
1. മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി; ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി
പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി. ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി. ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കേരളത്തിലുള്ള പിതാവിനെ കാണാൻ വരാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജി ഇന്നാണ് പരിഗണിച്ചത്. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ആയുർവേദ ചികിത്സ അനിവാര്യമാണ്. പിതാവിന്റെ ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തെ കാണണം. കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാൽ കർണാടകയിൽ ഇനി കഴിയേണ്ട കാര്യമില്ലെന്നും മഅദനി ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
2. താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ കർണാടകത്തിൽ നിന്ന് കണ്ടെത്തി
താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. കർണാടകയില്‍ നിന്നാണ് കണ്ടെത്തിയത്. രാത്രിയോടെ ഇയാളെ താമരശ്ശേരിയിൽ എത്തിക്കും. പ്രത്യക അന്വേഷണ സംഘമാണ് കർണാടകയിൽ വെച്ച് ഷാഫിയെ കണ്ടെത്തിയത്. ഏപ്രിൽ ഏഴാം തീയതിയാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. കർണാടകയിൽ എവിടെ വെച്ചാണ് ഇയാളെ കണ്ടെത്തിയതെന്ന കാര്യം അന്വേഷണസംഘം സ്ഥിരീകരിക്കുന്നില്ല. പത്ത് ദിവസത്തോളമായി ഷാഫിയെ കാണാതായിട്ട്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഷാഫിയെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഷാഫിയുടെ ഭാര്യയെ വഴിയിൽ ഉപേക്ഷിച്ച ശേഷം ഇയാളെയും കൊണ്ട് കടന്നു കളയുകയായിരുന്നു.
ക്രിസ്റ്റ്യൻ പുരോഹിതൻ (പാസ്റ്റര്‍) നിര്‍ദേശ പ്രകാരം കാട്ടിനുള്ളിൽ ഉപവാസം അനുഷ്ടിച്ച നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കെനിയയിലെ തീരദേശ കിലിഫി കൗണ്ടിയിൽ ആണ് സംഭവം. ആരാധനയുടെ ഭാഗമായി യേശുദേവനെ കാണാൻ കാട്ടിനുള്ളിൽ പട്ടിണി കിടക്കാൻ പാസ്റ്റര്‍ നിര്‍ദ്ദേശിച്ചതിന തുടര്‍ന്ന് ഉപവാസം ഇരുന്നവരാണ് മരിച്ചത്. കൂടാതെ 11-ഓളം പേരെ അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ന്യൂസ് വീക്കിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മഗരിനി മണ്ഡലത്തിലെ ഷാകഹോല ഗ്രാമ വാസികളായ ഗുഡ് ന്യൂസ് ഇന്റർനാഷണൽ പള്ളിയിലെ 15 വിശ്വാസികൾ ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ കാട്ടിൽ പ്രാര്‍ത്ഥന നടത്തി വരികയായിരുന്നു. ഇതിൽ നാല് പേര്‍ മരണത്തിന് കീഴടങ്ങിയെന്നാണ് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് പറയുന്നത്.
4. 'ഭിന്നവിധി ആക്ഷേപത്തിൽ കഴമ്പില്ല', വിശദീകരണവുമായി ലോകായുക്ത, ആസാധാരണ നടപടി
ദുരിതാശ്വാസ നിധി വകമാറ്റൽ കേസ് വിധിയിൽ ന്യായീകരണവുമായി ലോകായുക്ത. ഭിന്ന വിധി ആക്ഷേപത്തിൽ കഴമ്പില്ലെന്ന് ലോകായുക്ത പ്രസ് റിലീസിൽ വിശദീകരിച്ചു. അസാധാരണ വാർത്താകുറിപ്പ് ഇറക്കിയാണ് വിശദീകരണം. വ്യത്യസ്ത ഉത്തരവ് വായിക്കണമെന്ന് നിർബന്ധമില്ല. വിധി വിശദീകരിക്കാൻ നിയമപരമായി ബാധ്യതയില്ലെന്നുമാണ് വാർത്താക്കുറിപ്പിൽ ലോകായുക്ത പറയുന്നത്. മുഖ്യമന്ത്രി ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിനും ലോകായുക്ത വാർത്താ കുറിപ്പിലൂടെ വിശദീകരണം നൽകിയിരിക്കുന്നു. വ്യക്തി വിളിച്ച വിരുന്നിലല്ല മുഖ്യമന്ത്രി വിളിച്ച വിരുന്നിലാണ് പങ്കെടുത്തത്.
മുഖത്ത് ദേശീയ പതാകയുടെ ചിത്രം പെയിന്റ് ചെയ്ത യുവതിക്ക് സുവര്‍ണ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ശിരോമണി ഗുരുദ്വാര പര്‍ബന്ദക് കമ്മിറ്റി. ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ശിരോമണി ഗുരുദ്വാര പര്‍ബന്ദക് പ്രതിനിധിയുടെ പ്രതികരണം. അതേസമയം, യുവതിയുടെ മുഖത്തെ ചിത്രം ദേശീയ പതാകയുടേതല്ലെന്നും അതില്‍ അശോക ചക്രമുണ്ടായിരുന്നില്ലെന്നും ഗുരുദ്വാര പര്‍ബന്ദക് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഗുരുചരണ്‍ സിംഗ് പറഞ്ഞു.
6.'സർവ്വീസ് തുടങ്ങുമ്പോൾ വന്ദേ ഭാരത് കൂടുതൽ വേഗത കൈവരിക്കും', മികച്ച അനുഭവമെന്ന് ലോക്കോ പൈലറ്റ്
വന്ദേ ഭാരത് കേരളത്തിലൂടെ കൂടുതൽ വേഗത്തിൽ ഓടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണൂരിലേക്കുള്ള ട്രയൽ റണ്ണിന് നേതൃത്വം നൽകിയ ലോകോ പൈലറ്റ് എം ഐ കുര്യാക്കോസ്. ഷൊർണൂർ പിന്നിട്ടപ്പോൾ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ ആണ് സഞ്ചരിച്ചതെന്നും ട്രയൽ റൺ മികച്ച അനുഭവം ആയിരുന്നുവെന്നും ലോക്കോ പൈലറ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി വന്ദേ ഭാരത് എക്സ്പ്രസ് കണ്ണൂരിലെത്തിയപ്പോൾ വലിയ സ്വീകരണമാണ് നൽകിയത്.
7. ഷാറൂഖ് സെയ്ഫി തീവ്ര മൗലികവാദി; സാക്കിർ നായികിന്റെ വീഡിയോ നിരന്തരം കണ്ടെന്നും എഡിജിപി
കോഴിക്കോട്: കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസ് പ്രതി തീവ്ര മൗലികവാദിയാണെന്ന് എഡിജിപി എംആർ അജിത് കുമാർ. ഷാറൂഖ് സെയ്ഫിയാണ് കുറ്റകൃത്യം ചെയ്തതെന്ന് വ്യക്തമായി. തീവ്ര മൗലികവാദിയാണ് പ്രതി. സാക്കിർ നായ്ക്, ഇസ്രാ അഹമ്മദ് തുടങ്ങി മൗലികവാദികളായ ആളുകളുടെ വീഡിയോസും മറ്റും നിരന്തരം നോക്കിയ ആളാണ്. പ്രതി മൗലികവാദിയാണ്. അക്രമം ചെയ്യാൻ ആസൂത്രണം ചെയ്താണ് പ്രതി കേരളത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
8. 'ജീവിച്ചിരിക്കുന്ന രക്തസാക്ഷി, കാലുവാരി തോൽപ്പിച്ചു, ത്യാഗം സഹിച്ചു'; രാജിയെ കുറിച്ച് വിക്ടർ ടി തോമസ്
കേരള കോൺഗ്രസ് (ജോസഫ് ) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സ്ഥാനവും യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും രാജി വെച്ചതായി വിക്ടർ ടി തോമസ്. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു വിക്ടർ ടി തോമസ്. കേരള കോൺഗ്രസ് (ജോ) ജില്ലയിൽ കടലാസ് സംഘടന മാത്രം ആയെന്നും ജില്ലയിലെ പുന:സംഘടനയും ഭാരവാഹി തെരഞ്ഞെടുപ്പും അറിയിച്ചില്ലെന്നും വിക്ടർ ടി തോമസ് പറഞ്ഞു. സാധാരണ പ്രവർത്തകർക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ കഴിയുന്നില്ല. യുഡിഎഫിലും തനിക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ല. യുഡിഎഫിന് വേണ്ടി കുറെ ത്യാഗം സഹിച്ചു. പൊലീസ് മർദ്ദനം ഏറ്റുവാങ്ങി. തിരുവല്ലയിൽ 2006, 2011 ലും യുഡിഎഫ് നേതാക്കൾ തന്നെ കാലുവാരി തോൽപ്പിച്ചെന്നും യുഡിഎഫിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ആണ് താനെന്നും വിക്ടർ പറഞ്ഞു.
9. ആദ്യ പരീക്ഷണയോട്ടം പൂർത്തിയാക്കി വന്ദേഭാരത്, ഏഴ് മണിക്കൂർ ഒമ്പത് മിനുട്ടിൽ കണ്ണൂരിൽ
വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ പരീക്ഷണ ഓട്ടം പൂർത്തിയായി. പുലർച്ചെ 5.10 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 12. 19ന് കണ്ണൂരിൽ എത്തി. ഏഴ് മണിക്കൂർ ഒമ്പത് മിനുട്ട് പിന്നിട്ടാണ് ട്രെയിൻ കണ്ണൂരിലെത്തിയത്. ട്രെയിൻ എത്തിയതോടെ സ്വീകരിക്കാൻ ബിജെപി പ്രവർത്തകരും വിവിധ സംഘടനകളും സ്റ്റേഷനുകളിൽ എത്തിയിരുന്നു. വന്ദേഭാരത് കണ്ണൂരിലെത്തിയതോടെ ലോക്കോ പൈലറ്റുമാരെ ബിജെപിയും മറ്റ് സങ്കടനകളും ചേർന്ന് സ്വീകരിച്ചു.
ധര്‍മ്മടം എസ്.എച്ച്.ഒ കെ.വി സ്മിതേഷിനെതിരെ ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നും ഇതിലൂടെ എന്ത് സന്ദേശമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമം നടപ്പാക്കേണ്ട പൊലീസ് അപരിഷ്‌കൃതവും മനുഷ്യത്വരഹിതവുമായാണ് പെരുമാറുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ധര്‍മ്മടത്ത് കണ്ടത്. പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സര്‍ക്കാരിനും സിപിഎമ്മിനും വേണ്ടപ്പെട്ടവര്‍ എത്ര വലിയ ക്രിമിനല്‍ ആയാലും സംരക്ഷിക്കുമെന്ന സന്ദേശമാണ് ധര്‍മ്മടത്തും നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam