പാസ്റ്ററുടെ വാക്കുകേട്ട് ഉപവാസമിരുന്ന നാലുപേര്‍ കാട്ടിനുള്ളിൽ മരിച്ചു

ക്രിസ്റ്റ്യൻ പുരോഹിതൻ (പാസ്റ്റര്‍) നിര്‍ദേശ പ്രകാരം കാട്ടിനുള്ളിൽ ഉപവാസം അനുഷ്ടിച്ച നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കെനിയയിലെ തീരദേശ കിലിഫി കൗണ്ടിയിൽ ആണ് സംഭവം. ആരാധനയുടെ ഭാഗമായി യേശുദേവനെ കാണാൻ കാട്ടിനുള്ളിൽ പട്ടിണി കിടക്കാൻ പാസ്റ്റര്‍ നിര്‍ദ്ദേശിച്ചതിന തുടര്‍ന്ന് ഉപവാസം ഇരുന്നവരാണ് മരിച്ചത്. കൂടാതെ 11-ഓളം പേരെ അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ന്യൂസ് വീക്കിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

മഗരിനി മണ്ഡലത്തിലെ ഷാകഹോല ഗ്രാമ വാസികളായ ഗുഡ് ന്യൂസ് ഇന്റർനാഷണൽ പള്ളിയിലെ 15 വിശ്വാസികൾ ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ കാട്ടിൽ പ്രാര്‍ത്ഥന നടത്തി വരികയായിരുന്നു. ഇതിൽ നാല് പേര്‍ മരണത്തിന് കീഴടങ്ങിയെന്നാണ് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് പറയുന്നത്. യേശുവിനെ കാണാനായി കാത്തിരക്കുമ്പോൾ, ഉപവസിക്കണമെന്ന് പാസ്റ്റര്‍ പറ‍ഞ്ഞതാണെന്നാണ് പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നത്. ദിവസങ്ങളോളം ഇത്തരത്തിൽ താമസിച്ചിരുന്ന വനത്തിൽ നിന്നാണ് സംഘത്തെ കണ്ടെത്തിയത്. 

വനപ്രദേശത്ത് ഇത്തരം പ്രാര്‍ത്ഥന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. 15 പേരെ കണ്ടെത്തിയെങ്കിലും ഇതിൽ 11 പേരെ മാത്രമാണ് ജീവനോടെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്. ഗുഡ് ന്യൂസ് ഇന്റര്‍നാഷണൽ ചര്‍ച്ച് പാസ്റ്റര്‍ മാക്കൻസീ ന്തെംഗേ അഥവാ പോൾ മാക്കൻസീയാണ് ഇവരെ ബ്രെയിൻ വാഷ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. കൂടുതൽ വേഗത്തിൽ സ്വർഗത്തിൽ പ്രവേശിക്കാനും യേശുവിനെ കാണാനും വേണ്ടി പട്ടിണി കിടക്കാൻ അദ്ദേഹം തന്റെ അനുയായികളെ ഉപദേശിക്കുകയായിരുന്നു.

നേരത്തെ സമാനമായ മറ്റൊരു സംഭവത്തിൽ രണ്ട് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പാസ്റ്റര്‍ പോൾ മാക്കൻസീ ജാമ്യത്തിലാണ്. മരണം ആ കുട്ടികള നായകരാക്കും എന്നായിരുന്നു അന്ന് പാസ്റ്റര്‍ മാതാപിതാക്കളോട് പറഞ്ഞത്. ഈ കുട്ടികളെയും ഇതേ കാട്ടിൽ അടക്കം ചെയ്തെന്നാണ് പൊലീസ് വിവരം. സമുദായ പുരോഹിതരെ ഉൾപ്പെടെ അടക്കം ചെയ്ത കൂട്ട ശവക്കുഴി ഉണ്ടെന്നും, അത് കാട്ടുവാസികളുടെ സഹായത്തിലാണെന്നും സംശയിക്കുന്നതിനാൽ പൊലീസിന് ഈ കേസിൽ കാര്യമായൊന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.