
പ്രധാനമന്ത്രിയുടെ സുരക്ഷാപദ്ധതി ചോർന്നു
പ്രധാനമന്ത്രിയുടെ കേരള സന്ദർശത്തിനായി സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം തലവൻ തയ്യാറാക്കിയ സുരക്ഷാപദ്ധതി ചോർന്നു. വിവിധ തീവ്രസംഘടനകളിൽനിന്ന് പ്രധാനമന്ത്രിക്കുള്ള ഭീഷണി സംബന്ധിച്ച വിവരങ്ങൾ, കേരള സന്ദർശന വേളയിലെ വിശദമായ പൊലീസ് വിന്യാസം എന്നിവ അടങ്ങിയ 49 പേജ് രേഖയാണ് ചോർന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തും. കൊച്ചിയും തിരുവനന്തപുമായുള്ള പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ സന്ദർശത്തിൻെറ ഭാഗമായാണ് 49 പേജുള്ള സുരക്ഷ പദ്ധതി ഇൻറലിജൻസ് എഡിജിപി ടി.കെ.വിനോദ കുമാർ തയ്യാറാക്കിയത്. സുരക്ഷ ഏകോപിക്കുന്ന തിരുവനന്തപുരം -കൊച്ചി കമ്മീഷണർമാർക്കും എസ്പിമാർക്കും അയച്ചു കൊടുത്ത സുരക്ഷ റിപ്പോർട്ട് എവിടെ നിന്നാണ് ചോർന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
നരേന്ദ്രമോദിയെ ചാവേർ ആക്രമണത്തിലൂടെ വധിക്കുമെന്ന് ഭീഷണിക്കത്ത്
കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാവേർ ആക്രമണത്തിലൂടെ വധിക്കുമെന്ന് ഭീഷണിക്കത്ത്. എറണാകുളം കതൃക്കടവ് സ്വദേശി ജോണിയുടെ പേരിലുള്ള കത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കിട്ടിയത്. കത്തെഴുതയിട്ടില്ലെന്നും വ്യക്തിവൈരാഗ്യത്തിന്‍റെ പേരിൽ നാട്ടുകാരിലൊരാളാണ് കത്തയച്ചതെന്നു ജോണി പ്രതികരിച്ചു. മോദി കൊല്ലപ്പെടണം, ഏറെ താമസിക്കാതെ. ഞങ്ങളുടെ നേതാവായ രാഹുൽ ഗാന്ധിയെ വേട്ടയാടി, കുഴപ്പങ്ങളുണ്ടാക്കി. വിധി നടപ്പാക്കാൻ ചാവേർ തയ്യാറായിക്കഴിഞ്ഞു, തടയാമെങ്കിൽ തടയൂ. ഇതായിരുന്നു ഭീഷണക്കത്തിലെ ഉള്ളടക്കം. ഭീഷണിക്കത്ത് ഒരാഴ്ച മുമ്പാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് കിട്ടിയത്. ഫോൺ നമ്പർ സഹിതം ജോസഫ് ജോണെന്ന ആളുടെ പേരിലായിരുന്നു കത്ത്. ജോണി ആരോപിക്കുന്ന പ്രദേശവാസിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭീഷണിക്കത്ത് താനല്ല അയച്ചതെന്ന് ഇദ്ദേശം വിശദീകരിച്ചു.
വന്ദേഭാരതിന്റെ സമയക്രമം പ്രസിദ്ധീകരിച്ചു
കേരളത്തിന് അനുവദിച്ച വന്ദേഭാരതിന്റെ സമയക്രമം പ്രസിദ്ധീകരിച്ചു. ഷൊർണ്ണൂരിൽ സ്റ്റോപ്പുണ്ടാകും, തിരൂരിലും ചെങ്ങന്നൂരിലും സ്റ്റോപ്പില്ല.പുലർച്ചെ 5.20ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എട്ട് മണിക്കൂർ അഞ്ച് മിനിറ്റ് കൊണ്ട് കാസർകോട് എത്തും. ഒടുവിൽ വന്ദേഭാരതിന് ഷൊർണ്ണൂരിൽ സ്റ്റോപ്പ്. തിരൂർ ഒഴിവാക്കി, ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ല. വ്യാഴ്ചച ഒഴികെയുളള ദിവസങ്ങളിലാണ് സർവീസ്.
കൊച്ചി വാട്ടർ മെട്രോക്ക് തുടക്കമാകുന്നു
കൊച്ചി വാട്ടർ മെട്രോ ബുധനാഴ്ച രാവിലെ മുതൽ സർവീസ് തുടങ്ങും. ഹൈക്കോർട്ട് മുതൽ വൈപ്പിൻ വരെയാണ് ആദ്യ സർവീസ്. 20 രൂപയാണ് ജലമെട്രോയിലെ കുറഞ്ഞ യാത്ര നിരക്കെന്ന് കെഎംആർഎൽ അറിയിച്ചു. കാത്തിരിപ്പിന് ഇനി നാല് ദിവസത്തെ അകലം മാത്രം. കൊച്ചിയുടെ ഉൾപ്രദേശങ്ങളിലേക്കും മെട്രോ എത്തുകയാണ്. ബുധനാഴ്ച രാവിലെ ഏഴിന് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് മെട്രോ ബോട്ടുകൾ ഓടിത്തുടങ്ങും. വൈപ്പിൻ വരെയാണ് ആദ്യ സർവീസ്. വ്യാഴാഴ്ച മുതൽ വൈറ്റില_കാക്കനാട് റൂട്ടിലും ജല മെട്രോ സർവീസ് ആരംഭിക്കും. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിൽ സർവീസ് ഉണ്ടാകും. 20 രൂപയാണ് ഒറ്റത്തവണ യാത്ര ചെയ്യാനുള്ള കുറഞ്ഞ നിരക്ക്. ഈ തുകയ്ക്ക് ഹൈക്കോർട്ട് മുതൽ വൈപ്പിൻ വരെ പോകാം. വൈറ്റില_കാക്കനാട് യാത്രയ്ക്ക് 30 രൂപയാകും.
പിഎസ്എൽവി സി 55 വിക്ഷേപണം വിജയം
പിഎസ്എൽവി സി 55 വിക്ഷേപണം വിജയം. സിംഗപ്പൂരിന്‍റെ ടെലിഒഎസ് 2 അടക്കം രണ്ട് ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. റോക്കറ്റിന്‍റെ നാലാം ഘട്ടം ഏഴ് പേ ലോഡുകളുമായി ബഹിരാകാശത്ത് തുടരുകയാണ്. ഇത് മൂന്നാം വട്ടമാണ് ഇസ്രൊ ഈ പരീക്ഷണം നടത്തുന്നത്..ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ‍് എന്ന ഇസ്രൊയുടെ വാണിജ്യ വിഭാഗം വഴിയുള്ള കരാറടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ വിക്ഷേപണം.
മല്ലിക്കിനെ തടഞ്ഞ് ദില്ലി പൊലീസ്
ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മല്ലിക്കിന്റെ നേത്യത്വത്തിലുള്ള യോഗം ദില്ലി പൊലീസ് തടഞ്ഞത് നാടകീയ സംഭവങ്ങൾക്കിടയാക്കി. പുൽവാമയിൽ കേന്ദ്രസർക്കാരിന് വീഴ്ചയുണ്ടായെന്ന് വെളിപ്പെടുത്തിയതിന് തന്നോട് പ്രതികാരം തീർക്കുകയാണെന്നും നരേന്ദ്ര മോദിയെ സിംഹാസനത്തിൽ നിന്നിറക്കുമെന്നും മല്ലിക്ക് വ്യക്തമാക്കി. ഗവർണ്ണറായിരിക്കെ മല്ലിക്ക് ഒന്നും മിണ്ടാത്തതെന്തെന്ന് അമിത് ഷാ ചോദിച്ചു. പുൽവാമയിൽ നാല്പത് ജവാൻമാർ കൊല്ലപ്പെട്ടതിൽ കേന്ദ്രസർക്കാർ വീഴ്ചയുണ്ടായെന്ന് വെളിപ്പെടുത്തിയ സത്യപാൽ മല്ലിക്കിന് പിന്തുണയുമായാണ് ചില ഖാപ് പഞ്ചായത്ത് നേതാക്കൾ ഇന്ന് യോഗം ചേർന്നത്.
ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ വീടുകളില്‍ സന്ദര്‍ശനം നടത്തിയതുപോലെ പെരുന്നാള്‍ ദിനം മുസ്ലിം വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്ന ബിജെപി പ്രഖ്യാപനം നടപ്പായത് ചുരുക്കം ഇടങ്ങളില്‍ മാത്രം. പ്രധാന നേതാക്കളാരും മുസ്ലീം വീടുകള്‍ സന്ദര്‍ശിച്ചില്ല. നേതാക്കള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചിയിലാണ്. താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ മാത്രമാണ് മുസ്ലിം വീടുകളില്‍ സന്ദര്‍ശനം നടത്തിയത്. മുസ്ലിം വീടുകളില്‍ പെരുന്നാള്‍ ദിനത്തിലെത്തി ഈദ് ആശംസകള്‍ നേരണമെന്ന് കേരളത്തിന്‍റെ ചുമതലയുളള പ്രഭാരി പ്രകാശ് ജാവദേക്കറായിരുന്നു ആഹ്വാനം ചെയ്തത്.
പുതിയ പാർട്ടിയുമായി ജോണി നെല്ലൂർ
ജോണി നെല്ലൂരിന്‍റെ നേതൃത്വത്തിലുളള നാഷണൽ പ്രോഗ്രസീവ് പാർടിയുടെ പ്രഖ്യാപനം കൊച്ചിയിൽ നടന്നു.മുൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം വിവി അഗസ്റ്റിനാണ് ചെയർമാൻ. ഒരു മുന്നണിയോടും പ്രത്യേകിച്ച് അകൽച്ചയോ അടുപ്പമോ ഇല്ലെങ്കിലും രാജ്യത്തെ മോഡി ഭരണം മികച്ചെതെന്നാണ് പുതിയ പാർടിയുടെ പരസ്യ നിലപാട്. കേരളാ കോൺഗ്രസ് വിട്ട ജോണി നെല്ലൂരാണ് പാർടി വർക്കിങ് ചെയർമാൻ. മുൻ എം എൽ എ മാത്യു സ്റ്റീഫനും കെ ഡി ലൂയിസും വൈസ് ചെയർമാൻമാരാണ്.
പൂഞ്ച് ഭീകരാക്രമണം ആസൂത്രിതം, സൈനികർക്ക് വിട
പൂഞ്ച് ഭീകരാക്രമണം ആസൂത്രിതമെന്ന് കണ്ടെത്തൽ. സൈനിക ട്രക്ക് കടന്നു പോകുന്ന റോഡിൽ മരത്തടികൾ വച്ച് ഗതാഗതം തടസ്സപ്പെടുത്തിയാണ് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ഭൗതികശരീരം പൂർണ്ണബഹുമതികളോടെ സംസ്കരിച്ചു. പൂഞ്ചിൽ ഭീകരർ നടത്തിയത് ആസൂത്രിതമായ ആക്രമണം എന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ. ട്രക്ക് കടന്നു പോകുന്ന വനമേഖലയ്ക്ക് സമീപം ഒളിച്ചിരുന്ന ഭീകരർ ആദ്യം റോഡിൽ മരത്തടികൾ വച്ച് ഗതാഗതം തടസപ്പെടുത്തി.
ഔദ്യോഗിക വസതി ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി
എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. 19 വർഷമായി താമസിക്കുന്ന 12 തുഗ്ലക് ലൈനിലെ വസതിയാണ് രാഹുൽ ഒഴിഞ്ഞത്. സോണിയ ഗാന്ധിയുടെ 10 ജൻപഥിലേക്ക് രാഹുൽ താൽക്കാലികമായി മാറുന്നത്. ഇതിനിടെ മോദി പരാമർശവുമായി ബന്ധപ്പെട്ട് പാറ്റ്ന കോടതി അയച്ച സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ബീഹാർ ഹൈക്കോടതിയെ സമീപിച്ചു.