Asianet News MalayalamAsianet News Malayalam

അരനൂറ്റാണ്ട് ചിരിപ്പിച്ചു, ഒടുവിൽ കേരളക്കരയെ കണ്ണീരിലാഴ്ത്തി ഇന്നച്ചൻ മടങ്ങി

'പാർപ്പിട'ത്തിൽ നിന്നും ഇന്നച്ചൻ ഇന്ന് അവസാനം വിടപറഞ്ഞപ്പോൾ ജനം തേങ്ങലടക്കി.

late malayalam film actor innocent last journey nrn
Author
First Published Mar 28, 2023, 12:04 PM IST

'നിങ്ങളുടെ ഒക്കെ കാലം കഴിഞ്ഞാലും ഞാൻ ഇവിടെ ഉണ്ടാകും', ഒരിക്കൽ ഏഷ്യാനെറ്റ്  ഫിലിം അവാർഡ് സ്വീകരിച്ചു കൊണ്ട് ഇന്നസെന്റ് പറഞ്ഞ വാക്കുകളാണിത്. ഒടുവിൽ എല്ലാവരെയും കണ്ണീരിലാഴ്ത്തി അദ്ദേഹം യാത്രയാകുമ്പോൾ ആ വാക്കുകൾ ഓരോരുത്തരുടെയും ഉള്ളിൽ നോവായി മാറുന്നു.

ബി​ഗ് സ്ക്രീനിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ അത് തങ്ങളില്‍ ഒരാളാണെന്ന് ആസ്വാദകര്‍ക്ക് തോന്നുന്ന അപൂര്‍വ്വം അഭിനേതാക്കളെയുള്ളൂ. മലയാളത്തിൽ ആ വിശേഷണത്തിന് അർഹനായ നടന്മാരിൽ ഒരാളായിരുന്നു ഇന്നസെന്റ്. അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് എക്കാലത്തേക്കും ചിരിയുടെ പൂത്തിരി പകര്‍ന്ന വിഖ്യാതനടന്‍, താൻ സമ്മാനിച്ച, അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ, പകർന്നു നൽകിയ ആത്മവിശ്വാസത്തിലൂടെ ഓരോ മലയാളികളുടെയും മനസ്സിൽ എന്നും ജീവിക്കും.  

രണ്ട് തവണ ക്യാൻസർ എന്ന മഹാരോ​ഗത്തെ പൊരുതി തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇന്നസെന്റിനെ ഏതാനും നാളുകൾക്ക് മുമ്പാണ്, രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചത്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ചികിത്സ തുടർന്നെങ്കിലും മാർച്ച് 26ന് ഇന്നസെന്റ് വിടപറഞ്ഞു. പ്രിയ നടന്റെ, സഹ പ്രവർത്തകന്റെ വിയോ​ഗം അറിഞ്ഞ് കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ആശുപത്രിയിലേക്ക് ജനങ്ങൾ ഓടിയെത്തി. സങ്കടം താങ്ങാനാകാതെ കണ്ണുകളിൽ ഇറനണിഞ്ഞു. 

late malayalam film actor innocent last journey nrn

ഇന്നലെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലും പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചിരുന്നു. പലരും അദ്ദേഹത്തിന്റെ ഓർമകൾ പങ്കുവച്ചു. ചിലർ കരച്ചിൽ ഉള്ളിലൊതുക്കി, മറ്റു ചിലർ പൊട്ടിക്കരഞ്ഞു. പലരും അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരത്തിൽ നിസഹായതയോടെ നോക്കി നിന്നു. ഒടുവിൽ അരനൂറ്റാണ്ട് മലയാളത്തിന്റെ ചിരിയായിരുന്ന ഇന്നസെന്റിന് കലാകേരളം ഇന്ന് യാത്ര നൽകി.

നല്പത്തി ആറ് വർഷം സുഖത്തിലും ദുഃഖത്തിലും ഒപ്പം ഉണ്ടായിരുന്നു ആലീസിന്റെ വിതുമ്പൽ കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. 'പാർപ്പിട'ത്തിൽ നിന്നും ഇന്നച്ചൻ ഇന്ന് അവസാനം വിടപറഞ്ഞപ്പോൾ ജനം തേങ്ങലടക്കി. എന്നും സ്വന്തം നാടിനെ ചേർത്തുനിർത്തിയ ഇന്നച്ചന് കണ്ണീരിൽ കുതിർന്ന യാത്രയപ്പ് നൽകി ഇരങ്ങാലക്കുടയും. അന്ത്യ ചുംബനം നൽകി ഉറ്റവർ ഇന്നസെന്റിനെ യാത്രയാക്കുമ്പോൾ മലയാള സിനമയുടെ ഒരു അഭിനയയു​ഗത്തിന് കൂടി അന്ത്യമാകുക ആയിരുന്നു.

late malayalam film actor innocent last journey nrn

ഇന്നസെന്റ് എന്ന പേര് കേട്ടാൽ മലയാളികളുടെ മനസ്സിലേക്ക് ഓടിവരുന്നത് ഒട്ടേറെ തമാശകളും ഭാവങ്ങളും സംഭാഷണങ്ങളുമായി. അത്രയ്ക്ക് ആത്മബന്ധം ഇന്നച്ചനുമായി മലയാളികൾക്ക് ഉണ്ടായിരുന്നു. ഇന്നസെന്റിന്റ നോട്ടവും ഭാവവും സംഭാഷണ രീതിയുമെല്ലാം മലയാളികള്‍ക്ക് മന:പാഠമായി. പേരിലുള്ള നിഷ്‍കളങ്കത സിനിമയ്‍ക്ക് പുറത്തെ തന്റെ സംഭാഷണങ്ങളിലും ഫലിപ്പിക്കാൻ ഇന്നസെന്റ് ശ്രമിക്കാറുണ്ടായിരുന്നു. അതുകൊണ്ടാണ് മനുഷ്യസഹജമായ അസൂയയും കുശുമ്പുമൊക്കെ തനിക്കുമുണ്ട് എന്ന് തുറന്നുപറയാൻ ഇന്നസെന്റ് മടി കാണിക്കാതിരുന്നത്. സിനിമ എന്നതിനപ്പുറം സഹപ്രവർത്തകരെ ശാസിക്കാനും ഒപ്പം ചേർത്തുനിർത്താനും ഇന്നച്ചനായി. 

46 വർഷം, സുഖത്തിലും ദുഃഖത്തിലും ചേർത്ത് നിർത്തിയ സ്നേഹം, ഒടുവിൽ ആലീസിനെ തനിച്ചാക്കി ഇന്നച്ചൻ പോയി

'നൃത്തശാല' എന്ന ചിത്രത്തിലൂടെ 1972 - ൽ വെള്ളിത്തിരയിൽ എത്തിയ ഇന്നസെന്‍റ് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു. പിന്നീട് അദ്ദേഹത്തിന്റെ അഭിനയ മികവിൽ മലയാളികൾ കണ്ടത് എക്കാലത്തെയും മികച്ച കഥാപാത്രങ്ങൾ. മറ്റാരാലും പകർന്നാടാൻ കഴിയാത്തവ. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം, സുരേഷ് ​ഗോപി തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പം സുഹൃത്തായും സഹോദരനായും അച്ഛനായും എല്ലാം ഇന്നസെന്റ് തിളങ്ങി. പ്രേക്ഷകരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. 

late malayalam film actor innocent last journey nrn

അവതരിപ്പിച്ച കഥാപാത്രങ്ങളെപ്പോലെ ജീവിതത്തിലും നര്‍മ്മം കൊണ്ടുനടന്ന ആളാണ് ഇന്നസെന്റ്. ഇല്ലെങ്കിൽ ഏവരും പതറിപ്പോകുന്ന ഒരുരോ​ഗത്തെ മുഖാമുഖം കണ്ട് തിരിച്ചുവന്ന ഇന്നസെന്റ് 'ക്യാൻസർ വാർ​ഡിലെ ചിരി' എന്ന പേരിൽ പുസ്തകം എഴുതില്ലല്ലോ. സിനിമയ്ക്ക് പുറത്ത് അദ്ദേഹം പറഞ്ഞതൊന്നും വെറും നര്‍മ്മമായിരുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള വലിയ ദര്‍ശനങ്ങളൊക്കെ നര്‍മ്മത്തിന്‍റെ ചെറിയ ചിമിഴുകളില്‍ ഒളിപ്പിച്ച് അദ്ദേഹം അവതരിപ്പിക്കുക ആയിരുന്നു. ആ നർമ്മങ്ങൾ ഒപ്പമുള്ളവർക്ക് തമാശയും ചിന്തയും സമ്മാനിച്ചിരുന്നു. 

ഇനി ചിരിയോർമ്മ, പ്രിയപ്പെട്ട ഇന്നസെന്റിന് വിടചൊല്ലി കലാകേരളം

നടൻ എന്ന നിലയിൽ മാത്രമല്ല, മികച്ച രാഷ്ട്രീയക്കാരനും കൂടിയാണ് താനെന്ന് ഈ കാലത്തിനിടയ്ക്ക് ഇന്നസെന്റ് തെളിയിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ സിനിമാ നടനെന്ന ലേബലിൽ മാത്രം നടന്നു കയറിയ വ്യക്തിത്വം ആയിരുന്നില്ല ഇന്നസെന്‍റിന്‍റേത്. പലതവണ രാഷ്ട്രീയത്തിൽ അവസരം വന്നെങ്കിലും  സിനിമാ തിരക്ക് കാരണം ഒഴിഞ്ഞുമാറിയ ഇന്നസെന്‍റ് ഒടുവിൽ 2014ൽ സ്ഥാനാർഥിയാകാമെന്ന് സമ്മതിക്കുകയായിരുന്നു. യു ഡി എഫിന് മുൻതൂക്കമുണ്ടായിരുന്ന ചാലക്കുടിയിലെ ഇന്നസെന്റ് വിജയ കിരീടം ചൂടി. 2019 ൽ ബെന്നി ബഹ്നാന് മുന്നിൽ പരാജയപ്പെട്ടു. എങ്കിലും ചാലക്കുടിക്കാർക്കും ഇരിങ്ങാലക്കുടക്കാർക്കും ഇന്നസെന്‍റ് എന്നും പ്രിയപ്പെട്ടവൻ തന്നെയാണ്. അതുകൊണ്ടുതന്നെ 'മരണം വരെ മാറാത്ത കമ്യുണിസ്റ്റുകാരൻ' എന്ന നിലയിൽ ഇന്നച്ചനെ അവർ ഓർക്കും. 

late malayalam film actor innocent last journey nrn

അഞ്ച് പതിറ്റാണ്ടിന്റെ ചലച്ചിത്ര യാത്ര അവസാനിപ്പിച്ച് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ കടന്നുപോകുമ്പോൾ ബാക്കിയാകുന്നത് ഒരു വലിയ ചിരിയാണ്. താമാശകൾ പറഞ്ഞു കൊണ്ട് ഇന്നസെന്റ് ചിരിക്കുമായിരുന്ന അതേ ചിരി. ഇന്നച്ചനെ മരണം കവർന്നെടുത്തെങ്കിലും അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ എന്നും ജീവിക്കുമെന്നുറപ്പ്. 

Follow Us:
Download App:
  • android
  • ios