'നാണം കെട്ടവർ'; സ്മൃതി ഇറാനിക്കായി അനിൽ ആന്‍റണി, രാഹുലിനായി കോൺഗ്രസ്, ചിരി മായ്ച്ച് ഇന്നസെന്‍റ്- 10 വാർത്തകൾ

By Web TeamFirst Published Mar 28, 2023, 6:41 PM IST
Highlights

മലയാള സിനിമയുടെ ചിരി മുഖം ഇന്നസെന്‍റിന്‍റെ വിയോഗം, ആധാർ-പാൻ ലിങ്ക് ചെയ്യാനുള്ള പുതുക്കിയ തീയതി, കെ സുരേന്ദ്രന്‍റെ വിവാദ പ്രസ്താവനയും വിമര്‍ശനങ്ങളും- ഇന്നത്തെ പ്രധാന 10 വാര്‍ത്തകളറിയാം

തിരുവനന്തപുരം: ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്കായി രാജ്യ വ്യാപകമായ സമരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കോലാറില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരില്‍ അയോഗ്യനാക്കപ്പെട്ടതുകൊണ്ട് അതേ സ്ഥലത്ത് രാഹുലിനെ എത്തിച്ച് വലിയ സമരപോരാട്ടങ്ങള്‍ക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. അതിനിടെ കോണ്‍ഗ്രസ് വിട്ട അനില്‍ ആന്‍റണി ബിജെപി നേതാക്കള്‍ക്കായി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചും കോണ്‍ഗ്രസിനെ പരിഹസിച്ചും അനില്‍ രംഗത്തുണ്ട്. മലയാള സിനിമയുടെ ചിരി മുഖം ഇന്നസെന്‍റിന്‍റെ വിയോഗം, ആധാർ-പാൻ ലിങ്ക് ചെയ്യാനുള്ള പുതുക്കിയ തീയതി, കെ സുരേന്ദ്രന്‍റെ വിവാദ പ്രസ്താവനയും വിമര്‍ശനങ്ങളും- ഇന്നത്തെ പ്രധാന 10 വാര്‍ത്തകളറിയാം

1. രാഹുലിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്; ഏപ്രില്‍ 15 മുതല്‍ 30 വരെ 'ജയ് ഭാരത്', രാജ്യവ്യാപക സമരം 

ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് പ്രതിഷേധം തുടരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. ഇന്ന് രാത്രി 7 മണിക്ക് ചെങ്കോട്ടയിൽ ദീപം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. ഏപ്രിൽ 15 മുതല്‍  ഏപ്രിൽ 30 വരെ ജില്ലാടിസ്ഥാനത്തിൻ ജയ് ഭാരത് എന്ന പേരില്‍ രാജ്യ വ്യാപകമായി സമരപരിപാടികള്‍ നടത്തും. ജനാധിപത്യത്തെ സംരക്ഷിക്കാൻ 19 പ്രതിപക്ഷ പാർട്ടികൾ ഈ നീക്കത്തിലുണ്ടാകും. അദാനി വിഷയത്തിൽ പ്രധാനമന്ത്രിക്ക് യൂത്ത് കോൺഗ്രസ്, എൻ എസ് യു പ്രവർത്തകർ കൂട്ടത്തോടെ കത്തയക്കുമെന്നും വേണുഗോപാൽ  കൂട്ടിച്ചേര്‍ത്തു. 

2. 'നാണം കെട്ടവർ'; സ്മൃതി ഇറാനിക്കെതിരായ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ പരാമർശത്തിന് രൂക്ഷ വിമര്‍ശനവുമായി അനിൽ

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ബി വി ശ്രീനിവാസിന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ പദവി രാജി വച്ചതിന് പിന്നാലെ ഇന്‍ബോക്സിലും കമന്‍റ് ബോക്സിലും നിറയുന്ന അസഭ്യ വര്‍ഷം വ്യക്തമാക്കുന്നത് അവരുടെ മനസിലുള്ളതാണ്. സംസ്കാരമില്ലാത്ത വായില്‍ നിന്നാണ് രാഷ്ട്രീയ വാഗ്വാദത്തിന് വേണ്ടിയാണെങ്കില്‍ പോലും ഇത്തരം പരാമര്‍ശങ്ങള്‍ വരികയെന്നും വിശദമാക്കിക്കൊണ്ടാണ് ബി വി ശ്രീനിവാസിന്‍റെ വിവാദ പരാമര്‍ശ വീഡിയോ അനില്‍ പങ്കുവച്ചത്.

3. ആധാർ-പാൻ ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി; പിഴയിൽ മാറ്റമില്ല

ദില്ലി:  ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി നീട്ടി.  2023 ജൂൺ 30 വരെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചു. നികുതിദായകർക്ക്, പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കുന്നതിന് കുറച്ച് സമയം കൂടി നൽകുന്നതിന് സമയപരിധി നീട്ടിയതായി സിബിഡിടി വിജ്ഞാപനത്തിൽ അറിയിച്ചു. അതേസമയം ജൂൺ 30 നുള്ളിൽ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകും  

4. ശബരിമല തീർത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; കുട്ടികളടക്കം 72 അയ്യപ്പഭക്തർ അപകടത്തിൽ പെട്ടു

ശബരിമല തീർത്ഥാടകർ സഞ്ചാരിച്ച ബസ് മറിഞ്ഞു. നിലക്കലിന് അടുത്ത് ഇലവുങ്കലിലാണ് അപകടം നടന്നത്. തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് മറിഞ്ഞതെന്നാണ് വിവരം. ബസിൽ അറുപതോളം ആളുകളുണ്ട്. തമിഴ്നാട് നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽ പെട്ടത്. ഇലവുങ്കൽ - എരുമേലി റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ 20ഓളം പേരെ പുറത്തെടുത്തുവെന്നാണ് സ്ഥലത്ത് നിന്ന് കിട്ടുന്ന ഏറ്റവും പുതിയ വിവരം. പരിക്കേറ്റ അയ്യപ്പ ഭക്തരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

5.  അരനൂറ്റാണ്ട് ചിരിപ്പിച്ചു, ഒടുവിൽ കേരളക്കരയെ കണ്ണീരിലാഴ്ത്തി ഇന്നച്ചൻ മടങ്ങി

അരനൂറ്റാണ്ട് മലയാളത്തിന്റെ ചിരിയായിരുന്ന ഇന്നസെന്റിന് കലാകേരളം ഇന്ന് യാത്ര നൽകി. 'നിങ്ങളുടെ ഒക്കെ കാലം കഴിഞ്ഞാലും ഞാൻ ഇവിടെ ഉണ്ടാകും', ഒരിക്കൽ ഏഷ്യാനെറ്റ്  ഫിലിം അവാർഡ് സ്വീകരിച്ചു കൊണ്ട് ഇന്നസെന്റ് പറഞ്ഞ വാക്കുകളാണിത്. ഒടുവിൽ എല്ലാവരെയും കണ്ണീരിലാഴ്ത്തി അദ്ദേഹം യാത്രയാകുമ്പോൾ ആ വാക്കുകൾ ഓരോരുത്തരുടെയും ഉള്ളിൽ നോവായി മാറുന്നു. ബി​ഗ് സ്ക്രീനിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ അത് തങ്ങളില്‍ ഒരാളാണെന്ന് ആസ്വാദകര്‍ക്ക് തോന്നുന്ന അപൂര്‍വ്വം അഭിനേതാക്കളെയുള്ളൂ. മലയാളത്തിൽ ആ വിശേഷണത്തിന് അർഹനായ നടന്മാരിൽ ഒരാളായിരുന്നു ഇന്നസെന്റ്.  

6. രാഹുൽ ഗാന്ധി വീണ്ടും കോലാറിലേക്ക്, കർണാടകയിൽ 'അയോഗ്യത' ആയുധമാക്കാൻ കോൺഗ്രസ്, അതേ സ്ഥലത്ത് വേദിയൊരുക്കും

ലോക്സഭയിൽ നിന്ന് അയോ​ഗ്യനായതിന് പിന്നാലെ വീണ്ടും കോലാറിലേക്ക് പോകാൻ തീരുമാനിച്ച് രാഹുൽ ​ഗാന്ധി. കർണാടകയിലെ കോലാറിൽ നടത്തിയ പ്രസം​ഗത്തിലെ പരാമർശത്തെ തുടർന്നാണ് രാഹുലിനെതിരെ മാനനഷ്ടക്കേസെടുത്തതും പിന്നീട് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതും. ഈ പശ്ചാത്തലത്തിലായിരുന്നു സ്പീക്കർ രാഹുലിനെ അയോ​ഗ്യനായി പ്രഖ്യാപിച്ചത്. എന്നാൽ കോലാറിൽ വീണ്ടുമെത്താനാണ് രാഹുലിന്റെ തീരുമാനം. ഏപ്രിൽ 5 ന് കോലാറിൽ വൻ പ്രതിഷേധപരിപാടിക്ക് കളമൊരുക്കുകയാണ് കോൺഗ്രസ്. 

7. അമൃത്പാൽ സിങ് ദില്ലിയിലെത്തി? ഖലിസ്ഥാൻ വാദി നേതാവിന്റേതെന്ന് സംശയം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ് മാർച്ച് 21ന് ദില്ലിയില്‍ എത്തിയതായി സൂചന. ദില്ലിയിലേതെന്ന് സംശയിക്കുന്ന അമൃത്പാലിന്‍റെയും സഹായിയുടെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.  അമൃത്പാലിനെതിരായ നടപടിയും സിക്ക് പ്രക്ഷോഭവും തുടരുന്നതിനിടെ ബിബിസി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേർപ്പെടുത്തി. അമൃത്പാല്‍ സിങിനായുള്ള തെരച്ചില്‍  നേപ്പാള്‍ വരെ എത്തി നിൽക്കുമ്പോഴാണ് ദില്ലിയിലേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. 

8.'ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാട് സ്പോൺസേ‍ർഡ് തീവ്രവാദം, മുഖ്യസൂത്രധാരൻ ശിവശങ്ക‍ർ'; ഇഡി കോടതിയിൽ

ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാട് സ്പോൺസേ‍ർഡ് തീവ്രവാദമെന്ന് എൻഫോഴ്സ്മെന്‍റ്  ഡയറക്ട്രേറ്റ് ഹൈക്കോടതിയിൽ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് ഇതിന്‍റെ സൂത്രധാരനെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു. എന്നാൽ സ്വപ്നയുടെ ലോക്കറിൽ നിന്ന് കിട്ടിയ പണത്തിന്‍റെ പേരിൽ രണ്ട് കേസുകൾ എങ്ങനെയാണ് എടുക്കുന്നതെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ ഇ ഡി, കോടതിയെ അറിയിച്ചത്.

9. 'രാഹുൽ അമ്മയ്ക്കൊപ്പം താമസിക്കും, അല്ലെങ്കിൽ എനിക്കൊപ്പം വരും'; ബിജെപിക്ക് മറുപടിയുമായി ഖാര്‍ഗെ

ലോക്സഭാം​ഗത്വം നഷ്ടപ്പെട്ട രാഹുൽ​ഗാന്ധി ഒരു മാസത്തിനകം വീടൊഴിയണമെന്ന ലോക്സഭാ സെക്രട്ടേറിയറ്റ് നടപടിക്കെതിരെ പ്രതികരണവുമായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ. രാഹുലിന് പരാമവധി ക്ഷീണിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന്റെ ഭാ​ഗമാണ് വീടൊഴിയാൻ ആവശ്യപ്പെട്ടത്. എന്നാൽ രാഹുൽ അവന്റെ അമ്മക്കൊപ്പമോ എനിക്കൊപ്പമോ താമസിക്കും. ഞാനൊഴിഞ്ഞു നൽകുമെന്നും ഖാർ​ഗെ പറഞ്ഞു. രാഹുലിനെ ഇല്ലാതാക്കാനും ഭീഷണിപ്പെടുത്താനുമുള്ള സർക്കാരിന്റെ ശ്രമങ്ങളെ ഞാൻ അപലപിക്കുന്നു. എന്നാലിതൊരു മാർ​​ഗമല്ല. ചിലപ്പോൾ വീടില്ലാതെ മൂന്നോ നാലോ മാസമോ കഴിഞ്ഞേക്കാം. എനിക്ക് ആറുമാസം കഴിഞ്ഞാണ് വീട് ലഭിച്ചത്. മറ്റുള്ളവരെ ദ്രോഹിക്കാനാണ് ചിലർ ഇതെല്ലാം ഉപയോ​ഗിക്കുന്നത്.-ഖാർ​ഗെ പറഞ്ഞു.

10. പാർട്ടി പ്രസിഡന്‍റും മുതിർന്ന വനിത നേതാവും തുറന്ന പോരിൽ, പരസ്യമായി ഏറ്റുമുട്ടൽ; ബിജെപിക്ക് തീരാ തലവേദന

ഒരിടവേളക്ക് ശേഷം സംസ്ഥാന ബിജെപിയിലെ ഭിന്നത വീണ്ടും മറനീക്കി പുറത്തേക്ക്. കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും തൃശൂരിൽ കഴിഞ്ഞ ദിവസം നടത്തിയ പരസ്യ ഏറ്റുമുട്ടൽ പാർട്ടിയിൽ വരും നാളുകളിൽ ശക്തമാകുന്ന പോരിന്‍റെ തുടക്കമാണ്. ശോഭാ സുരേന്ദ്രനെ വേദിയിലിരുത്തിയുള്ള സുരേന്ദ്രന്‍റെ വിമർശനവും നയിച്ച സമരത്തിന്‍റെ കണക്ക് നിരത്തിയുള്ള ശോഭാ സുരേന്ദ്രൻറെ മറുപടിയും ആകസ്മികമായുണ്ടായതല്ല. വലിയൊരിടവേളക്ക് ശേഷമായിരുന്നു സുരേന്ദ്രനും ശോഭയും ഒരു വേദിയിലെത്തിയത്.

click me!