മോദിക്കെതിരെ മല്ലിക്കിന്റെ വെളിപ്പെടുത്തൽ, തൃശൂരിലെ ആൾക്കൂട്ട ആക്രമണം, വാടാതെ വേനൽ -ഇന്നത്തെ 10 വാർത്തകൾ

Published : Apr 15, 2023, 06:27 PM IST
മോദിക്കെതിരെ മല്ലിക്കിന്റെ വെളിപ്പെടുത്തൽ, തൃശൂരിലെ ആൾക്കൂട്ട ആക്രമണം, വാടാതെ വേനൽ -ഇന്നത്തെ 10 വാർത്തകൾ

Synopsis

പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം മിണ്ടരുതെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തന്നോട് ആവശ്യപ്പെട്ടെന്നും സത്യപാല്‍ മാലിക് വെളിപ്പെടുത്തി

'പുല്‍വാമ ഭീകരാക്രമണത്തില്‍ വീഴ്ച, പുറത്തുപറയരുതെന്ന് നിര്‍ദേശം'; പ്രധാനമന്ത്രിക്കെതിരെ മുന്‍ ഗവര്‍ണര്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്. പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം മിണ്ടരുതെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തന്നോട് ആവശ്യപ്പെട്ടെന്നും സത്യപാല്‍ മാലിക് വെളിപ്പെടുത്തി. ദ് വയറിന് നല്‍കിയ അഭിമുഖത്തിലാണ് മാലികിന്റെ ആരോപണങ്ങള്‍. പുല്‍വാമ ആക്രമണമുണ്ടായപ്പോള്‍ സത്യപാല്‍ ആയിരുന്നു ജമ്മു കശ്മീര്‍ ഗവര്‍ണര്‍.

സത്യപാൽ മല്ലിക്കിന്റെ വെളിപ്പെടുത്തൽ ​ഗൗരവതരം, ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺ​ഗ്രസ്

ദില്ലി: സത്യപാൽ മല്ലിക്കിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺ​ഗ്രസ്. മല്ലിക്കിന്റെ വെളിപ്പെടുത്തൽ ​ഗൗരവതരം. ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. പുറത്തുവന്ന വിവരങ്ങൾ മറയ്ക്കാൻ ശ്രമം നടത്തുന്നു. ബിജെപിയിലെ ഉന്നത നേതാവാണ് കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. സത്യം പുറത്ത് വന്നു കൊണ്ടേയിരിക്കും. പ്രധാനമന്ത്രിയുമായി അടുത്തു നിന്ന വ്യക്തിയുടെ പ്രസ്താവനയാണ്. അതിനാൽ വിഷയത്തിൻ്റെ ഗൗരവം കൂടുന്നു. പ്രധാനമന്ത്രിയെ തുറന്ന് കാണിച്ചതിനാണ് സത്യപാൽ മല്ലിക്കിന് മതിയായ സുരക്ഷയും വീടും നൽകാത്തത്. വിഷയം പ്രതിപക്ഷ കക്ഷി നേതാക്കളുമായി ഖാർഗെ സംസാരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. 

തൃശൂരിൽ യുവാവ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായെന്ന് പരാതി, ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

തൃശൂർ കിള്ളിമംഗലത്ത് ആൾക്കൂട്ട മർദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയിൽ. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് (32) ആണ് മർദ്ദനത്തിനിരയായത്. അടയ്ക്കാ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇയാളെ ആക്രമിച്ചത്. കെട്ടിയിട്ട് മർദ്ദിച്ചതിന്റെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചു. 

കോലാറിൽ സിദ്ധരാമയ്യയ്ക്ക് സീറ്റില്ല, മൂന്നാം സ്ഥാനാർത്ഥി പട്ടികയും പുറത്തുവിട്ട് കോൺഗ്രസ്, സാവഡി അതാനിയിൽ

ബെംഗളുരു : കോൺ​ഗ്രസിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്ക് സിറ്റിം​ഗ് മണ്ഡലമായ കോലാറിൽ സീറ്റില്ല. കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർഥി പട്ടികയും പുറത്തുവന്നപ്പോഴാണ് ഞെട്ടിക്കുന്ന സർപ്രൈസ്. 43 സ്ഥാനാർഥികളെയാണ് മൂന്നാം പട്ടികയിൽ പ്രഖ്യാപിച്ചത്. ബിജെപിയിൽ നിന്ന് രാജി വച്ച മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡിയ്ക്ക് അതാനി സീറ്റ് നൽകി. കോത്തൂർ ജി മഞ്ജുനാഥിനാണ് കോലാർ സീറ്റ് നൽകിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റെ മണ്ഡലത്തിൽ ഇത് വരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന ഷെട്ടറിനെ കോൺഗ്രസിലെത്തിക്കാനുള്ള ചരടുവലികൾ നടക്കുന്നുണ്ട്.

കൊടും ചൂടിൽ കേരളത്തിന് രക്ഷയില്ല! താപനില മുന്നറിയിപ്പ്, 7 ജില്ലകളിൽ ചുട്ടുപൊള്ളും; 4 ഡിഗ്രിവരെ താപനില ഉയരും

തിരുവനന്തപുരം: കേരളത്തിന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ താപനില മുന്നറിയിപ്പ്. 7 ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് താപനില ഉയരുകയെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. ഈ ജില്ലകളിൽ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയർന്നേക്കാമെന്നാണ് പ്രവചനം. പാലക്കാട് ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസിന് അടുത്തായി തുടരും. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിന് അടുത്തായി തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ബിജെപി നീക്കത്തിന് തടയിടാൻ കോൺഗ്രസ്; ക്രൈസ്തവ സഭാ അധ്യക്ഷന്മാരെ കാണാൻ കെ സുധാകരൻ

തിരുവനന്തപുരം: ക്രൈസ്തവ സഭയെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാൻ മറുതന്ത്രവുമായി കോൺഗ്രസ്. തലശ്ശേരി ആർച്ച് ബിഷപ്പിനെ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ ഇന്ന് വൈകീട്ട് സന്ദ‌ർശിക്കും. കർദ്ദിനാൾ ആലഞ്ചേരി അടക്കമുള്ള മതമേലധ്യക്ഷന്മാരുമായി അടുത്തയാഴ്ച സുധാകരൻ കൂടിക്കാഴ്ച നടത്തും.

ട്രെയിൻ തീവെയ്പ്: അന്വേഷണം കൂടുതൽ പേരിലേക്ക്, ചോദ്യം ചെയ്യൽ ദില്ലിയിലേക്കും

കോഴിക്കോട് : കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. ദില്ലിയിൽ ചോദ്യം ചെയ്യൽ നീളുകളാണ്. ഇന്നലെ അഞ്ച് പേരെ ചോദ്യം ചെയ്തു. മൂന്ന് പേർക്കു കൂടി ചോദ്യം ചെയ്യലിന് നോട്ടീസിൽ നൽകിയതായാണ് പുറത്തു വരുന്ന വിവരം. അതേസമയം അന്വേഷണസംഘം പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി. സാക്ഷികളെ ഉൾപ്പെടെ കോഴിക്കോട് പൊലീസ് ക്യാമ്പിലെത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. കേസില്‍ സാക്ഷികളിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു. 

പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ച: അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം

തിരുവനന്തപുരം : കൊച്ചിയില്‍ നവജാത ശിശുവിന് നല്‍കിയ പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ചയുണ്ടായെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ആദ്യത്തെ ബിസിജി കുത്തിവയ്പ്പിന് പകരം കുഞ്ഞിന് നൽകിയത് ആറ് ആഴ്ചക്കുശേഷം നൽകണ്ടേ കുത്തിവയ്പ്പാണ്. ബുധനാഴ്ചയാണ് പാലാരിവട്ടം സ്വദേശികളായ ദമ്പതിമാര്‍  കുഞ്ഞിന് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുത്തിവെപ്പെടുത്തത്. എട്ട് ദിവസം പ്രായമുള്ള കുഞ്ഞിനു നല്‍കേണ്ട വാക്സിന് പകരം 45 ദിസവം പ്രായമായ കുഞ്ഞിനു നല്‍കേണ്ട വാക്സിനാണ് നല്‍കിയത്.

'കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയമായി വേട്ടയാടുന്നു'; കോടതിയില്‍ പോലും കള്ളം പറയുന്നുവെന്ന് കെജ്രിവാള്‍

ദില്ലി: മദ്യനയ കേസിൽ സിബിഐ ചോദ്യം ചെയ്യാനിരിക്കെ കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അടിമുടി അഴിമതിയിൽ മുങ്ങി നില്‍ക്കുന്ന നരേന്ദ്ര മോദി തന്നെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചന നടത്തുന്നുവെന്ന്  അരവിന്ദ് കെജ്രിവാൾ അഞ്ഞടിച്ചത്. മദ്യനയക്കേസിൽ താൻ അഴിമതിക്കാരനെങ്കിൽ ഈ രാജ്യത്ത് സത്യസന്ധർ ആരുമില്ലെന്ന് കെജ്രരിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

അരിക്കൊമ്പൻ 'മിഷൻ'; ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയിൽ, തടസ ഹർജിയുമായി മൃഗസ്നേഹികളുടെ സംഘടന

ദില്ലി: അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഉത്തരവ് ഉടൻ സ്റ്റേ ചെയ്യണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം നടപടിയെടുക്കാൻ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. അതേസമയം, അരിക്കൊമ്പൻ കേസിൽ സുപ്രീംകോടതിയിൽ മൃഗസ്നേഹികളുടെ സംഘടന തടസഹർജി സമർപ്പിച്ചു. 

PREV
Read more Articles on
click me!

Recommended Stories

കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ, പോളിംഗ് 68.45%, പ്രതീക്ഷയോടെ മുന്നണികള്‍