
പുന്നമടയിൽ ആവേശം അണപൊട്ടിയൊഴുകിയ നെഹ്റു ട്രോഫി വള്ളംകളി തന്നെയായിരുന്നു ഇന്നത്തെ പ്രധാന ആകര്‍ഷണം. 71മത് നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം ചുണ്ടനാണ് ജേതാക്കളായത്. അതേസമയം, അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമിടയിലെ ഭിന്നത രൂക്ഷമാകുന്നതിനിടെ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങിനും നരേന്ദ്ര മോദിക്കും തമ്മില്‍ നാളെ സുപ്രധാന ചര്‍ച്ചകൾ നടത്തും. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്‍റെ പ്രതികരണവും ഇന്നത്തെ പ്രധാന വാര്‍ത്തയാണ്.
ആർപ്പോ... വീയപുരം!
71-മത് നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം ജേതാക്കൾ. നാല് മിനിറ്റ് 21 സെക്കന്‍റ് 84 മൈക്രോ സെക്കന്‍റിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ പ്രസിഡന്‍റ്സ് ട്രോഫിയിൽ മുത്തമിട്ടു. നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനത്തെത്തി. മേൽപ്പാടം ചുണ്ടൻ മൂന്നാമതും നിരണം ചുണ്ടൻ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
ഇന്ത്യ - ചൈന മഞ്ഞുരുകുമ്പോൾ
അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമിടയിലെ ഭിന്നത രൂക്ഷമാകുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും നരേന്ദ്ര മോദിക്കും നാളെ ചര്‍ച്ച നടത്തും. ജപ്പാൻ സന്ദർശനം പുർത്തിയാക്കി ഇന്ത്യൻ സമയം നാലു മണിക്ക് മോദി ചൈനയിലെ ടിൻജിയാനിൽ എത്തി. ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഇന്ത്യ ചൈന സഹകരണം അനിവാര്യമെന്ന് മോദി വ്യക്തമാക്കി. ഇതിനിടെ നൊബെൽ സമ്മാനത്തിന് ശുപാർശ ചെയ്യണം എന്ന നിർദ്ദേശം മോദി നിരസിച്ചതാണ് ഡോണൾഡ് ട്രംപ് ഇരട്ടി തീരുവ പ്രഖ്യാപിക്കാൻ കാരണമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ആഗോള അയ്യപ്പ സംഗമത്തിന് പരിപൂര്‍ണ പിന്തുണയില്ലെന്ന് എൻഎസ്എസ്
ആഗോള അയ്യപ്പ സംഗമത്തിന് പരിപൂര്‍ണ പിന്തുണയില്ലെന്ന വിശദീകരണക്കുറിപ്പുമായി എൻഎസ്എസ്. ആചാരനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെയും ക്ഷേത്ര പരിശുദ്ധി സംരക്ഷിച്ചുള്ള വികസനവുമാണ് ഉദ്ദേശിക്കുന്നതെങ്കിൽ നല്ലതെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ പറഞ്ഞു. സമിതിയുടെ നേതൃത്വം രാഷ്ട്രീയ വിമുക്തമാകണമെന്ന ഉപാധിയും വച്ചു. എൻഎസ്എസിനുള്ളിലെ എതിരഭിപ്രായത്തിനും ബിജെപി വിമര്‍ശനത്തിനും പിന്നാലെയാണ് വിശദീകരണക്കുറിപ്പ്.
കീഴാറ ഗ്രാമത്തെ നടുക്കിയ സ്ഫോടനം
കണ്ണൂർ കീഴാറ ഗ്രാമത്തെ നടുക്കിയ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചത്. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്ഫോടക വസ്തുക്കൾ ലൈസൻസ് ഇല്ലാതെ നിർമ്മിച്ചിരുന്ന വാടക വീട്ടിലാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി
രാഹുൽ നിയമസഭയിലെത്തും
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് പറയാൻ പാര്‍ട്ടിക്ക് കഴിയില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്‍റെ നിലപാട്. ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. നിയമസഭാ കക്ഷിയിൽ നിന്നും ഒഴിവാക്കി. ഇതോടെ സെപ്റ്റംബര്‍ പതിനഞ്ചിന് ചേരുന്ന നിയസഭാ സമ്മേളനത്തിൽ നിന്ന് രാഹുൽ അവധിയെടുക്കാൻ സാധ്യതയെന്നായിരുന്നു പാര്‍ട്ടി വൃത്തങ്ങളുടെ പ്രതികരണം. എന്നാൽ രാഹുൽ നിയമസഭാ സമ്മേളനത്തിലേയ്ക്ക് വരുമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ വ്യക്താക്കുന്നത്.
റോയൽസിൽ നിന്ന് പടിയിറങ്ങി ദ്രാവിഡ്
ഐപിഎല്ലിൽ പുതിയ സീസണായി തയ്യാറെടുക്കുന്ന രാജസ്ഥാൻ റോയൽസിൽ നാടകീയ നീക്കങ്ങൾ. രാഹുൽ ദ്രാവിഡ് രാജസ്ഥാന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. ക്യാപ്റ്റൻ സഞ്ജു സാംസൺ ടീം വിടുകയാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. ദ്രാവിഡുമായുള്ള ഭിന്നതയെ തുടർന്നാണ് സഞ്ജു ടീം വിടാൻ ശ്രമിക്കുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam