Asianet News MalayalamAsianet News Malayalam

അമൃത്പാൽ സിങ് ദില്ലിയിലെത്തി? ഖലിസ്ഥാൻ വാദി നേതാവിന്റേതെന്ന് സംശയം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

അമൃത്പാല്‍ സിങിനായുള്ള തെരച്ചില്‍  നേപ്പാള്‍ വരെ എത്തി നിൽക്കുമ്പോഴാണ് ദില്ലിയിലേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്

Amrithpal singh reached delhi questions on CCTV kgn
Author
First Published Mar 28, 2023, 5:50 PM IST

ദില്ലി: ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ് മാർച്ച് 21ന് ദില്ലിയില്‍ എത്തിയതായി സൂചന. ദില്ലിയിലേതെന്ന് സംശയിക്കുന്ന അമൃത്പാലിന്‍റെയും സഹായിയുടെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.  അമൃത്പാലിനെതിരായ നടപടിയും സിക്ക് പ്രക്ഷോഭവും തുടരുന്നതിനിടെ ബിബിസി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേർപ്പെടുത്തി.

അമൃത്പാല്‍ സിങിനായുള്ള തെരച്ചില്‍  നേപ്പാള്‍ വരെ എത്തി നിൽക്കുമ്പോഴാണ് ദില്ലിയിലേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. സിക്ക് തലപ്പാവില്ലാതെ കൂളിങ്ഗ്ലാസും ജാക്കറ്റും ധരിച്ച് നടന്നു നീങ്ങുന്ന അമൃത്പാല്‍ സിങാണ് ദൃശ്യങ്ങളിലുള്ളത്. സഹായിയായ പൽപ്രീത് സിങും അമൃത്പാലിനൊപ്പമുണ്ട്. ഇത് മാർച്ച് 21 ന് ദില്ലിയിലേതെന്നാണ് പൊലീസ് കരുതുന്നത്.   നേരത്തെ ഹരിയാനയിലെ കുരുക്ഷേത്രയില്‍ അമൃത്പാല്‍ താമസിച്ചതായുള്ള തെളിവുകള്‍ പഞ്ചാബ് പൊലീസിന് ലഭിച്ചിരുന്നു. അതിനാല്‍ കുരക്ഷേത്രയില്‍ നിന്ന് അമൃത്പാല്‍ നേരെ ദില്ലിയിലെത്തി എന്നാണ് അനുമാനം.  

അമൃത്പാലിനായി മാർച്ച് 18ന് തുടങ്ങിയ തെരച്ചില്‍ 28  ആം തിയ്യതി എത്തി നില്‍ക്കുമ്പോൾ പ്രധാന അന്വേഷണം നേപ്പാള്‍ കേന്ദ്രീകരിച്ചാണ്. ഇന്ത്യ ആവശ്യപ്പെട്ടത് അനുസരിച്ച് നേപ്പാള്‍ സർക്കാർ രാജ്യത്ത് നിരീക്ഷണ പട്ടികയിൽ ഉള്‍പ്പെടുത്തി അമൃത്പാലിനായുള്ള തെരച്ചില്‍ നടത്തുന്നുണ്ട്. ഇന്ന്  അമൃത്പാലിന്‍റെ അഭിഭാഷകന്‍ നല്‍കിയ ഹേബിയസ് കോർപ്പസ് ഹ‍ർജി പഞ്ചാബ് ഹരിയാന ഹൈക്കോടതി പരിഗണിച്ചു. ഈ ഘട്ടത്തിൽ അമൃത്പാലിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിന് തൊട്ടടുത്താണ് പൊലീസെന്നും ആഭ്യന്തരവകുപ്പ് കോടതിയെ അറിയിച്ചു.

അമൃത്പാലിനെതിരായ പൊലീസ് നടപടികളും അതിനെതിരായ സിക്ക് പ്രക്ഷോഭവും തുടരുന്നതിനിടെ ഇന്ന് ബിബിസി പഞ്ചാബിയുടെ ട്വിറ്റർ പേജ് ഇന്ത്യയില്‍ വിലക്കി. അധികൃതരുടെ നിര്‍ദേശത്തെ തുടർന്നാണ് നടപടിയെന്ന് ട്വിറ്റർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ മാധ്യമപ്രവ‍ർത്തകരുടെയും കനേഡിയൻ ജനപ്രിതിനിധിയുടെയും ട്വിറ്റ‍ർ അക്കൗണ്ടുകള്‍ അമൃത്പാല്‍ അനുകൂല പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ വിലക്കിയിരുന്നു

Follow Us:
Download App:
  • android
  • ios