'ഷാറൂഖ് 11 ദിവസം കസ്റ്റഡിയിൽ, ഓൺലൈൻ ഗെയ്മുകൾക്ക് പൂട്ട്, അനിലിന് ദേശീയ റോൾ, ബിജെപിയും കാരണവൻമാരും' -10 വാർത്ത

Published : Apr 07, 2023, 06:12 PM ISTUpdated : Apr 07, 2023, 06:14 PM IST
'ഷാറൂഖ് 11 ദിവസം കസ്റ്റഡിയിൽ, ഓൺലൈൻ ഗെയ്മുകൾക്ക് പൂട്ട്, അനിലിന് ദേശീയ റോൾ, ബിജെപിയും കാരണവൻമാരും' -10 വാർത്ത

Synopsis

 ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം. വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധിക്കും. 2021-ലെ ഐ ടി ഇന്റർമീഡിയറി ചട്ടങ്ങളാണ് ഭേദഗതി ചെയ്യുന്നത്.

1. എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫി 11 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ, കോടതി പരിസരത്ത് വൻ സുരക്ഷ

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പതിനൊന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് പൊലീസ് പ്രതിയുമായി കോടതിയിലേക്കെത്തിയത്. കോടതി പരിസരത്തും വൻ സുരക്ഷയാണ് പൊലീസൊരുക്കിയത്. പ്രതിയെ കോടതിയിൽ നിന്നും മാലൂർക്കുന്ന് എ ആർ ക്യാമ്പിൽ എത്തിക്കും. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ് പാൽമീണ മാലൂർ ക്യാമ്പിലെത്തിച്ചേർന്നിട്ടുണ്ട്. അവിടെവെച്ചാകും ആദ്യം ചോദ്യംചെയ്യുക. അതിന് ശേഷം തെളിവെടുപ്പും നടത്തും.  

2. വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധിക്കും; അന്തിമ വിജ്ഞാപനം ഇറക്കി കേന്ദ്രം

 ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം. വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധിക്കും. 2021-ലെ ഐ ടി ഇന്റർമീഡിയറി ചട്ടങ്ങളാണ് ഭേദഗതി ചെയ്യുന്നത്. ജനുവരിയിൽ കരടുനയം പുറത്തിറക്കിയിരുന്നു. പതിനെട്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഗെയിം കളിക്കുന്നതിന് രക്ഷിതാക്കളുടെ അനുമതി വേണമെന്ന വ്യവസ്ഥയും ചട്ടത്തിലുണ്ട്. രാജ്യത്ത് ആദ്യമായാണ് ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണ സംവിധാനം കൊണ്ടുവരുന്നതെന്ന് കേന്ദ്ര ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

3. 'എം വി ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ല, ആരോപണം കെട്ടിച്ചമച്ചത്'; വിജേഷ് പിള്ളയെ ചോദ്യം ചെയ്ത് വിട്ടയച്ചു

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണത്തിൽ വിജേഷ് പിള്ളയെ പ്രത്യേക സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. എം വി ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ലെന്നും ആരോപണം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നും വിജേഷ് പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിസിനസ് ആവശ്യത്തിന് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയിട്ടുണ്ടാകാം, അത് തനിക്ക് അറിയില്ലെന്നും 30 കോടിയും കൊല്ലുമെന്നുള്ള കഥയും സ്വപ്ന സുരേഷ് ഉണ്ടാക്കിയതാണെന്നും വിജേഷ് പിള്ള പറഞ്ഞു.

4. 174 കുടുംബങ്ങള്‍ക്ക് 'ലൈഫില്‍' വീട്; നാല് ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം നാളെ

ലൈഫ് മിഷന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നാല് ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍, കൊല്ലം ജില്ലയിലെ പുനലൂര്‍, കോട്ടയം ജില്ലയിലെ വിജയപുരം, ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ എന്നിവടങ്ങളിലാണ് ഭവന സമുച്ചയങ്ങള്‍. 174 കുടുംബങ്ങള്‍ക്കാണ് നാളെ മുതല്‍ വീട് സ്വന്തമാകുന്നത്. 
രണ്ട് ബെഡ്‌റൂമും ഒരു ഹാളും അടുക്കളയുമുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ക്കെല്ലാം പൊതുവായ ഇടനാഴിയും കുഴല്‍കിണറും കുടിവെള്ള സംഭരണിയും മാലിന്യ സംസ്‌കരണ സംവിധാനവും ജനറേറ്ററും സോളാര്‍ ലൈറ്റ് സംവിധാനവുമുണ്ട്. 

5. മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധം ശക്തം

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ച് മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ. കോടതി വിധി വന്നതിന് പിന്നാലെ അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെ ജനങ്ങൾപ്രദേശത്ത് പ്രതിഷേധിക്കുകയാണ്. മുതലമട പഞ്ചായത്തിൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. അരിക്കൊന്പനെ പറന്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ മുതലമട പഞ്ചായത്ത് കോടതിയെ സമീപിച്ചിരിക്കുകയാണ്. ആറ് പഞ്ചായത്തുകളെ ബാധിക്കുമെന്നാണ് ഇവരുടെ വാദം. സമരത്തിന് ജനകീയസമിതി രൂപീകരിക്കാനും സർവകക്ഷിയോഗത്തിൽ തീരുമാനമായി. 

6.സ്വർണ്ണക്കള്ളക്കടത്ത് കേസ്; മുഖ്യസൂത്രധാരൻ റമീസ് റിമാന്റിൽ, അന്വേഷണം ഊർജിതമാക്കി ഇഡി

സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യസൂത്രധാരൻ കെ ടി റമീസ് റിമാന്റിൽ. സ്വര്‍ണകള്ളക്കടത്ത് കേസിൽ ഇഡി അന്വേഷണം സജീവമാക്കി. ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയ ശേഷം റമീസിനെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ റമീസിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. വിദേശത്ത് നിന്ന് സ്വര്‍ണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് കെ ടി റമീസ് ആണെന്നാണ് കണ്ടെത്തൽ. റമീസിനെ ഇഡി കസ്റ്റഡിയില്‍ വാങ്ങും. റമീസിനെ നേരത്തെ എന്‍ഐഎയും കസ്റ്റംസും അറസ്റ്റ് ചെയ്തിരുന്നു.

7. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ കണ്ടു; അനിൽ ആന്‍റണിക്ക് വൈകാതെ ദേശീയ റോൾ കിട്ടുമെന്ന് സൂചന

ബിജെപിയിൽ ചേർന്ന മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആൻ്റണി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ കണ്ടു. ഇതോടെ അനിൽ ആൻ്റണിക്ക് വൈകാതെ ദേശീയതലത്തിലെ പദവി ലഭിച്ചേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അനിൽ ആൻ്റണിയെ ബിജെപിയിൽ എത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താല്പര്യമെടുത്തെതിനെ തുടർന്നാണ് എന്നാണ് വിവരം. അതേസമയം, വഞ്ചകൻ താനല്ലെന്നും രാജ്യത്തെ വഞ്ചിക്കുന്നത് ചില കോൺഗ്രസ് നേതാക്കളാണെന്നും അനിൽ ആൻ്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

8. അനിൽ ഒരു തുടക്കം മാത്രം,ലോക്സഭാതെരഞ്ഞെടുപ്പിന് മുമ്പ് അമ്പരിപ്പിക്കുന്ന വരവുകൾ ഇനിയുമേറെയുണ്ടാകുമെന്ന് ബിജെപി

ഈ മാസം 25 ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിക്കൊപ്പം അനിൽ ആന്‍റണിയേയും പങ്കെടുപ്പിക്കാൻ ബിജെപി. യുവാക്കളുമായുള്ള മോദിയുടെ സംവാദ പരിപാടി സംസ്ഥാനത്ത് അനിലിന്‍റെ  പാർട്ടിയിലെ അരങ്ങേറ്റ വേദിയാക്കി മാറ്റാനാണ് തീരുമാനം.എകെ ആൻറണിയുടെ മകനെ കേരളത്തിൽ ബിജെപി എങ്ങിനെയാകും രംഗത്തിറക്കുക എന്ന ആകാംക്ഷ ഇന്നലെ മുതൽ ഉണ്ടായിരുന്നു. മോദിക്കൊപ്പം തന്നെ വൻ പ്രാധാന്യത്തോടെ അനിലിനെ അവതരിപ്പിക്കാനാണ് ബിജെപി തീരുമാനം. യുവാക്കളുമായുള്ള കൊച്ചിയിലെ പ്രധാനമന്ത്രിയുടെ സംവാദ പരിപാടി യുവം നേരത്തെ നിശ്ചയിച്ചതാണ്. 

9.'ബിജെപിയിലേക്ക് മക്കൾ മാത്രമല്ല കാരണവന്മാരും വരും'; ഇടതുപക്ഷത്ത് നിന്നും ആളുകൾ വരുമെന്ന് എ എൻ രാധാകൃഷ്ണൻ

ബിജെപിയിലേക്ക് മക്കൾ മാത്രമല്ല കാരണവന്മാരും വരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ. എ കെ ആന്‍റണിയെ ബിജെപി ഒരിക്കലും അപമാനിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ മകൻ ബിജെപിയിലേക്ക് വന്നത് വലിയ മുതൽക്കൂട്ടാണെന്നും രാധാകൃഷ്ണൻ പറഞ്ഞു. ഇടതുപക്ഷത്ത് നിന്നും ആളുകൾ ബിജെപിയിലേക്ക് വരുമെന്ന് എ എൻ രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. അതേസമയം, അനിൽ ആന്‍റണിയുടെ ബിജെപി പ്രവേശനം കേരളത്തിൽ ഗുണകരമായുള്ള മാറ്റത്തിന് വഴിയൊരുക്കുമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞു. 

10. കോഴിക്കോട് മാലിന്യ കരാര്‍; സോണ്‍ടയ്ക്ക് വേണ്ടി മുൻ ചീഫ് സെക്രട്ടറി ടോം ജോസും ഇടപെട്ടുവെന്ന് ഇടനിലക്കാരന്‍

ബ്രഹ്മപുരത്തെ വിവാദ കമ്പനിയായ സോണ്‍ട ഇൻഫ്രാടെക്കിനായി മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസുമായി കൂടിക്കാഴ്ച നടത്തിയെന്ന് കൊച്ചിയിലെ ഇടനിലക്കാരൻ അജിത്ത് കുമാർ. സോണ്‍ട പ്രതിനിധികളുടെ ആവശ്യപ്രകാരമാണ് അന്ന് കൊച്ചിയിൽ ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്‍ എംഡിയായിരുന്നപ്പോൾ ടോം ജോസിനെ കണ്ടത്. ടോം ജോസ് സംസ്ഥാന ചീഫ് സെക്രട്ടറിയായപ്പോഴാണ് മുഖ്യമന്ത്രിക്കൊപ്പം വിദേശ സന്ദർശനത്തിൽ സോണ്‍ടയുടെ പ്രതിനിധികളെ കാണുന്നതും പിന്നാലെ കരാർ അനുവദിക്കുന്നതെന്നും ഇടനിലക്കാന്‍ വെളിപ്പെടുത്തി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന്‍റെ എല്ലാ വാദങ്ങളും തള്ളി, കോടതിയിലേറ്റത് കനത്ത പ്രഹരം, ബലാത്സംഗം തന്നെ, ഉഭയസമ്മത പ്രകാരമല്ല ലൈംഗിക ബന്ധം; ജാമ്യം തള്ളിയ വിധി പകർപ്പ് പുറത്ത്
മുഖ്യ തെര. കമ്മീഷണറെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍, ഹിയറിങ്ങില്‍ ആശങ്ക അറിയിച്ചു