'യാത്രക്കാരുടെ സ്വപ്ന സാക്ഷാത്കാരം'; തിരുനെൽവേലി - ആര്യങ്കാവ് റൂട്ടിൽ ടിഎൻഎസ്ടിസി സർവീസ് തുടങ്ങി

Published : Jan 03, 2025, 04:19 PM IST
'യാത്രക്കാരുടെ സ്വപ്ന സാക്ഷാത്കാരം';  തിരുനെൽവേലി - ആര്യങ്കാവ് റൂട്ടിൽ ടിഎൻഎസ്ടിസി സർവീസ് തുടങ്ങി

Synopsis

ദീർഘകാലമായുള്ള  ആവശ്യമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്നും ആര്യങ്കാവ് ബസ് ഡിപ്പോയുടെ നിലനിൽപ്പിന് പുതിയ സർവീസ് മുതൽക്കൂട്ടാകുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. 

കൊല്ലം :തമിഴ്‌നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ തിരുനെൽവേലി- ആര്യങ്കാവ് ബസ് സർവീസുകൾക്ക് തുടക്കമായി. ആര്യങ്കാവ് ആർ. ഒ ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാറും തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കറും ഉദ്ഘാടനം സംയുക്തമായി നിർവഹിച്ചു. ദീർഘകാലമായുള്ള  ആവശ്യമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്നും ആര്യങ്കാവ് ബസ് ഡിപ്പോയുടെ നിലനിൽപ്പിന് പുതിയ സർവീസ് മുതൽക്കൂട്ടാകുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. 

അന്തർസംസ്ഥാന പെർമിറ്റ് വ്യവസ്ഥകൾക്ക് അനുസരിച്ച് തമിഴ്നാട്ടിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് അതിർത്തി കടന്ന് അഞ്ചു കിലോമീറ്റർ വരെ എത്താം. ഇത്തരത്തിൽ സർവീസ് നടത്തിയാൽ യാത്രക്കാർക്ക് ആര്യങ്കാവ് മുതൽ പുനലൂർ, പത്തനാപുരം, കൊട്ടാരക്കര ഭാഗങ്ങളിലേക്ക് കണക്ഷൻ ബസ്സുകൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ തന്നെ ലഭിക്കും. ഇത് അന്തർസംസ്ഥാന യാത്രക്കാർക്ക് ഏറെ സഹായകരമാകും. ആര്യങ്കാവ് ബസ് ഡിപ്പോ നവീകരണവുമായി ബന്ധപ്പെട്ട്  എം.എൽ.എ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ പി എസ് സുപാൽ എം.എൽ.എ പ്രഖ്യാപിച്ച് നടപടികളും ആരംഭിച്ചു. ഈ ബസ് സർവീസ് ആവശ്യത്തിന് അടിയന്തര പരിഗണന നൽകിയാണ് തമിഴ്നാട് ഗതാഗത വകുപ്പ് മന്ത്രി എസ് എസ് ശിവശങ്കർ  അനുമതി ലഭ്യമാക്കിയതെന്നും മന്ത്രി അറിയിച്ചു.

കേരളവും തമിഴ്നാടും തമ്മിൽ വർഷങ്ങളായി സാഹോദര്യ ബന്ധമാണ് നിലനിൽക്കുന്നതെന്നും കേരളത്തിലെ വികസനങ്ങൾക്ക് എല്ലാവിധ  പിന്തുണ നൽകി സഹകരിക്കുമെന്നും തമിഴ്നാട് ഗതാഗത വകുപ്പ് മന്ത്രി എസ്. എസ് ശിവശങ്കർ പറഞ്ഞു. ആര്യങ്കാവ് -തെങ്കാശി- തിരുനൽവേലി ഓർഡിനറി ലിങ്ക് സർവീസിനാണ് തുടക്കമായത്. യാത്രക്കാർക്ക് കണക്ടിവിറ്റി സൗകര്യം വർദ്ധിപ്പിക്കുന്നതിന് സർവീസ് പ്രയോജനകരമാകും. 

പരിപാടിയിൽ പി എസ് സുപാൽ എം.എൽ.എ അധ്യക്ഷനായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജാ തോമസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ അനിൽകുമാർ, തിരുനെൽവേലി ടി.എൻ.എസ്. ടി.സി മാനേജിംഗ് ഡയറക്ടർ കെ ദശരഥൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ലേഖ ഗോപാലകൃഷ്ണൻ, കെ.എസ്.ആർ.ടി.സി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി പി പ്രദീപ്കുമാർ, തിരുനെൽവേലി  ടി.എൻ.എസ്. ടി.സി കൊമേർഷ്യൽ ഡെപ്യൂട്ടി മാനേജർ എം സുബ്രഹ്മണ്യൻ, കെ.എസ്.ആർ.ടി.സി സൗത്ത് സോൺ സി.ടി.ഒ റോയ് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

പുതുവത്സരത്തിൽ ബസ് യാത്രക്കാർക്ക് ഇരുട്ടടി, ചാര്‍ജ് വർധിപ്പിച്ചത് 15 ശതമാനം, നിരക്കുയർത്തി കർണാടക സർക്കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

40,000 രൂപ മിനിമം വേതനം വേണം; സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് തുടങ്ങി
രൂപസാദൃശ്യവും തലയിലെ തൊപ്പിയും സംശയം ബലപ്പെടുത്തി; കോഴിക്കോട് പള്ളിക്ക് തീയിട്ടെന്ന് സംശയിക്കുന്നയാൾ പിടിയിൽ?