
കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി കൊടിസുനിയെ ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ. തവനൂർ ജയിലിൽ നിന്നും കണ്ണൂരിലേക്ക് മാറ്റണമെന്നാണ് കൊടിസുനിയുടെ അമ്മയുടെ ആവശ്യം. ഹർജിയിൽ കോടതി സർക്കാരിൻ്റെ വിശദീകരണം തേടി. കേസിൽ കൊടിസുനി ഉൾപ്പെടെയുള്ള പ്രതികളുടെ ജയിലിലെ കുറ്റകൃത്യങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കൊടി സുനിയെ തവനൂരിലെ ജയിലിലേക്ക് മാറ്റിയത്.
ടിപി ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കുറ്റവാളികൾക്ക് ജയിലിനുള്ളിലും ലഹരി വില്പനയെന്ന് ജയിൽ സൂപ്രണ്ടിന്റെ അന്വേഷണ റിപ്പോർട്ട്. കേസിലെ മുഖ്യപ്രതികളായ കൊടി സുനിയും കിർമാണി മനോജും ലഹരിവില്പനയുടെ കണ്ണികളാണെന്നാണ് ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ വിശദീകരിക്കുന്നത്. ജയിലിനകത്തും പുറത്തും ലഹരി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് പുറമെ കൊടി സുനിയും സംഘവും വില്‍പ്പനയും നടത്തുന്നുവെന്നാണ് ജയില്‍ വകുപ്പിന്‍റെ കണ്ടെത്തല്‍. ജയിലിൽ കൊടി സുനി നിരന്തരം അച്ചടക്കലംഘനം കാണിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് ജയിൽ വകുപ്പ് അസാധാരണ നീക്കങ്ങൾ നടത്തുന്നതിന്റെ സൂചനകൾ പുറത്ത് വന്നിരുന്നു. ടിപി വധക്കേസിലെ പ്രതികളെ ‘വിടുതൽ’ ചെയ്യുന്നതിൽ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാപ്രശ്നമുണ്ടോയെന്ന് ചോദിച്ച് ജയിൽ ആസ്ഥാനത്ത് നിന്ന് ജയിൽ സൂപ്രണ്ടുമാര്‍ക്ക് അയച്ച കത്താണ് പുറത്ത് വന്നത്. പ്രതികളെ ജയിലിൽ നിന്ന് എന്നന്നേക്കുമായി വിട്ടയക്കുന്നതിനാണോ അതോ പരോളിനെ കുറിച്ചാണോ എന്ന കാര്യം കത്തിൽ പറയുന്നില്ല. വിടുതൽ’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. 20 വർഷത്തേക്കു ശിക്ഷായിളവ് നൽകരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെയാണ് സർക്കാർ ഇടപെടൽ.
നീക്കം പുറത്ത് വന്നതോടെ പ്രതികളെ വിട്ടയക്കാനുള്ള കത്തല്ലെന്ന വിശദീകരണവുമായി എ ഡി ജി പി ബൽറാംകുമാര്‍ ഉപധ്യായ രംഗത്തെത്തി. മാഹി ഇരട്ടക്കൊല കേസിലും ടി പി വധക്കസിലെ മുഖ്യപ്രതികളായ കൊടി സുനി ഉള്‍പ്പെടെയുള്ളവർ ഉള്‍പ്പെട്ടിരുന്നു. മാഹി ഇരട്ടക്കൊലക്കേസിൽ ടി പി കൊലക്കേസിലെ പ്രതികളെയടക്കം കോടതി വെറുതെ വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ പ്രശ്നമുണ്ടോയെന്ന് അന്വേഷിച്ച് കത്ത് അയച്ചതെന്നാണ് വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam