ഭരണകൂടത്തിന്‍റെ വിവിധ ഏജന്‍സികളെ ഉപയോഗിച്ച് മാധ്യമങ്ങളെ വരുതിയിലാക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി.
കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിന്‍റെ കോഴിക്കോട് ഓഫീസിൽ പൊലീസ് നടത്തിയ പരിശോധന ഭരണകൂട ഭീകരതയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ പ്രതികാര മനോഭാവത്തോടെ പെരുമാറുകയാണെന്നും ഇത് ജനാധിപത്യത്തിനും പത്രമാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്നും ചെന്നിത്തല പ്രതികരിച്ചു. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഠിച്ച് കൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്കെതിരെ ഡോക്യുമെന്‍ററിയെടുത്തെന്ന പേരില്‍ കേന്ദ്രം ബിബിസിയെ വേട്ടയാടി, ഇവിടെ പിണറായി വിജയന്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.
പുരോഗമന സമൂഹത്തിന് സര്‍ക്കാരിന്‍റെ ഈ സമീപനം അംഗീകരിക്കാനാവില്ല. ആളുകളെ ഭീഷണിപ്പെടുത്തുകയാണ് പൊലീസ് ചെയ്യുന്നത്. അധികാരം കൈയ്യിലുണ്ടെന്ന് കരുതി സര്‍ക്കാര്‍ ധിക്കാരവും അങ്കാരവും കാണിക്കുന്നു. തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ നിയമനടപടി സ്വീകരിക്കാം. പക്ഷേ ഒരു മാധ്യമ സ്ഥാപനത്തിന് നേരെ നടക്കുന്ന സംഘടിത നീക്കം അഗീകരിക്കാനാവില്ല. കേരളത്തിലെ മാധ്യമങ്ങള്‍ എത്ര വാര്‍ത്തകള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നല്‍കുന്നുണ്ട്. ആരും പരാതി കൊടുക്കുകയോ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിന് നേരെ നടക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിന് നേരെ നടക്കുന്ന പരാതിയും പരിശോധനയും ഫാസിസത്തിന്‍റെ ഏറ്റവും ക്രൂരമായ രൂപമാണെന്ന് കെകെ രമ എംഎല്‍എ പ്രതികരിച്ചു. ഏത് നാട്ടിലാണ് ജീവിക്കുന്നത്. തങ്ങള്‍ക്കെതിരെ വാര്‍ത്ത ചെയ്യുന്നവരെ, തുറന്നുകാട്ടുന്നവരെ വെറുതെ വിടില്ല എന്നാണ് സിപിഎം ഇതിലൂടെ പറയുന്നത്. എല്ലാ കാലത്തും മാധ്യമങ്ങള്‍ അനീതിക്കെതിരെ നിലപാടെടുക്കുന്നവരാണ്. സോളാര്‍ കേസടക്കം യുഡിഎഫിനെതിരെ എത്ര വാര്‍ത്ത വന്നു. പക്ഷേ ആരും മാധ്യമങ്ങളെ ആക്രമിച്ചില്ല. എന്നാല്‍ പിണറായിക്കെതിരെ വാര്‍ത്ത വന്നത് കൊണ്ട് ഏഷ്യാനെറ്റിനെ ടാര്‍ജറ്റ് ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പാര്‍ട്ടി ചാനല്‍ തെരഞ്ഞെടുപ്പ് സമയത്ത് എനിക്കെതിരെ വ്യാജ വാര്‍ത്ത കൊടുത്തിരുന്നു. യഥാര്‍ത്ഥ ഫാസിസം ഇതാണ്- രമ പറഞ്ഞു.
ഭരണകൂടത്തിന്‍റെ വിവിധ ഏജന്‍സികളെ ഉപയോഗിച്ച് മാധ്യമങ്ങളെ വരുതിയിലാക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. സര്‍ക്കാരിന്‍റെ അറിവോടും ഒത്താശയോടും കൂടെയാണ് കഴിഞ്ഞ ദിവസം കൊച്ചി ഓഫീസില്‍ നടന്ന എസ്എഫ്ഐയുടെ അക്രമമെന്നത് ഉറപ്പിക്കുന്നതാണ് ഇന്നത്തെ പൊലീസിന്‍റെ നടപടി. എസ്എഫ്ഐ ആക്രമണത്തിനെതിരെ പ്രതിഷേധം ഉണ്ടായതിന് ശേഷം പൊലീസിനെ ഉപയോഗിച്ച് മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ശ്രമം നടക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ സമാന സ്വഭാവമുള്ള നടപടിയാണ് ഇടത് സര്‍ക്കാരും ചെയ്യുന്നതെന്നും എന്‍കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു.
Read More : 'നടപടി ഭരണകൂട ഭീകരത, പൊലീസിനെ ദുരുപയോഗിക്കുന്നു'; ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ പരിശോധനക്കെതിരെ മുൻ ഡിജിപി
ഇന്ന് 11 മണിയോടെയാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധനയ്ക്കെത്തിയത്. പിവി അൻവര്‍ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വെള്ളയിൽ പൊലീസാണ് പരിശോധന നടത്തിയത്. ജില്ല ക്രൈം ബ്രാഞ്ച് അസി. കമ്മീഷണര്‍ വി.സുരേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധനയ്ക്കെത്തിയത്.
വെള്ളയിൽ സിഐ ബാബുരാജ് , നടക്കാവ് സി.ഐ ജിജീഷ് ടൗണ്‍ എസ്ഐ വി.ജിബിൻ, എ.എസ്ഐ ദീപകുമാര്‍, സിപിഒമാരായ ദീപു.പി, അനീഷ്, സജിത.സി എന്നീ പൊലീസ് ഉദ്യോഗസ്ഥരും സൈബര്‍ സെൽ ഉദ്യോഗസ്ഥൻ ബിജിത്ത് എൽ.എ തഹസിൽദാര്‍ സി.ശ്രീകുമാര്‍, പുതിയങ്ങാടി വില്ലേജ് ഓഫീസര്‍ എം.സാജൻ എന്നിവരടങ്ങിയ സംഘമാണ് ഓഫീസിൽ പരിശോധനയ്ക്ക് എത്തിയത്. കോഴിക്കോട് ലാൻഡ് റവന്യൂ തഹസിൽദാർ സി. ശ്രീകുമാറും സംഘത്തിലുണ്ട്. സെര്‍ച്ച് വാറണ്ടില്ലെന്നും പൊലീസിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത് എന്നുമാണ് അസി. കമ്മീഷണര്‍ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
Read More : ഏഷ്യാനെറ്റ് ന്യൂസിൻ്റെ കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധന

