'ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കണം'; ബന്ധുക്കള്‍ക്ക് ശബ്ദസന്ദേശം അയച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു

By Web TeamFirst Published Jul 10, 2021, 11:10 PM IST
Highlights

 മൊബൈൽ ഫോണ്‍ ടെക്നീഷ്യനായ 25 കാരന്‍ മുകിലനാണ് ലക്ഷങ്ങളുടെ കടക്കെണിയിലായി ജീവനൊടുക്കിയത്. 

ചെന്നൈ: തമിഴ്നാട്ടില്‍ ഓൺലൈൻ ചൂതാട്ടത്തില്‍ കടക്കെണിയിലായി വീണ്ടും ആത്മഹത്യ. തിരുച്ചിറപ്പള്ളി സ്വദേശി മുകിലനാണ് ആത്മഹത്യ ചെയ്തത്. ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന ശബ്ദസന്ദേശം കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും 
വാട്ട്സാപ്പില്‍ അയച്ച ശേഷമാണ് യുവാവ്  ജീവനൊടുക്കിയത്. മൊബൈൽ ഫോണ്‍ ടെക്നീഷ്യനായ 25 കാരന്‍ മുകിലനാണ് ലക്ഷങ്ങളുടെ കടക്കെണിയിലായി ജീവനൊടുക്കിയത്. 

അമ്മയ്ക്കും സഹോദരന്‍റെ കുടുംബത്തിനുമൊപ്പം അയ്യര്‍കോവില്‍ സ്ട്രീറ്റിലാണ് വിജയകുമാർ കഴിഞ്ഞിരുന്നത്. ലോക്ക്ഡൌണ്‍ സമയത്താണ് ഓൺലൈൻ ചൂതാട്ടം തുടങ്ങിയത്. റമ്മി ഉൾപ്പടെയുള്ള കളികളിൽ നിന്നു ചെറിയ രീതിയിൽ പണം ലഭിച്ചു. തുടർച്ചയായി കളിച്ചതോടെ ഇതിന് അടിമയായി. പിന്നീട് സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങി കളിക്കാൻ തുടങ്ങി. ഒടുവില്‍ ഒന്‍പത് ലക്ഷത്തോളം രൂപയുടെ കടക്കെണിയിലായി. തന്റെ ദയനീയാവസ്ഥ വിവരിച്ച് ശനിയാഴ്ച രാത്രിയാണു സഹോദരന് വാട്ട്സാപ്പ് സന്ദേശം അയച്ചത്. 

താൻ വിട പറയുകയാണെന്നും അമ്മയെ നോക്കണമെന്നും വാട്ട്സാപ്പ് സന്ദേശത്തിൽ പറയുന്നു. ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്ന് രാവിലെയാണ് പ്രദേശത്തെ നദിക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. രണ്ട് മാസത്തിനിടെ തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ കടക്കെണിയിലായി മൂന്ന് പേരാണ് ജീവനൊടുക്കിയത്. കര്‍ശനമായ നിയമനടപടി ഉണ്ടാകണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ലോക്ക്ഡൌണ്‍ കാലയളവിലെ ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ സജീവമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!