Asianet News MalayalamAsianet News Malayalam

ബജറ്റിൽ കൂട്ടിയതൊന്നും കുറച്ചില്ല; ഇന്ധന സെസ് അടക്കം പിൻവലിക്കില്ലെന്ന് ധനമന്ത്രി; പ്രതിപക്ഷം ഇറങ്ങിപ്പോയി

ബജറ്റിൽ കൂട്ടിയതൊന്നും കുറച്ചില്ല; ഇന്ധന സെസ് അടക്കം പിൻവലിക്കില്ലെന്ന് ധനമന്ത്രി; പ്രതിപക്ഷം ഇറങ്ങിപ്പോയി

Kerala Assembly passes budget tax hike continue kgn
Author
First Published Feb 8, 2023, 4:19 PM IST

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കൂട്ടിയ നികുതിയൊന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ കുറച്ചില്ല. പ്രതിപക്ഷ വിമർശനത്തിന് ഏറെ നേരം സമയമെടുത്ത് വിശദീകരണം നൽകിയ ശേഷം നികുതി വർധനയുമായി മുന്നോട്ട് പോവുകയാണെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഭരണപക്ഷത്തിന്റെ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ സഭ വിട്ടു. ഇതോടെ ഇന്ധന സെസ് രണ്ട് രൂപ കൂട്ടിയതും ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചതും അടക്കം എല്ലാ നികുതി വർധനവും ഇതോടെ അടുത്ത സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിൽ വരും.

ബിജെപി സംസ്ഥാന പ്രസിഡന്റ് പറയുന്നത് ന്യായീകരിക്കാനാണോ പ്രതിപക്ഷം ഇരിക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രതികരണങ്ങൾക്കുള്ള മറുപടിയിൽ പറഞ്ഞു. കേരളത്തിന് കിട്ടേണ്ട പണം വെട്ടിക്കുറയ്ക്കുന്നത് കേരളത്തിലെ നിയമസഭയിൽ ഒരു യുഡിഎഫ് അംഗവും ന്യായീകരിക്കുന്നത് ശരിയല്ല. കേരളത്തിന് ഒന്നും കിട്ടേണ്ട എന്ന നിലപാട് അംഗീകരിക്കാനാവില്ല. കേരളത്തിന് അർഹമായ വിഹിതം വെട്ടികുറച്ചതിനെ പ്രതിപക്ഷം ന്യായീകരിക്കുന്നു. എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് 5 കോടിയിൽ നിന്ന് 6 കോടി ആക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെടുന്നു. ഉള്ളത് തന്നെ കൊടുക്കാനാവാത്ത സ്ഥിതിയാണ്. ഫണ്ട് കൂട്ടണം എന്ന് പറയുന്ന നിങ്ങൾ ആണ് വരുമാനം കൂട്ടാൻ ഉള്ള സെസ് കുറക്കാൻ ആവശ്യപ്പെടുന്നതെന്നും ധനമന്ത്രി പറഞ്ഞു.

1960-70 കാലത്തെ നികുതിയാണ് പലയിടത്തും. തദ്ദേശ നികുതികൾ ഒന്നും സംസ്ഥാന സർക്കാരിന് കിട്ടുന്നതല്ല. കോർട്ട് ഫീ സ്റ്റാംപ് തുകയുടെ വലിപ്പമല്ല പ്രശ്നം. ആ മേഖലയിൽ നിന്ന് തന്നെ പരിഷ്കരണം വേണമെന്ന് ആവശ്യം വന്നു. മദ്യവില കഴിഞ്ഞ 2 വർഷമായി കൂട്ടിയിട്ടില്ല. 500 രൂപയ്ക്ക് മുകളിൽ 20 രൂപയും 1000 രൂപയ്ക്ക് മുകളിൽ 40 രൂപയുമാണ് കൂട്ടിയത്. ആകെ വിൽക്കുന്ന നല്ലൊരു ഭാഗവും 500ന് താഴെയാണ്. 

പെട്രോൾ വില വർധന പ്രത്യേക ഫണ്ടെന്ന നിലയിലാണ്. കേന്ദ്രം പെട്രോൾ വിലയിൽ 20 രൂപ എടുക്കുന്നു. 7500 കോടി കേന്ദ്രം ഇന്ധനത്തിൽ പിരിക്കുന്നു. പ്രത്യേക സാഹചര്യത്തിൽ പിരിക്കാം എന്ന ന്യായം വെച്ചാണ് പിരിവ്. സംസ്ഥാനം കൂട്ടിയപ്പോൾ വലിയ പ്രതിഷേധം നടക്കുന്നു. ഇങ്ങിനെ പ്രതിഷേധം സെസിൽ വേണോ. വണ്ടി കത്തിച്ചത് ഒഴിവാക്കാമായിരുന്നു. നികുതി അസാമാന്യ ഭാരം അല്ല. പെൻഷൻ നിർത്തണോയെന്നും ചോദിച്ച മന്ത്രി കൂട്ടിയ ഒരു നികുതിയും പിരിക്കില്ലെന്ന് പറഞ്ഞു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി.

ഇന്നലെ നേതാക്കൾക്കിടയിൽ നികുതി വർധന കുറയ്ക്കുമെന്ന നിലയിൽ സൂചനയുണ്ടായിരുന്നു. എന്നാൽ അത്തരത്തിൽ നികുതി കുറച്ചാൽ പ്രതിപക്ഷ പ്രതിഷേധത്തിന്റെ വിജയമാകുമെന്ന വിലയിരുത്തലിന്റെ കൂടി പശ്ചാത്തലത്തിലാണ് ചില്ലിക്കാശ് കുറയ്ക്കേണ്ടെന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്.

Follow Us:
Download App:
  • android
  • ios