
ശബരിമലയെ മുൻനിർത്തി സ്പോൺസറായ ഉണ്ണിക്കൃഷ്ണൻ പോറ്റി വ്യാപകമായ പണപ്പിരിവ് നടത്തിയതായി ദേവസ്വം വിജിലൻസ് കണ്ടെത്തലാണ് ഇന്നത്തെ പ്രധാന വാർത്ത. സ്വർണപാളി വിവാദത്തിൽ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടും. അതേസമയം, ഇന്ത്യ–പാക് അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്ക് കേന്ദ്രീകരിച്ച് സൈനികവിന്യാസം നടത്തുന്ന പാകിസ്ഥാന് ഇന്ത്യ കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ ആർഎസ്എസിന്‍റെ നൂറാം വാർഷികത്തിൽ സ്റ്റാംപും നാണയവും ഇറക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ കടുത്ത വിമര്‍ശനവും ഉയർത്തുന്നുണ്ട്.
ശബരിമലയെ മുൻനിർത്തി സ്പോൺസറായ ഉണ്ണിക്കൃഷ്ണൻ പോറ്റി വ്യാപകമായ പണപ്പിരിവ് നടത്തിയതായി ദേവസ്വം വിജിലൻസ് കണ്ടെത്തൽ. ഭക്തിയുടെ മറവിലായിരുന്നു പണപ്പിരിവ്. ദേവസ്വം ഉദ്യോഗസ്ഥരുടെ പിന്തുണയും പോറ്റിക്കുണ്ടായിരുന്നു. സ്വർണപാളി വിവാദത്തിൽ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടും. സിബിഐ അന്വേഷണം വേണമെന്ന് യുഡിഎഫ് കണ്‍വീനർ ആവശ്യപ്പെട്ടു.
പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്
ഇന്ത്യ–പാക് അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്ക് കേന്ദ്രീകരിച്ച് സൈനികവിന്യാസം നടത്തുന്ന പാക്കിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നുള്ള ഏത് അതിസാഹസികതയ്ക്കും കനത്ത വിലനൽകേണ്ടിവരുമെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. ഭുജിലെ സൈനിക കേന്ദ്രത്തിൽ വിജയദശമി ദിനത്തിൽ ജവാന്മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഗാന്ധിജയന്തി ആഘോഷിച്ച് രാജ്യം
ഗാന്ധി ജയന്തി ആഘോഷത്തിന്‍റെ നിറവിൽ രാജ്യം. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടക്കമുള്ള പ്രമുഖർ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ ഗാന്ധിജിയുടെ പാത പിൻതുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗാന്ധി ജയന്തി ദിനത്തിൽ ഖാദി ഉത്പന്നങ്ങൾ വാങ്ങണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ലോക്സഭ സ്പീക്കറും മറ്റു കേന്ദ്ര മന്ത്രിമാരും പാർലമെന്‍റിലെ സെൻട്രൽ ഹാളിൽ ഗാന്ധി ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി
സ്റ്റാംപും നാണയവും ഇറക്കിയതിൽ വിമർശനം
ആർഎസ്എസിന്‍റെ നൂറാം വാർഷികത്തിൽ സ്റ്റാംപും നാണയവും ഇറക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. നടപടി ഭരണഘടനയോടും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളോടുമുള്ള അധിക്ഷേപമാണെന്ന് കോൺഗ്രസ് വിമർശിച്ചു. ഗാന്ധി സ്മൃതിയെ പോലും ഭയപ്പെടുന്നതിനാലാണ് ഇതിനായി ഗാന്ധി ജയന്തിയുടെ തലേ ദിവസം തെരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കുറ്റപ്പെടുത്തി.
കെ പി മോഹനനെ കയ്യേറ്റം ചെയ്തു
കൂത്തുപറമ്പ് എംഎല്‍എയും മുന്‍മന്ത്രിയുമായ കെ പി മോഹനനെ കയ്യേറ്റം ചെയ്തു. പെരിങ്ങത്തൂര്‍ കരിയാട് വച്ചാണ്പ്രതിഷേധത്തിനിടെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തത്. കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ ചൊക്ലി പൊലീസ് സ്വമേധയാ കേസെടുത്തു. നാട്ടിലെ ഡയാലിസിസ് സെന്‍ററുമായി ബന്ധപ്പെട്ട മാലിന്യപ്രശ്നത്തില്‍ പരിഹാരം തേടിയാണ് പ്രതിഷേധിച്ചതെന്നാണ് നാട്ടുകാരുടെ പക്ഷം.
യുവനടി റിനി ജോര്‍ജ് സിപിഎം വേദിയില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സംശയ നിഴലില്‍ നിര്‍ത്തി ആദ്യം ആരോപണമുന്നയിച്ച യുവനടി റിനി ജോര്‍ജ് സിപിഎം വേദിയില്‍. പറവൂരില്‍ സിപിഎം സംഘടിപ്പിച്ച ചടങ്ങില്‍ പാര്‍ട്ടി നേതാവ് കെ ജെ ഷൈന്‍ റിനിയെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഭീഷണി കാരണമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരും പരാതി നല്‍കാത്തതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് കെ കെ ഷൈലജ പറഞ്ഞു.