ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായയാണ് ഹർജി നൽകിയത്

ദില്ലി: സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. ഹർജിക്കാരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹർജി സുപ്രീം കോടതി തള്ളിയത്. ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്ന് ഹർജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. ഹർജി വിരൽ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്. ഇത് ക്രൂരമാണ്. രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്നും ഹർജി പരിഗണിച്ച സുപ്രീം കോടതി ജസ്റ്റിസ് കെഎം ജോസഫ് ഹർജിക്കാരനോട് ചോദിച്ചു. വിദേശ അധിനിവേശത്തിൽ പേര് മാറ്റിയ ആയിരം സ്ഥലങ്ങളെ പുനർനാമകരണം ചെയ്യാൻ കമ്മീഷനെ വെക്കണമെന്നായിരുന്നു ഹർജി. ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായയാണ് ഹർജി നൽകിയത്. 

ഹർജി വഴി പുതിയ തലമുറയുടെ നേരെ ഭാരം ചുമത്താനാണ് ശ്രമമെന്ന് ഡിവിഷൻ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ഹിന്ദു സംസ്കാരം ഏല്ലാത്തിനെയും സ്വീകരിക്കുന്ന ജീവിത രീതിയാണ്. ഹർജിക്കാരൻ ബ്രിട്ടീഷുകാരുടെ ഭിന്നിച്ച് ഭരിക്കുകയെന്ന രീതിയാണോ ഉദ്ദേശിക്കുന്നത്? ഭൂതകാലത്തിന്റെ ജയിലിൽ കഴിയാനാകില്ല. സമൂഹത്തിൽ നാശം സൃഷ്ടിക്കാനുള്ള ഉപകരണമായി കോടതിയെ മാറ്റാൻ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.

കേരളത്തിൽ ഹിന്ദു രാജാക്കന്മാർ മറ്റു മതങ്ങൾക്ക് ആരാധനയലങ്ങൾ പണിയാൻ ഭൂമി കൊടുത്ത ചരിത്രമുണ്ടെന്ന് ജസ്റ്റിസ് കെഎം ജോസഫ് ഹർജിക്കാരനോട് പറഞ്ഞു. ഹിന്ദുത്വത്തിന്റെ മഹത്വം മനസിലാക്കാൻ ശ്രമിക്കണം. കോടതി തീരുമാനം ശരിയാണെന്ന് ഹർജിക്കാരന് പിന്നീട് മനസിലാകുമെന്നും കോടതി പറഞ്ഞു.