
തൃശൂര്‍: മഴ കനത്തതോടെ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചിടാൻ തീരുമാനമായി. അതിരപ്പള്ളിയും വാഴച്ചാലും അടക്കം ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന കേന്ദ്രങ്ങളാണ് അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. ഓറഞ്ച് അലര്‍ട്ടാണ് ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കനത്ത മഴയും കാറ്റുമാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ അനുഭവപ്പെടുന്നത്.
വിലങ്ങൻകുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്റു പാർക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂർമുഴി റിവർ ഗാർഡൻ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം പ്രവേശനം നിര്‍ത്തിയിട്ടുണ്ട്. നാളെ മുതല്‍ ഈ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നും തന്നെ പ്രവേശനമുണ്ടായിരിക്കില്ല.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരേക്കാണ് സഞ്ചാരികള്‍ക്ക് നിയന്ത്രണം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മഴ കനക്കുന്നതിനൊപ്പം തന്നെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയായിരിക്കും വരും ദിവസങ്ങളില്‍ എന്നും മുന്നറിയിപ്പുണ്ട്. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ജനങ്ങള്‍ ജാഗ്രതയോടെ തുടരേണ്ടതാണ്. പ്രത്യേകിച്ച് മലയോര മേഖലകളില്‍ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും. അന്തര്‍സംസ്ഥാന യാത്രയ്ക്കും നിയന്ത്രണമുണ്ട്. രാവിലെ ആറ് മുതല്‍ വൈകീട്ട് നാലെ വരെ മാത്രമാണ് അനുവദിക്കുന്നത്.
മരം വീഴുന്നതും, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ പോലുള്ള ദുരന്തങ്ങളും പതിയിരിക്കുന്ന കാലാവസ്ഥയാണിത്. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള സാധ്യത കാണുന്നിടങ്ങളില്‍ നിന്നെല്ലാം അകലം പാലിക്കുന്നതാണ് ഉചിതം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam