
രാജ്യത്തെ പത്ത് അതീവ സുരക്ഷ മേഖലകളിൽ കൊച്ചിയെ ഉള്‍പ്പെടുത്തിയതാണ് ഇന്നത്തെ പ്രധാന വാര്‍ത്തകളിലൊന്ന്. കൊച്ചിയിലെ കൂണ്ടനൂർ മുതൽ എം ജി റോഡ് വരെയാണ് അതീവ സുരക്ഷ മേഖലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തോടനുബന്ധിച്ച് കണ്ണൂരിലും പാലക്കാട്ടും പ്രതിപക്ഷ യുവ സംഘടന പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയതും കേരളം ഇന്ന് ചര്‍ച്ച ചെയ്തു. ദില്ലിയില്‍ ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ആവേശക്കൊടുമുടിയിലാണ് ആരാധകര്‍. ഇന്നത്തെ പ്രധാന 10 വാര്‍ത്തകള്‍ അറിയാം.
രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലയിൽ കൊച്ചിയും
രാജ്യത്തെ പത്ത് അതീവ സുരക്ഷ മേഖലകളിൽ കൊച്ചിയും. കൊച്ചിയിലെ കൂണ്ടനൂർ മുതൽ എം ജി റോഡ് വരെയാണ് അതീവ സുരക്ഷ മേഖലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയത്. ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഇത്. ഈ തന്ത്ര പ്രധാന മേഖലകളില്‍ ഔദ്യോഗിക രഹസ്യനിയമം ബാധകമാകും.
നേതാക്കളുടെ ബന്ധുക്കൾക്ക് ജോലി വാങ്ങിക്കൊടുക്കുന്ന രീതി പൊതുസമൂഹത്തിൽ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നുവെന്ന് സിപിഎം. ഭരണം കിട്ടിയതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കാമെന്ന മനോഭാവം ശരിയല്ല, സ്ഥാനമാനങ്ങൾ നേടിയെടുക്കാനുള്ള ആര്‍ത്തി പാര്‍ട്ടി സഖാക്കൾ ഉപേക്ഷിക്കണമെന്നും സംസ്ഥാന സമിതി അംഗീകരിച്ച തെറ്റ് തിരുത്തൽ രേഖയിൽ പരാമര്‍ശം.
മുഖ്യമന്ത്രിയുടെ സന്ദർശനം: യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കരുതൽ തടങ്കൽ
മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തോടനുബന്ധിച്ച് കണ്ണൂരിലും പാലക്കാട്ടും കരുതൽ തടങ്കൽ. രണ്ട് ജില്ലകളിലുമായി പ്രതിപക്ഷ യുവ സംഘടനകളിലെ ആറ് പേരെയാണ് പൊലീസ് വ്യാപകമായി കരുതൽ തടങ്കലിലാക്കിയത്. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനൊപ്പം സേവാദൾ പ്രവർത്തകനെയും കസ്റ്റഡിയിലെടുത്തു.
പാലക്കാട്ട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി
പാലക്കാട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. ചാലിശ്ശേരിയിൽ സംസ്ഥാന തദ്ദേശ ദിനാഘോഷത്തിനെത്തിയ മുഖ്യമന്ത്രിയ്ക്ക് നേരെ രണ്ടിടങ്ങളിൽ വെച്ചാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്. മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ചാലിശ്ശേരി ഗ്രൗണ്ടിൽ ഹെലികോപ്ടർ ഇറങ്ങിയ ശേഷം പരിപാടി നടക്കുന്ന വേദിയിലേയ്ക്ക് മുഖ്യമന്ത്രി പോകുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്.
ദില്ലി ടെസ്റ്റ്: രണ്ടാം ദിനത്തിന് ആവേശാന്ത്യം
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ദില്ലി ടെസ്റ്റില്‍ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 62 റണ്‍സിന്‍റെ ലീഡ്. ആദ്യ ഇന്നിംഗ്‌സില്‍ ഒരു റണ്ണിന്‍റെ ലീഡ് നേടിയ ഓസീസ് 12 ഓവറില്‍ ഒരു വിക്കറ്റിന് 61 റണ്‍സെന്ന നിലയിലാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ന് കളി അവസാനിപ്പിച്ചത്. 40 പന്തില്‍ 39* റണ്‍സുമായി ട്രാവിസ് ഹെഡും 19 പന്തില്‍ 16* റണ്‍സെടുത്ത് മാര്‍നസ് ലബുഷെയ്‌നുമാണ് ക്രീസില്‍.
ക്രിസ്റ്റ്യന്‍ അറ്റ്‌സുവിന്റെ മൃതദേഹം കണ്ടെത്തി
തുര്‍ക്കിയില്‍ ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടങ്ങള്‍ക്കിടെ കുടുങ്ങികിടക്കുകയായിരുന്ന ഘാന ഫുട്‌ബോള്‍ ക്രിസ്റ്റിയന്‍ അറ്റ്‌സുവിനെ കണ്ടെടുക്കുമ്പോള്‍ മരണപ്പെട്ടിരുന്നതായി ഏജന്റ് സ്ഥിരീകരിച്ചു. നേരത്തെ അറ്റ്‌സുവിനെ ജീവനോടെ പുറത്തെടുത്തുവെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അറ്റ്‌സുവിന്റെ മൃതദേഹമാണ് പുറത്തെടുത്തതെന്ന് ഏജന്റ് മുറാദ് ഉസുന്‍മെഹ്‌മെദ് വ്യക്തമാക്കി.
ട്രാൻസ്ജെന്റർ വ്യാജ മാനസിക അവസ്ഥയെന്ന് പി എം എ സലാം
ട്രാൻസ്ജെന്റർ എന്നത് വ്യാജ മാനസിക അവസ്ഥയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. പുരുഷനാണെന്ന് പറഞ്ഞ് സ്ത്രീ ശരീര ഭാഗം മുറിച്ചു. ഈ ആളാണ് അവസാനം പ്രസവിച്ചത്. ശരീര ഭാഗം മുറിച്ച് കളഞ്ഞ് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിന്റെ ഉള്ളിലുള്ള അവയവങ്ങളൊക്കെ അങ്ങനെ തന്നെ ഉണ്ടാകുമെന്നും സലാം പറഞ്ഞു.
പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി
കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള നോമിനേഷൻ രീതിയിൽ പ്രിയങ്ക ഗാന്ധിക്ക് എതിർപ്പ്. തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു. മത്സരത്തിലൂടെ പ്രവർത്തക സമിതിയിലേക്ക് എത്തുന്ന രീതിക്കാണ് മഹത്വമെന്ന അഭിപ്രായം പ്രിയങ്കാ ഗാന്ധി പ്ലീനറി സമ്മേളനത്തിൽ മുന്നോട്ട് വെച്ചതായാണ് വിവരം.
ശമ്പളം ഗഡുക്കളാക്കിയത് ന്യായീകരിച്ച് ആന്‍റണി രാജു
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കിയത് ന്യായീകരിച്ച് മന്ത്രി ആന്‍റണി രാജു. ശമ്പളം ഗഡുക്കളാക്കി നല്‍കുന്നതില്‍ വിവാദമുണ്ടാകേണ്ട ആവശ്യമില്ല. യൂണിയനുകൾക്ക് ആശങ്കയുള്ളതായി പറഞ്ഞിട്ടില്ല. അവര്‍ക്ക് അവരുടേതായ അഭിപ്രായം പറയാം. യൂണിയനുകള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പ്രതികരിച്ചു.
വ്യാജ ജനന സർട്ടിഫിക്കറ്റ് കേസില്‍ ശിശുക്ഷേമ സമിതിയില്‍ ഹാജരായി അമ്മ
കളമശേരിയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുഞ്ഞിന്‍റെ അമ്മ ശിശു ക്ഷേമ സമിതിക്ക് മുന്നിൽ ഹാജരായി. കുഞ്ഞിനെ സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കൈമാറിയതെന്ന് അമ്മ അറിയിച്ചു. നിലവില്‍ കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്നും അമ്മ മൊഴി നൽകി. കുഞ്ഞ് തൽക്കാലം ശിശുക്ഷേമസമിതിയുടെ സംരക്ഷണയിൽ തുടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam