
പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന ആരോപണങ്ങൾ തന്നെയാണ് ഇന്നും പ്രധാന വാര്‍ത്തകൾ. രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തു. എന്നാല്‍, എംഎല്‍എ സ്ഥാനത്ത് തുടരുന്നതിനെതിരെ വ്യാപക പ്രതിഷേധവും വിമര്‍ശനങ്ങളും ഉയരുകയാണ്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ദില്ലി സര്‍വകലാശാലയോട് നിര്‍ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് ദില്ലി ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
രാഹുലിന് സസ്പെൻഷൻ
ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തു. പാര്‍ലമെന്‍ററി പാര്‍ട്ടിയിലും അംഗത്വമുണ്ടാകില്ല. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യപ്പെട്ട നേതാക്കളും ഉപതെരഞ്ഞെടുപ്പ് ഭീതിയിൽ അയഞ്ഞതോടെയാണ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ കോൺഗ്രസ് നേതൃത്വം എത്തിയത്.
പാര്‍ട്ടിക്ക് വേണ്ട, പിന്നെ പാലക്കാടിന് എന്തിന്? പ്രതിഷേധം ഉയരുന്നു
കോൺഗ്രസ് നടപടി പോരെന്നും രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ആവർത്തിക്കുകയാണ് സിപിഎമ്മും ബിജെപിയും. ഉപതെരഞ്ഞെടുപ്പ് പേടിയില്ലെന്ന് പുറത്ത് പറയുമ്പോഴും പാലക്കാട് ഉപതെരഞ്ഞെടുപ്പുണ്ടായാൽ ബിജെപി നേട്ടമുണ്ടാക്കുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. ലൈംഗിക ആരോപണങ്ങളിൽ സ്വീകരിച്ച മൃദുസമീപനങ്ങൾ കോൺഗ്രസ് തിരിച്ചടിക്ക് ഉപയോഗിക്കുന്നതും സിപിഎമ്മിനെസമ്മർദ്ദത്തിലാക്കുന്നു. എന്നാല്‍, പാര്‍ട്ടിക്ക് പോലും വേണ്ടാത്ത നേതാവിന് എന്തിനാണ് പാലക്കാട്ടെ ജനങ്ങൾ സഹിക്കുന്നതെന്നാണ് ചോദ്യം ഉയരുന്നത്.
ഉമ തോമസിനെതിരെ സൈബര്‍ ആക്രമണം
രാഹുല്‍ മാങ്കുട്ടത്തിലിന്‍റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെ തൃക്കാക്കര എംഎല്‍എ ഉമ തോമസിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. അന്തരിച്ച പി ടി തോമസിന്‍റെ പേര് പോലും വലിച്ചിഴച്ചാണ് സൈബര്‍ വേട്ട. ജനാധിപത്യരാജ്യത്ത് പ്രതികരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നായിരുന്നു ഉമ തോമസിന്‍റെ പ്രതികരണം. സൈബര്‍ ആക്രമണം മനോരോഗമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞപ്പോള്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം രംഗത്തുവന്നു.
അജിത് കുമാറിന് കവചം
എഡിജിപി എം ആർ അജിത് കുമാറിന് വീണ്ടും അസാധാരണ സംരക്ഷണ കവചം തീർത്ത് സർക്കാർ. പൂരം കലക്കലിലും പി വിജയനെതിരെ വ്യാജ മൊഴി നൽകിയതിലും അജിത് കുമാറിനെതിരെ നടപടിയാവശ്യപ്പെട്ടുള്ളമുൻ ഡിജിപിയുടെ റിപ്പോർട്ടുകൾ സർക്കാർ മടക്കി. രണ്ടിലും പുതിയ ഡിജിപിയോട് വീണ്ടും അഭിപ്രായം തേടി.
'മോദിയുടെ ബിരുദ വിവരങ്ങൾ പുറത്ത് വിടേണ്ട'
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ദില്ലി സര്‍വകലാശാലയോട് നിര്‍ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് ദില്ലി ഹൈക്കോടതി റദ്ദാക്കി. ബിരുദം സംബന്ധിച്ചുള്ള വിഷയത്തിൽ പൊതുതാൽപര്യമില്ലെന്ന് ജസ്റ്റിസ് സച്ചിൻ ദത്ത വിധിയിൽ വ്യക്തമാക്കി. മുൻ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പത്ത്, പന്ത്രണ്ടാം ക്ലാസ് വിവരങ്ങൾ പുറത്തുവിടണമെന്ന ഉത്തരവും ജസ്റ്റിസ് സച്ചിൻ ദത്ത റദ്ദാക്കി.
തൃശൂരിലെ ലുലു മാളും വിവാദവും
തൃശൂരിൽ ലുലു മാൾ വരാത്തത് ഒരു പാര്‍ട്ടിയുടെ ഇടപെടല്‍ മൂലമെന്ന എം എ യൂസഫലിയുടെ പരാമർശത്തിന് പിന്നാലെ നിര്‍ദ്ദിഷ്ട സ്ഥലത്തെച്ചൊല്ലി വിവാദം. നെല്‍വയൽ തരംമാറ്റിയതിനെതിരെയാണ് താന്‍ പരാതിയുമായി പോയതെന്ന് പ്രാദേശിക സിപിഐ നേതാവും പരാതിക്കാരനുമായ ടി എൻ മുകുന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
കെ എ പോളിന്‍റെ ഹർജി തള്ളി
നിമിഷ പ്രിയയുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ വിലക്കണമെന്ന കെ എ പോളിന്‍റെ ഹർജി തള്ളി സുപ്രീംകോടതി. പബ്ലിസിറ്റിക്ക് വേണ്ടിയാണോ ഈ ഹർജിയെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഹർജിയിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ കോടതി പോളിന്‍റെ സഹായം ആവശ്യമെങ്കിൽ കേന്ദ്ര സർക്കാർ അറിയിക്കുമെന്നും പറഞ്ഞു
വേടനെതിരെ വീണ്ടും കേസ്
റാപ്പര്‍ വേടനെതിരെ വീണ്ടും കേസ്. യുവ ഗായികയായ ഗവേഷക വിദ്യാർഥിനിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ലൈംഗിക അതിക്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും അടക്കം കുറ്റങ്ങള്‍ ചുമത്തി. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലെ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ വരും.