ബംഗാൾ ഉൾകടലിൽ വീണ്ടും ചക്രവാതചുഴി; കേരളത്തിൽ 5 ദിവസം മഴ സാധ്യത, 5 ജില്ലകളിൽ ഇന്ന് ജാഗ്രത നിർദ്ദേശം

By Web TeamFirst Published Nov 29, 2022, 4:20 PM IST
Highlights

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

തിരുവനന്തപുരം: കേരളത്തിലെ മഴ സാഹചര്യം വീണ്ടും മാറിയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. മധ്യ  ബംഗാൾ ഉൾകടലിൽ  ചക്രവാതചുഴി നിലനിൽക്കുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. കിഴക്കൻ കാറ്റിന്‍റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 4-5 ദിവസം ഒറ്റപെട്ട  ഇടത്തരം മഴക്ക് സാധ്യതയെന്നാണ് കേന്ദ്രം കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. അതേസമയം തന്നെ ഇന്ന് അഞ്ച് ജില്ലകളിൽ ജാഗ്രത നി‍ർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പുണ്ട്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ ( Yellow ) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
29 - 11 - 2022 : കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി 
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മല്‍സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശം

2022 നവംബർ 29 ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും അറിയിപ്പുണ്ട്.

കോട്ടയത്ത് മഴ; ഇടിവെട്ടേറ്റ് ഇരുനില വീട് തകർന്നു, വീടിനകത്തെ വൈദ്യുതി ബന്ധം മുഴുവനും കത്തി

click me!