മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ നേതാക്കളെയും പ്രവർത്തകരെയും അനധികൃതമായി കരുതൽ തടങ്കലിലാക്കുന്നതിനെതിരെ കോൺഗ്രസ് നിയമ നടപടി ആലോചിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ 

കണ്ണൂർ / പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തോടനുബന്ധിച്ച് കണ്ണൂരിലും പാലക്കാട്ടും കരുതൽ തടങ്കൽ. രണ്ട് ജില്ലകളിലുമായി പ്രതിപക്ഷ യുവ സംഘടനകളിലെ ആറ് പേരെയാണ് പൊലീസ് വ്യാപകമായി കരുതൽ തടങ്കലിലാക്കിയത്. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനൊപ്പം സേവാദൾ പ്രവർത്തകനെയും കസ്റ്റഡിയിലെടുത്തു. 

കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ ഷബീർ എടയന്നൂരിനെയാണ് മട്ടന്നൂർ പൊലീസ് കരുതൽ തടങ്കലിൽ എടുത്തത്. കീഴല്ലൂർ പഞ്ചായത്ത് മെമ്പറാണ് ഷബീർ. കണ്ണൂരിൽ സേവാദൾ പ്രവർത്തകൻ സുരേഷ് കുമാറിനെയും പൊലീസ് കരുതൽ തടങ്കലിലാക്കി. ഇന്ന് വൈകിട്ട് 4 മണിക്ക് തലശ്ശേരി ടൗൺ ഹാളിൽ ആരോഗ്യ വകുപ്പിന്റെ വിവാ കേരളം പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തുന്നത്. ഉച്ചയോടെ മട്ടന്നൂർ വിമാനത്താവളത്തിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന മുഖ്യമന്ത്രി റോഡ് മാർഗമാണ് തലശ്ശേരി എത്തുക. വഴിയിൽ പ്രതിഷേധമുണ്ടാകുമെന്ന സുചനയിലാണ് യൂത്ത് ലീഗ് പ്രവർത്തകനെ കരുതൽ തടങ്കലിൽ എടുത്തത്. 

രാവിലെ മുഖ്യമന്ത്രിയുടെ പാലക്കാട് സന്ദർശനത്തിന് മുന്നോടിയായി തൃത്താലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിൻ അടക്കമുള്ള നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലേക്ക് മാറ്റിയത്. രാവിലെ ആറ് മണിയോടെ വീട്ടിൽ നിന്നാണ് ചാലിശ്ശേരി പൊലീസ് ഷാനിബിനെ കൊണ്ടു പോയത്. 

READ MORE പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി, നോമിനേഷൻ രീതിയിൽ എതിർപ്പ്

പൊലീസ് നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ നേതാക്കളെയും പ്രവർത്തകരെയും അനധികൃതമായി കരുതൽ തടങ്കലിലാക്കുന്നതിനെതിരെ കോൺഗ്രസ് നിയമ നടപടി ആലോചിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. 

READ MORE 'സിപിഎം ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടി' : സതീശൻ