണ് ബിജെപി നീക്കം. ഒപ്പം ബിജെപി വിരുദ്ധ നിലപാട് തുടരുന്ന വെള്ളാപ്പള്ളിയെ സമ്മർദ്ദത്തിലാക്കുകയും ലക്ഷ്യമാണ്. എന്നാല്‍, എസ്എൻഡിപി പിന്തുണയില്ലാതെ അരൂരിൽ ഇറങ്ങുന്നതിന് തുഷാറിന് താല്പര്യമില്ല.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 27753 വോട്ടാണ് ബിഡിജെഎസ് സ്ഥാനാർത്ഥിക്ക് അരൂരിൽ കിട്ടിയത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പക്ഷെ ആലപ്പുഴ സീറ്റിൽ എൻഡിഎയ്ക്ക് വോട്ട് കുറഞ്ഞ ഏക നിയമസഭാ മണ്ഡലം അരൂരാണ്. 25, 250 വോട്ട് മാത്രമാണ് നേടാനായത്. അതുകൊണ്ടുതന്നെ എൻഡിഎയിലെ പ്രധാനകക്ഷിയായ ബിഡിജെഎസ് അഭിമാനപോരാട്ടം കൂടിയാണ് അരൂരിലെ ഉപതെരഞ്ഞെടുപ്പ്.

click me!