Asianet News MalayalamAsianet News Malayalam

ഇന്നും അടിച്ചുപിരിഞ്ഞു; ഭരണ-പ്രതിപക്ഷ ബഹളം, തുടര്‍ച്ചയായ ഏഴാം ദിനവും സ്തംഭിച്ച് പാര്‍ലമെന്‍റ്

സര്‍വകക്ഷി യോഗം വിളിച്ച് നടപടികളുമായി മുന്‍പോട്ട് പോകാനുള്ള സഭാധ്യക്ഷന്മാരുടെ ശ്രമവും പാളി. സംസാരിക്കാന്‍ അനുവദിക്കാതെ സമാന്യ നീതി നിഷേധിക്കപ്പെടുന്നുവെന്ന് പരാതിപ്പെട്ട് സ്പീക്കര്‍ക്ക് രാഹുല്‍ ഗാന്ധി അയച്ച കത്ത് കോണ്‍ഗ്രസ് പുറത്ത് വിട്ടു. 

Parliament adjourned amid logjam seventh consecutive day nvu
Author
First Published Mar 21, 2023, 6:10 PM IST

ദില്ലി: ഭരണപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തുടര്‍ച്ചയായ ഏഴാം ദിനവും സ്തംഭിച്ച് പാര്‍ലമെന്‍റ്. സര്‍വകക്ഷി യോഗം വിളിച്ച് നടപടികളുമായി മുന്‍പോട്ട് പോകാനുള്ള സഭാധ്യക്ഷന്മാരുടെ ശ്രമവും പാളി. സംസാരിക്കാന്‍ അനുവദിക്കാതെ സമാന്യ നീതി നിഷേധിക്കപ്പെടുന്നുവെന്ന് പരാതിപ്പെട്ട് സ്പീക്കര്‍ക്ക് രാഹുല്‍ ഗാന്ധി അയച്ച കത്ത് കോണ്‍ഗ്രസ് പുറത്ത് വിട്ടു. 

അദാനി വിവാദത്തില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം വേണമെന്ന് പ്രതിപക്ഷവും വിദേശത്ത് പ്രധാനമന്ത്രിക്കും, കേന്ദ്രസര്‍ക്കാരിനുമെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞേ മതിയാവൂയെന്ന് ഭരണ പക്ഷം ഇന്ന് പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടു. ഇരുക്കൂട്ടരും നിലപാടിലുറച്ച് നില്‍ക്കുന്നതോടെ സഭാ സ്തംഭനം പതിവ് കാഴ്ച.  അനുനയത്തിനായി രാജ്യസഭ ചെയര്‍മാന്‍ വിളിച്ച യോഗം കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്ക്കരിച്ചു. ലോക് സഭ സ്പീക്കര്‍ വിളിച്ച യോഗത്തില്‍ പ്രതിപക്ഷം പങ്കെടുത്തെങ്കിലും പിന്നീട് ചേര്‍ന്ന സഭയും ബഹളത്തില്‍ മുങ്ങി. സഭ  സമ്മേളനം ചേരുന്നതിന് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ 24 ഫര്‍ഗാനാസിനെ ഈസ്റ്റിന്ത്യ കമ്പനിക്ക് തീറെഴുതിയ ബംഗാള്‍ നാവാബ് മിര്‍ ജാഫറിനെ പോലെയാണ് രാഹുല്‍ ഗാന്ധിയെന്ന് ബിജെപി പരിഹസിച്ചു. 

പാര്‍ലമെന്‍റിനകത്തും പുറത്തും ബിജെപി ആരോപണം ശക്തമാക്കുമ്പോള്‍, ലോക് സഭയില്‍ നിലപാട് വ്യക്തമാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ കത്തിനോട് സ്പീക്കര്‍ പ്രതികരിച്ചിട്ടില്ല. ചട്ടം 357 പ്രകാരം സ്പീക്കറുടെ അനുമതിയോടെ സഭയില്‍ വ്യക്തിഗത വിശദീകരണത്തിന് അനുമതിയുണ്ടെന്നും മുന്‍മന്ത്രി രവിശങ്കര്‍ പ്രസാദിന് ഈ അനുകൂല്യം കിട്ടിയതാണെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി. അദാനി വിവാദത്തില്‍ നിന്ന് രാഹുലിനെതിരായ നീക്കത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ ഭരണപക്ഷ പ്രതിഷേധത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രതിപക്ഷവും നിലപാട് കടുപ്പിക്കുമ്പോള്‍ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം അനിശ്ചിത്വത്തിലാവുകയാണ്.

Follow Us:
Download App:
  • android
  • ios