മദ്യനയ കേസിൽ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയലക്ഷ്യത്തോടെ ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ ശക്തമാക്കുന്നത്
ദില്ലി: കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗത്തിനെതിരെ പ്രധാനമന്ത്രിക്ക് പ്രതിപക്ഷപാർട്ടികളുടെ കത്ത്. അരവിന്ദ് കെജ്രിവാളും മമതയും അഖിലേഷ് യാദവുമടക്കമുള്ള ഒൻപത് നേതാക്കൾ ഒപ്പിട്ടാണ് കത്തയച്ചത്. ബിജെപി ഭരണത്തിലില്ലാത്തെ സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ അനാവശ്യ ഇടപെടലിനെതിരെയും കത്തിൽ പരാതിപ്പെടുന്നു. കോൺഗ്രസും ഇടത് പാർട്ടികളും കത്തിൽ ഒപ്പിട്ടിട്ടില്ല.
മദ്യനയ കേസിൽ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയലക്ഷ്യത്തോടെ ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ ശക്തമാക്കുന്നത്. ഇത്തരം നടപടികൾ രാജ്യത്തെ ജനാധിപത്യത്തിൽനിന്നും ഏകാധിപത്യത്തിലേക്ക് മാറ്റിയെന്ന് കത്തിൽ ആരോപിക്കുന്നു. ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു, തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, ദില്ലി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, എൻസിപി നേതാവ് ശരദ് പവാർ, ശിവസേന നേതാവ് ഉദ്ദവ് താക്കറെ, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
ബിജെപിയിൽ ചേരുന്ന നേതാക്കൾക്കെതിരെയുള്ള അന്വേഷണം നിലയ്ക്കുമ്പോൾ പ്രതിപക്ഷത്തുള്ള നേതാക്കളെ വേട്ടയാടുന്നത് തുടരുകയാണെന്നും കത്തിൽ പറയുന്നു. ലാലുപ്രസാദ് യാദവ്, അസംഖാൻ, നവാബ് മാലിക്ക്, അനിൽ ദേശ്മുഖ്, അഭിഷേക് ബാനർജി എന്നിവർക്കെതിരായ കേസുകളും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ ഭരണഘടനാ വിരുദ്ധമായി ഗവർണർമാർ ഇടപെടുന്നുവെന്നും കത്തിൽ ആരോപിക്കുന്നു. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിൽ ഭിന്നതയുടെ മുഖമായി ഗവർണർമാർ മാറിയെന്നും കത്തിൽ പറയുന്നു. അതേസമയം കത്തില്‍ ഒപ്പിടാത്തതിനോട് കോണ്‍ഗ്രസോ ഇടത് പാര്‍ട്ടികളോ പ്രതികരിച്ചിട്ടില്ല.. നിർണായക ലോക്സഭാ തെരഞ്ഞെടുപ്പടുക്കവേ കോൺഗ്രസ് ഇതര പ്രതിപക്ഷ ഐക്യം പല വിഷയങ്ങളിലും ദൃശ്യമാണ്.
