
ഇടുക്കി: മാട്ടുപ്പെട്ടിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. അലക്ഷ്യമായി വാഹനമോടിക്കൽ, മനപൂർവമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നാഗർകോവിൽ സ്വദേശി വിനേഷിനെതിരെ മൂന്നാർ പൊലീസ് കേസെടുത്തിരിക്കുന്നത്. വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്നു തന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
അപകടത്തിൽ മരിച്ച മൂന്ന് വിദ്യാർഥികളുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പരിക്കേറ്റ് മൂന്നാർ ടാറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ നില തൃപ്തികരമാണ്. ഇവരെ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികളും ഉണ്ടാകും. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ചത് മൂലമാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.
കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. മൂന്നാറിലെ മാട്ടുപെട്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. ആദിക, വേണിക, സുതന്‍ എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. 40 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ ബിഎസ്‍സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ്. ഗുരുതര പരിക്കേറ്റ മൂന്ന് പേരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 15 പേരുടെ പരിക്ക് ഗുരുതരമല്ല. കേരള രജിസ്ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കുണ്ടള ഡാം സന്ദർശിയ്ക്കാൻ പോകുന്നതിനിടെ ബസ് എക്കോ പോയിൻറ് സമീപം വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam