
തിരുവനന്തപുരം: സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയുള്ള സി ബി ഐയുടെ ക്ലീൻ ചിറ്റ് തന്നെയായിരുന്നു എന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത. ഉമ്മൻചാണ്ടിക്കൊപ്പെ മുൻ കണ്ണൂർ എം പിയും ഇപ്പോൾ ബി ജെ പി നേതാവുമായ എ പി അബ്ദുള്ള കുട്ടിക്കും സി ബി ഐ ക്ലിൻ ചിറ്റ് നൽകിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ സോളാർ പീഡന കേസില്‍ കെ സി വേണുഗോപാലിനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ പരാതിക്കാരി ശ്രമിച്ചെന്നും സി ബി ഐ ചൂണ്ടികാട്ടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രതികരണങ്ങളും പരാതിക്കാരിയുടെ പുതിയ നീക്കവുമെല്ലാം ഇന്ന് കേരളം ശ്രദ്ധയോടെയാണ് കണ്ടത്. ഇതിനൊപ്പം ഇ പി ജയരാജനെതിരായ അഴിമതി ആരോപണം സി പി എം പി ബിയിൽ ചർച്ചയായോ എന്നതും, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ സി പി എം നേതാക്കൾ പങ്കെടുക്കുമോ എന്ന കാര്യത്തിലും ഇന്ന് വ്യക്തത വന്നു. ഇ പിക്കെതിരായ ആരോപണം പി ബിയിൽ ചർച്ചയായില്ലെന്നും ഭാരത് ജോഡോ യാത്രയിൽ സി പി എം നേതാക്കൾ പങ്കെടുക്കില്ലെന്നും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ വ്യക്തമാക്കി. വർക്കലയിൽ പെൺകുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ വാർത്തയാണ് ഇന്ന് ഏറ്റവുമധികം ഞെട്ടിച്ചത്. ഇതടക്കം ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഒറ്റനോട്ടത്തിൽ ചുവടെ അറിയാം
സോളാർ പീഡന കേസ് അന്വേഷിച്ച സി ബി ഐയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും അബ്ദുള്ളകുട്ടിക്കും ക്ലീൻ ചിറ്റ് നൽകിയത്. ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കുട്ടിക്കെതിരായ പരാതിയും സിബിഐ തള്ളി. ഇതോടെ മുഴുവൻ സോളാർ പീഡന കേസുകളിലെയും പ്രതികളും കുറ്റവിമുക്തരായി. വർഷങ്ങളായി കേരള രാഷ്ട്രീയത്തെ പിടുച്ചുകുലുക്കിയ സോളാർ പീഡന ബോംബ് ഒടുവിൽ ആവിയായി മാറുകയായിരുന്നു. ചികിത്സയിലായിരിക്കെ ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴിയാണ് കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻചാണ്ടിക്ക് മേൽ വർഷങ്ങളായി കരിനിഴൽ വീഴ്ത്തിയിരുന്നത്. എന്നാൽ മൊഴിയിൽ പറഞ്ഞ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയിരുന്നില്ലെന്നാണ് സിബിഐ കണ്ടെത്തൽ. തിരുവനന്തപുരത്ത് മാസ്ക്കറ്റ് ഹോട്ടലിൽ വെച്ച് അബ്ദുള്ളകുട്ടി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ ആരോപണം വിശ്വസനീയമല്ലെന്നും സി ബി ഐ കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ലെന്നാണ് സോളാര്‍ പീഡന കേസില്‍ കുറ്റവിമുക്തനാക്കിയുള്ള സി ബി ഐയുടെ ക്ലീൻ ചിറ്റിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആദ്യമായി പ്രതികരിച്ചത്. സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എനിക്ക് എപ്പോഴുമുള്ളതെന്നും മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ലെന്നും ഉമ്മൻചാണ്ടി വിവരിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതരായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. സോളാര്‍ കേസില്‍ ഭരണ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നീങ്ങിയ അവസരത്തില്‍ ഞാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്‌തേക്കുമെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് നടപടി സ്വീകരിക്കണമെന്നും നിയമോപദേശം ലഭിച്ചു. എന്നാല്‍ പ്രതിച്ചേർക്കപ്പെട്ട സഹപ്രവർത്തകരും ഞാനും ആ നിര്‍ദ്ദേശം നിരാകരിക്കുകയാണ് ഉണ്ടായത്. കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്നങ്കില്‍ അതിനെ നേരിടാനാണ് തീരുമാനിച്ചത്. പിന്നീട് ഈ നീക്കം തിരിച്ചടിക്കുമെന്ന് ഭയപ്പെട്ടിട്ടാകാം അറസ്റ്റ് ചെയ്യുവാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചതെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
സോളാര്‍ പീഡന കേസില്‍ പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്തരാക്കിയ സിബിഐ നടപടിയെ കുറിച്ചുള്ള ചോദ്യങ്ങളോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണവും ഇന്ന് ശ്രദ്ധ നേടിയിരുന്നു. ചോദ്യങ്ങളെ അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തണുപ്പായതു കൊണ്ടാണോ വെയിലത്ത് നില്‍ക്കുന്നതെന്ന് ഇന്നും മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. പറയാനുള്ളപ്പോള്‍ വന്ന് പറയും, നിങ്ങള്‍ക്കാവശ്യമുള്ളത് പറയിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നുമായിരുന്നു ദില്ലിയില്‍ സി പി എം പി ബി യോഗത്തിന് എത്തിയ മുഖ്യമന്ത്രിയുടെ പ്രതികരണം.
സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകില്ലെന്നും ഉമ്മൻചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്നുമുള്ള ആദ്യ നിലപാട് മാറ്റി പരാതിക്കാരി പിന്നീട് രംഗത്തെത്തി. രാവിലെ നിയമ നടപടിക്കില്ലെന്ന് പറഞ്ഞ പരാതിക്കാരി ഉച്ചയ്ക്ക് ശേഷമാണ് ഉമ്മൻ ചാണ്ടിക്ക് സി ബി ഐ ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട 6 കേസിലും ഹർജി നൽകുമെന്നും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് തീരുമാനം എന്നും പരാതിക്കാരി വ്യക്തമാക്കി. അബ്ദുള്ളകുട്ടിയെ വെള്ള പൂശാൻ ആണ് ബാക്കി ഉള്ളവർക്കും സി ബി ഐ ക്ലീൻ ചിറ്റ് നൽകിയതെന്നും പരാതിക്കാരി അഭിപ്രായപ്പെട്ടു.
എൽഡിഎഫ് കൺവീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇപി ജയരാജനെതിരായ പരാതി സിപിഎം പൊളിറ്റ്ബ്യൂറോ ചർച്ച ചെയ്തിട്ടില്ലെന്ന് ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ഇന്ന് വിശദമാക്കി. കേരളത്തിലെ വിവാദങ്ങൾ ഒന്നും പിബിയുടെ ചർച്ചയിൽ വന്നില്ലെന്നും കേരളത്തിലെ വിഷയങ്ങൾ സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്യുമെന്നും യെച്ചൂരി വിശദീകരിച്ചു. ഇപി ജയരാജനെതിരെ ആരോപണമുന്നയിച്ച പി ജയരാജന് എതിരെ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും കേരളവുമായി ബന്ധപ്പെട്ട് ഗവർണറുടെ വിഷയമാണ് പിബിയുടെ ചർച്ചയിൽ വന്നതെന്നും തെറ്റ് തിരുത്തൽ രേഖ അടുത്ത മാസം കേന്ദ്ര കമ്മറ്റി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം തന്നെ രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് ഭാരത് ജോഡോ യാത്രയിൽ സിപിഎം നേതാക്കൾ ആരും പങ്കെടുക്കില്ലെന്നും യെച്ചൂരി വിശദീകരിച്ചു. സിപിഎം കേന്ദ്ര കമ്മറ്റിയഗം മുഹമ്മദ് യൂസഫ് തരിഗാമി പങ്കെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചതിന് പിന്നാലെയാണ് ജനറൽ സെക്രട്ടറിയുടെ വിശദീകരണം. ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ പരിപാടിയാണ്. അതിൽ പങ്കെടുക്കുമോ എന്ന ചോദ്യം തന്നെ ഉയരുന്നില്ലെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
6 ഇ പി ജയരാജനെതിരായ പരാതി: അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്
ഇ പി ജയരാജന്‍റെ കുടുംബം ഉൾപ്പെട്ട വൈദേകം റിസോർട്ടിനെതിരായ പരാതിയിൽ അന്വേഷണത്തിന് വിജിലൻസ് സർക്കാർ അനുമതി തേടി എന്നതാണ് ഇന്ന് പുറത്തുവന്ന മറ്റൊരു പ്രധാന വാർത്ത. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ ആണ് അന്വേഷണത്തിന് അനുമതി തേടിയത്. കുടുംബത്തിന് പങ്കാളിത്തമുള്ള റിസോർട്ടിനായി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇ പി ജയരാജൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. നിയമം ലംഘിച്ചിച്ചുള്ള അനുമതികൾ നൽകാനായി ആന്തൂർ നഗരസഭ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ട്. ഇക്കാര്യത്തിലാണ് വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി തേടിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറ. സെക്രട്ടറി ജോബിൻ ജോസഫാണ് പരാതിക്കാരൻ.
7 ഷുക്കൂര്‍ വധക്കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരായ അഭിഭാഷകൻ്റെ വെളിപ്പെടുത്തൽ തള്ളി മുസ്ലീം ലീഗ്
അരിയിൽ ഷുക്കൂർ വധക്കേസിന്‍റെ പ്രതിപ്പട്ടികയിൽ നിന്നും പി ജയരാജനെ ഒഴിവാക്കാൻ പികെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ആരോപണം തള്ളി മുസ്ലീംലീഗ് രംഗത്തെത്തിയതാണ് ഇന്നത്തെ മറ്റൊരു പ്രധാനവാർത്ത. ഷുക്കൂർ വധവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള അഭിഭാഷകന്റെ ആരോപണം വ്യാജമാണെന്നും ആരോപണത്തിന് പിന്നിൽ ലീഗിനെയും നേതാക്കളെയും താറടിക്കാനുള്ള ശ്രമമാണെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. മുസ്ലീംലീഗിനേയും അതിന്‍റെ നേതാക്കളേയും താറടിക്കാനുള്ള ഗൂഡാലോചനയാണ് ഇതെന്നും ഗൂഢാലോചനയുടെ കേന്ദ്രം യു.ഡി.എഫിന് അകത്തോ പുറത്തോ എന്ന് അന്വേഷത്തിലൂടെ പുറത്തു വരേണ്ട കാര്യമാണെന്നും പിഎംഎ സലാം പറഞ്ഞു.
8 'പ്രണയത്തില്‍ നിന്ന് പിന്മാറിയത് കൊലയ്ക്ക് കാരണം', പ്രതി ഗോപുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതാണ് ഇന്ന് ഏവരെയും ഞെട്ടിച്ച സംഭവം. അരുംകൊല നടത്തിയ പ്രതി ഗോപുവിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രണയത്തിൽ നിന്നും സംഗീത പിന്മാറിയതാണ് കൊലക്ക് കാരണമെന്നാണ് പ്രതി പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പാതിരാത്രി 1.30 ഓടെയാണ് സംഗീതയെ ക്രൂരമായി കൊലചെയ്തത്. സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ മറ്റൊരു നമ്പറില്‍ ചാറ്റ് ചെയ്ത് രാത്രി വിളിച്ചിറക്കിയാണ് സുഹൃത്തായ ഗോപു ആക്രമിച്ച് കൊലപ്പെടുത്തിയത്. ഹെൽമെറ്റ് ധരിച്ചാണ് ഗോപു സംഗീതയെ കാണാനെത്തിയത്. എന്നാല്‍ സംസാരത്തിനിടെ സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ് മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഗോപു സംഗീതയെ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
9 തൃശ്ശൂരിലെ യുവഎഞ്ചിനീയറുടെ കൊലപാതകത്തിൽ സുഹൃത്ത് പിടിയിൽ
തൃശൂർ പുറ്റേക്കരയിൽ യുവ എഞ്ചിനിയറായ അരുൺലാൽ കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെയാണ് പേരാമംഗലം പൊലീസ് അറസ്റ്റുചെയ്തത്. ടിനുവിന്‍റെ പ്രണയബന്ധത്തെക്കുറിച്ച് അരുണ്‍ കളിയാക്കിയ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. അരുൺ ലാൽ കൊല്ലപ്പെട്ടതിന് പിന്നാലെ ലഭിച്ച സിസി ടി വി ദൃശ്യങ്ങളും സാക്ഷിമൊഴികളുമാണ് പ്രതിയിലേക്ക് പേരാമംഗലം പൊലീസിനെ എത്തിച്ചത്. നഗരത്തിലെ ബാറിൽ നിന്നും മദ്യപിക്കുന്ന അരുൺ ലാലിന്റെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചിരുന്നു. കൊലപാതകം നടന്ന സ്ഥലത്തു നിന്നും ബൈക്കിൽ പോകുന്ന ഇതുവരുടെയും ദൃശ്യങ്ങളും കിട്ടി. ടർഫിൽ പന്തുകളി കഴിഞ്ഞ് വന്ന യുവാക്കൾ ഇരുവരും സംസാരിച്ചു നിൽക്കുന്നത് കണ്ടതും നിർണ്ണായകമായി.
10 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കിയതാണ് ഇന്നത്തെ മറ്റൊരു പ്രധാനവാർത്ത. കലോത്സവത്തിനെത്തുന്ന എല്ലാവരും മാസ്കും സാനിറ്റൈസറുമുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചു. ജനുവരി 3 ന് രാവിലെ 8.30 ന് പൊതു വിദ്യാഭ്യാസ ഡയർക്ടർ പതാക ഉയർത്തും. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം 23 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11 നും മറ്റുള്ള ദിവസങ്ങളിൽ രാവിലെ ഒൻപത് മണിക്കുമായിരിക്കും മത്സരങ്ങൾ ആരംഭിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam