അനിൽ ആൻ്റണിയെ ബിജെപിയിൽ എത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താല്പര്യമെടുത്തെതിനെ തുടർന്നാണ് എന്നാണ് വിവരം.

ദില്ലി: ബിജെപിയിൽ ചേർന്ന മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആൻ്റണി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ കണ്ടു. ഇതോടെ അനിൽ ആൻ്റണിക്ക് വൈകാതെ ദേശീയതലത്തിലെ പദവി ലഭിച്ചേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അനിൽ ആൻ്റണിയെ ബിജെപിയിൽ എത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താല്പര്യമെടുത്തെതിനെ തുടർന്നാണ് എന്നാണ് വിവരം. അതേസമയം, വഞ്ചകൻ താനല്ലെന്നും രാജ്യത്തെ വഞ്ചിക്കുന്നത് ചില കോൺഗ്രസ് നേതാക്കളാണെന്നും അനിൽ ആൻ്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ബിജെപി അസ്ഥാനത്തെത്തി ഇന്നലെ അനിൽ ആൻ്റണി പാർട്ടിയിൽ ചേർന്നത് മുതിർന്ന നേതാക്കളുമായി കഴിഞ്ഞ ഒരു മാസമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് എന്നാണ് പുറത്ത് വരുന്ന വിവരം. പ്രധാനമന്ത്രിയാണ് ഇക്കാര്യത്തിൽ താല്പര്യമെടുത്തത്. തീരുമാനമായ ശേഷമാണ് കേരള നേതാക്കളെ കേന്ദ്രനേതൃത്വം ഇക്കാര്യം അറിയിച്ചത്. ഏറെ നാൾ ആലോചിച്ച് എടുത്ത തീരുമാനമെന്നും ബിജെപി മതേതര പാർട്ടിയല്ല എന്ന നിലപാടില്ലെന്നും അനിൽ ആൻ്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ടോ മുന്നോ നേതാക്കൾക്ക് വേണ്ടി കോൺഗ്രസ് രാജ്യവിരുദ്ധ നിലപാട് സ്വീകരിക്കുകയാണെന്നും അനിൽ ആൻ്റണി കുറ്റപ്പെടുത്തി.

കുടുംബത്തിൽ എല്ലാർവർക്കും ഒരേ നിലപാടല്ല എന്നായിരുന്നു സഹോദരൻ അജിത് ആൻ്റണിയുടെ പ്രസ്താവനയോട് അനിലിൻറെ പ്രതികരണം. പ്രതിരോധമന്തി രാജ്നാഥ് സിംഗുമായി ഒരു മണിക്കൂറോളം അനിൽ ആൻ്റണി ഇന്ന് സംസാരിച്ചു. കൂടുതൽ മന്ത്രിമാരെ അനിൽ കാണും. ദേശീയതലത്തിൽ പദവി നല്കുമ്പോഴും കേരളത്തിലെ പാർട്ടിയുടെ നീക്കങ്ങളിൽ അനിലിനെ സജീവ പങ്കാളിയാക്കും എന്ന സൂചനയാണ് ബിജെപി നേതാക്കൾ നല്കുന്നത്.