ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ പരിശോധന, വിമര്‍ശനം; ശ്വാസം മുട്ടി കൊച്ചി, കൊടും ചൂട്, പനി പിടിച്ച കേരളം - 10 വാർത്ത

Published : Mar 05, 2023, 05:42 PM IST
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ പരിശോധന, വിമര്‍ശനം; ശ്വാസം മുട്ടി കൊച്ചി, കൊടും ചൂട്, പനി പിടിച്ച കേരളം - 10 വാർത്ത

Synopsis

ഇന്നതെ പ്രധാന 10 വാര്‍ത്തകള്‍ വായിക്കാം...

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്‍റെ കോഴിക്കോട് ഓഫീസിലെ പൊലീസ് പരിശോധന, നാലാം ദിനവും പുകയിൽ ശ്വാസം മുട്ടുന്ന കൊച്ചി, പനി കിടക്കയിലായ കേരളം, കോഴിക്കോട്ട് രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ മർദ്ദിച്ച സംഭവം തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന വാര്‍ത്തകള്‍. ഏഷ്യാനെറ്റ് ന്യൂസിന്‍റെ കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധന നടത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ, ഐഎംഎയുടെ നാളത്തെ പണിമുടക്കിന് പിന്തുണ അറിയിച്ച് സർക്കാർ ഡോക്ടർമാർ രംഗത്ത് വന്നതും ഇന്നത്തെ പ്രധാന വാര്‍ത്തയാണ്. ഇന്നതെ പ്രധാന 10 വാര്‍ത്തകള്‍ വായിക്കാം...

ഏഷ്യാനെറ്റ് ന്യൂസിന്‍റെ കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധന

ഏഷ്യാനെറ്റ് ന്യൂസിന്‍റെ കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധന. പി വി അൻവര്‍ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് വെള്ളയിൽ പൊലീസാണ് പരിശോധന നടത്തിയത്. ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മീഷണ‍‍‍ര്‍ വി.സുരേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചാനൽ ഓഫീസിൽ പരിശോധന നടത്തിയത്.

ഏഷ്യാനെറ്റ് ഓഫീസിലെ പരിശോധന: വ്യാപക വിമര്‍ശനം

ഏഷ്യാനെറ്റ് ന്യൂസിന്‍റെ കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധന നടത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നു. രമേശ് ചെന്നിത്തല, കെ കെ രമ, എന്‍ കെ പ്രേമചന്ദ്രൻ എംപി തുടങ്ങി നിരവധി പേരാണ് പ്രതികരണങ്ങള്‍ നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം: പത്തു പ്രതികളെക്കൂടി പൊലീസ് തിരിച്ചറിഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണൽ ഓഫീസിനുനേരെയുണ്ടായ എസ് എഫ് ഐ അതിക്രമത്തിൽ പത്തു പ്രതികളെക്കൂടി പൊലീസ് തിരിച്ചറിഞ്ഞു. എസ് എഫ് ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബുവിന്‍റെ നേതൃത്വത്തിലാണ് ഓഫീസിലേക്ക് ഇരച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പ്രവർത്തനം തടസപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. 

മൂന്നാം ദിവസവും പുക പുതച്ച് കൊച്ചി

നാലാം ദിനവും പുകയിൽ ശ്വാസം മുട്ടി കൊച്ചി. ബ്രഹ്മപുരത്ത് ചവർകൂനകളിൽ പടർന്ന് പിടിച്ച തീയണക്കാൻ കഴിഞ്ഞിട്ടില്ല. എണ്‍പത് ശതമാനം തീയണക്കാൻ കഴിഞ്ഞുവെന്നും ശ്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും അഗ്നിശമന സേന വ്യക്തമാക്കി.  

കൊടുംചൂടിനിടെ പനി കിടക്കയിലായി കേരളം

H3N2 ഇൻഫ്ലുവൻസ ദില്ലിയിൽ ഉൾപ്പെടെ വ്യാപകമാകുമ്പോൽ കേരളത്തിലും കുറവില്ലതെ സമാന ലക്ഷണങ്ങളോട് കൂടിയ പനിയും ചുമയും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ മാത്രം 8245 പേരാണ് ചികിത്സ തേടിയത്. 117 പേരെ അഡ്മിറ്റ് ആക്കി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ആണ് ഭൂരിഭാഗം കേസുകളും. 

കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗം: പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ പാര്‍ട്ടികൾ

കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗത്തിനെതിരെ പ്രധാനമന്ത്രിക്ക് പ്രതിപക്ഷപാ‌ർട്ടികളുടെ കത്ത്. അരവിന്ദ് കെജ്രിവാളും മമതയും അഖിലേഷ് യാദവുമടക്കമുള്ള ഒൻപത് നേതാക്കൾ ഒപ്പിട്ടാണ് കത്തയച്ചത്. ബിജെപി ഭരണത്തിലില്ലാത്തെ സംസ്ഥാനങ്ങളിലെ  ഗവർണർമാരുടെ അനാവശ്യ ഇടപെടലിനെതിരെയും കത്തിൽ പരാതിപ്പെടുന്നു. കോൺഗ്രസും ഇടത് പാർട്ടികളും കത്തിൽ ഒപ്പിട്ടിട്ടില്ല.

വിമാനത്തിൽ യാത്രക്കാരന് മേൽ മൂത്രമൊഴിച്ചു

വിമാനത്തിൽ യാത്രക്കാരന് മേൽ സഹയാത്രികൻ മൂത്രമൊഴിച്ചതായി വീണ്ടും പരാതി. അമേരിക്കയിലെ ജോൺ എഫ് കെനഡി വിമാനത്താവളത്തിൽ നിന്നും ദില്ലിയിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസിൽ വെച്ചാണ് സംഭവമുണ്ടായത്. മദ്യപിച്ച വിദ്യാർത്ഥിയായ ഒരു യാത്രക്കാരൻ മറ്റൊരു യാത്രക്കാരന് മേൽ മൂത്രമൊഴിച്ചുവെന്നാണ് പരാതി. വിദ്യാർത്ഥിക്കെതിരെ പരാതി ലഭിച്ചതായി ഡിസിപി സ്ഥിരീകരിച്ചു.

ഫെബ്രുവരിയിലെ പകുതി ശമ്പളം നൽകി കെഎസ്ആര്‍ടിസി

തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് തള്ളി ശമ്പളം ഗഡുക്കളായി വിതരണം ചെയ്ത് കെഎസ്ആര്‍ടിസി. ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്‍റെ പകുതിയാണ് നൽകിയത്. സര്‍ക്കാര്‍ സഹായമായി കിട്ടിയ 30 കോടിയിൽ നിന്നാണ് ശമ്പളം നൽകിയത്. എതിര്‍പ്പുള്ള സിഐടിയുവിനെ ഗതാഗതമന്ത്രി നാളെ ചര്‍ച്ചയ്ക്ക് വിളിച്ചു.

കോഴിക്കോട്ട് രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ മർദ്ദിച്ച സംഭവം: 6 പേർക്കെതിരെ കേസ് 

ഫാത്തിമ ആശുപത്രിയിൽ ഡോക്ടറെ, രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ 6 പേർക്കെതിരെ കേസ്. ചികിത്സ വൈകിയെന്നാരോപിച്ച് ഡോ. അശോകനെ മർദ്ദിച്ച സംഭവത്തിലാണ് നടപടി. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

നാളത്തെ ഐഎംഎ പണിമുടക്കിന് സർക്കാർ ഡോക്ടർമാരുടെ പിന്തുണ

ഐഎംഎയുടെ നാളത്തെ പണിമുടക്കിന് പിന്തുണ അറിയിച്ച് സർക്കാർ ഡോക്ടർമാർ. സർക്കാർ ഡോക്ടർമാർ നാളെ അവധി എടുത്ത് ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കും. നാളെ സംസ്ഥാനം ഒട്ടാകെ പ്രതിഷേധ ദിനമായി ആചരിക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗം, ലേബർ റൂം, എമർജൻസി എന്നിവ മുടങ്ങില്ല. കോഴിക്കോട് ഡോക്ടർക്ക് എതിരായുണ്ടായ അതിക്രമത്തിൽ ആണ് പ്രതിഷേധം.
 

PREV
click me!

Recommended Stories

അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ? ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം
നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും