സഗൗരവം സജി, ഒപ്പം പ്രതിഷേധം, സോണിയ ആശുപത്രിയിൽ, പന്തിന്‍റെ ചികിത്സയിൽ മാറ്റം, ബുംമ്ര വീണു, ഉമ്രാൻ! 10 വാർത്ത

Published : Jan 04, 2023, 06:58 PM ISTUpdated : Jan 04, 2023, 07:00 PM IST
സഗൗരവം സജി, ഒപ്പം പ്രതിഷേധം, സോണിയ ആശുപത്രിയിൽ, പന്തിന്‍റെ ചികിത്സയിൽ മാറ്റം, ബുംമ്ര വീണു, ഉമ്രാൻ! 10 വാർത്ത

Synopsis

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. അതേസമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു

1 സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയില്‍, സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ഭരണഘടനയെ അധിക്ഷേപിച്ചതിന്‍റെ പേരില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. അതേസമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. കെപിസിസി ഇന്ന് കരിദിനം ആചരിച്ചു. ബിജെപി ഭരണഘടന സംരക്ഷണ ദിനമായും പ്രതിഷേധം സംഘടിപ്പിച്ചു.

2 'സജി ചെറിയാന്‍റെ മടങ്ങിവരവ് രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കം, പിണറായി ഭക്തജനക്കൂട്ടമായി സിപിഎം': സുധാകരൻ

തിരുവനന്തപുരം: മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്‍റെ മടങ്ങിവരവ് കേരള രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കം ആയിരിക്കുമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. പിണറായി വിജയനെന്ന വ്യക്തിയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഭക്തജനക്കൂട്ടമായി സി പി എം മാറിയെന്നും കെ സുധാകരൻ വിമര്‍ശിച്ചു.  പിണറായി വിജയനെ ഭയന്ന് ഈ അനീതിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും കഴിയാതെ മൗനത്തിലാണ് സി പി എമ്മിന്‍റെ ഉന്നത നേതാക്കളെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുധാകരൻ വിമർശിച്ചു.

​3 ഗവർണർ സർക്കാർ പോര് ഒത്തുതീർപ്പാവുന്നു! നിയമസഭ പിരിഞ്ഞത് ഗവർണറെ അറിയിക്കും, നയപ്രഖ്യാപനത്തിന് ക്ഷണിക്കും

മാസങ്ങളായി നീളുന്ന സർക്കാർ - ഗവർണർ ചേരിപ്പോരിന് അവസാനം. നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചു. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവർണർ അനുമതി നൽകിയതിന് പിന്നാലെയാണ് ഗവർണറെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനു മുന്നോടിയായി കേരള നിയമസഭയുടെ അവസാന സമ്മേളനം പിരിഞ്ഞതായി സർക്കാർ ഔദ്യോഗികമായി ഗവർണറെ അറിയിക്കും. ഗവർണറുമായി തത്കാലം പോര് വേണ്ടെന്ന നിലപാടിലാണ് സർക്കാർ എന്നാണ് അറിയുന്നത്. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണ്ണർ അനുമതി നൽകിയതോടെയാണ് സർക്കാരും വിട്ടുവീഴ്ചക്ക് തയ്യാറായത്. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭായോഗം സഭാ സമ്മേളനം പിരിയുന്ന കാര്യം ഗവർണറെ അറിയിക്കാൻ തീരുമാനിച്ചു. ക്യാബിനറ്റിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

4 കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്റെ മരണം: മക്കൾ ഡിജിപിക്ക് പരാതി നൽകി

കെപിസിസി ട്രഷറർ ആയിരുന്ന വി പ്രതാപചന്ദ്രന്റെ മരണത്തില്‍ ഡിജിപിക്ക് മക്കൾ പരാതി നൽകി. കോൺഗ്രസ് പ്രവർത്തകർ നടത്തിയ അപവാദ പ്രചരണത്തിലുണ്ടായ മാനസിക പ്രയാസം അച്ഛനെ മരണത്തിന് കാരണമായി എന്നും അപവാജ പ്രചരണത്തിനെതിരെ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോടുളള രമേശ്, പ്രമോദ് എന്നിവർ ചേർന്നാണ് പ്രചരണം നടത്തിയതെന്നും മകളുടെ പരാതിയില്‍ പറയുന്നു. മരിക്കുന്നതിന് മുമ്പ് ഇവർക്കെതിരെ പരാതി നൽകാൻ തീരുമാനിച്ചിരുന്നതായും മകൻ പ്രജിത് പറയുന്നു. കഴിഞ്ഞ മാസമാണ് കെ പി സി സി ട്രഷറർ വി പ്രതാപചന്ദ്രൻ മരിച്ചത്. 73 വയസായിരുന്നു.

5 കവിയും ​ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു

ഗാനരചയിതാവ്, കവി എന്നീ നിലകളില്‍ പ്രശസ്തനായ ബീയാര്‍ പ്രസാദ് (62) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരിയില്‍ വച്ചാണ് അന്ത്യം. സംസ്കാരം നാളെ. കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടണത്തില്‍ സുന്ദരന്‍, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, ജലോത്സവം, വെട്ടം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ പാട്ടുകള്‍ ഒരുക്കി. മലയാള ടെലിവിഷൻ രംഗത്തെ ആദ്യകാല അവതാരകാരിൽ ഒരാളുമാണ്. ഏഷ്യാനെറ്റില്‍ ദീര്‍ഘകാലം ജനപ്രിയ അവതാരകനായിരുന്നു. കുട്ടനാട്ടിലെ മങ്കൊമ്പില്‍ 1961 ലാണ് ബീയാര്‍ പ്രസാദിന്‍റെ ജനനം. കലയോടും സാഹിത്യത്തോടും ചെറുപ്പം മുതല്‍ താല്‍പര്യമുണ്ടായിരുന്ന പ്രസാദ് മലയാള സാഹിത്യത്തിലാണ് ബിരുദമെടുത്തത്. 1993 ല്‍ ജോണി എന്ന കുട്ടികളുടെ ചിത്രത്തിന് തിരക്കഥ ഒരുക്കിക്കൊണ്ടാണ് അദ്ദേഹം സിനിമയിലേക്ക് കടന്നുവന്നത്. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടിയിരുന്നു ഈ ചിത്രം. പാട്ടെഴുത്തുകാരന്‍ എന്ന നിലയില്‍ രംഗപ്രവേശം ചെയ്തത് പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 2003 ല്‍ പുറത്തെത്തിയ കുളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലൂടെയായിരുന്നു.

6 വേതന വ‍ർധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാ‍ർ വീണ്ടും സമരത്തിലേക്ക്: നാളെ സൂചനാ സമരം

വേതന വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കർ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. പ്രതിദിന വേതനം 1500 രൂപയാക്കി വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിന് ഇറങ്ങുന്നത്. സമരത്തിൻ്റെ ആദ്യപടിയായി നാളെ തൃശ്ശൂർ ജില്ലയിൽ സ്വകാര്യ നഴ്സിംഗ് ജീവനക്കാർ സൂചനാ പണിമുടക്ക് നടക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങാൻ ആണ് നഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ യുഎൻഎയുടെ തീരുമാനം. വേതന വർധനവിൽ രണ്ട് തവണ കൊച്ചി ലേബർ കമ്മീഷണർ ഓഫീസിലും തൃശ്ശൂർ ലേബർ കമ്മീഷണർ ഓഫീസിലും ചർച്ചകൾ നടന്നിരുന്നു. കൊച്ചിയിലെ ചർച്ച സമവായമാവതെ പിരിയുകയും തൃശ്ശൂരിലെ ചർച്ചയിലെ ആശുപത്രി മാനേജ്മെൻ്റ് പ്രതിനിധികൾ എത്താതിരിക്കുകയും ചെയ്തതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാൻ യുഎൻഎ തീരുമാനിച്ചത്. 

7 കലാമത്സരങ്ങൾ സമയബന്ധിതമായി തീർക്കുമെന്ന് വിദ്യാഭ്യാസമന്ത്രി, ജഡ്ജിമാരെ കർശനമായി നിരീക്ഷിക്കും

കോഴിക്കോട് പുരോഗമിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എല്ലാ പരിപാടികളും സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിധികർത്താക്കളും ഒഫീഷ്യലുകളും മത്സരാർത്ഥികളും അടക്കം എല്ലാവരും പരിപാടി തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് വേദിയിലെത്തിയിരിക്കണമെന്നും കലോത്സവത്തിനെത്തുന്ന എല്ലാ ജഡ്ജിമാരും വിജിലൻസിന്‍റെ കർശന നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

8 ശ്വാസകോശത്തിൽ അണുബാധ: സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസകോശത്തിൽ അണുബാധയേറ്റതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

9 റിഷഭ് പന്തിന്റെ തുടര്‍ ചികിത്സ മുംബൈയില്‍

കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് എയര്‍ ലിഫറ്റ് ചെയ്തു. ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലായുന്നു പന്തിനെ ചികിത്സിച്ചിരുന്നത്. നേരത്തെ, ദില്ലിയിലേക്ക് മാറ്റുമെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐക്ക് മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ തുടര്‍ ചികിത്സ ലഭ്യമാക്കാനായിരുന്നു താല്‍പര്യം. നിരവധി കായികതാരങ്ങളെ ചികിത്സിച്ച ഡോ. ദിന്‍ഷോ പര്‍ദിവാലയുടെ കീഴിലാണ് പന്തിന് ചികിത്സ നല്‍കുക. ഇക്കാര്യം ബിസിസിഐ ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. ബിസിസിഐ മെഡിക്കല്‍ സംഘം പന്തിനൊപ്പം തുടരും. കൂടുതല്‍ ചികിത്സ ആവശ്യം വന്നാല്‍ വിദേശത്തേക്ക് അയക്കുകയും ചെയ്യും.

10 ഇന്ത്യന്‍ താരത്തിന്‍റെ വേഗമറിയ പന്ത്, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഉമ്രാന്‍ മാലിക്

രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ പേസറുടെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ താരമെന്ന ഖ്യാതി ഇനി ഉമ്രാന്‍ മാലികിന് സ്വന്തം. ഇന്നലെ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെ പുറത്താക്കിയ ഉമ്രാന്‍റെ പന്തിന്‍റെ വേഗം 155 കിലോ മീറ്ററായിരുന്നു. ഇതോടെ 153.36 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിട്ടുള്ള ജസ്പ്രീത് ബുമ്രയുടെ മുന്‍ റെക്കോര്‍ഡ് ഉമ്രാന്‍ മറികടന്നു. 153.3 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിട്ടുള്ള മുഹമ്മദ് ഷമിയാണ് രാജ്യന്തര ക്രിക്കറ്റില്‍ വേഗേമറിയ പന്തെറിഞ്ഞ ഇന്ത്യന്‍ പേസര്‍മാരില്‍ മൂന്നാം സ്ഥാനത്ത്. 152.85 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിട്ടുള്ള നവദീപ് സെയ്നിയാണ് വേഗത്തിന്‍റെ കാര്യത്തില്‍ നാലാമത്. ഐപിഎല്ലില്‍ സ്ഥിരമായി 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാറുള്ള ഉമ്രാന്‍റെ വേഗമേറിയ പന്ത് 156 കിലോ മീറ്ററാണ്. ശ്രീലങ്കക്കെതിരെ നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ഉമ്രാന്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചരുന്നു.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം