ശക്തന്‍ മാര്‍ക്കറ്റ് തുറക്കാന്‍ അനുമതിയില്ല; കളക്ടര്‍ക്കെതിരെ പ്രതിഷേധം, വ്യാപാരികള്‍ നിരാഹാര സമരത്തില്‍

By Web TeamFirst Published May 29, 2021, 12:30 PM IST
Highlights

മൊബൈൽ കടകൾ തുറക്കാൻ മുഖ്യമന്ത്രി പറഞ്ഞിട്ടും കളക്ടർ അനുമതി നൽകിയില്ലെന്ന് പരാതിയുണ്ട്
 

തൃശ്ശൂര്‍: ശക്തൻ മാർക്കറ്റ് തുറക്കാൻ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികൾ നിരാഹാരത്തിൽ. അവശ്യവസ്തുക്കള്‍ മാത്രം വില്‍ക്കുന്ന മാര്‍ക്കറ്റ് തുറക്കാത്തത് കളക്ടറുടെ പിടിവാശി മൂലമെന്നാണ് ആരോപണം. എന്നാല്‍  മാർക്കറ്റ് തുറന്ന് കൊടുക്കുന്ന കാര്യം സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന്  ജില്ല കളക്ടര്‍ വ്യക്തമാക്കി. അതേസമയം മൊബൈൽ കടകൾ തുറക്കാൻ മുഖ്യമന്ത്രി പറഞ്ഞിട്ടും കളക്ടർ അനുമതി നൽകിയില്ലെന്ന് പരാതിയുണ്ട്

പഴം, പച്ചക്കറി, പലവ്യഞ്ജനം എന്നിവ വില്‍ക്കുന്ന 500 കടകളാണ് തൃശ്ശൂര്‍ ശക്തൻ മാര്‍ക്കറ്റില്‍ ഉള്ളത്.1300 തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നു. ലോക്ഡൗണ്‍ തുടങ്ങുന്നതിന് ദിവസങ്ങള്‍ക്കു മുമ്പേ ശക്തൻ മാര്‍ക്കറ്റ് അടച്ചിരുന്നു. അഞ്ചുമാസമായി അടച്ചുകിടക്കുന്നതിനാല്‍ വ്യാപാരികളും തൊഴിലാളികളും ദുരിതത്തിലാണ്. അതിനാല്‍ കൊവിഡ് മാനദണ്ഡം പാലിച്ച്  മാര്‍ക്കറ്റ് പ്രവര്‍ത്തിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. പലവട്ടം ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയിട്ടും കളക്ടര്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറായില്ലെന്നാണ് ഇവരുടെ പരാതി.

കഴിഞ്ഞ വര്‍ഷം കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിച്ചതിന് മുഖ്യമന്ത്രി ശക്തൻ മാര്‍ക്കറ്റിലെ വ്യാപാരികളെയും തൊഴിലാളികളെയും അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മാര്‍ക്കറ്റ് തുറക്കാൻ അനുവദിച്ചാല്‍ കൊവിഡ് നിരക്ക് വീണ്ടും കൂടുമെന്ന ആശങ്കയിലാണ് അധികൃതര്‍. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

click me!