കേരളത്തിനകത്ത് ട്രെയിൻ യാത്രക്ക് അനുമതിയില്ല; ടിക്കറ്റെടുത്തവര്‍ക്ക് പണം തിരികെ നൽകും

By Web TeamFirst Published May 14, 2020, 9:38 AM IST
Highlights

കേരളത്തിനകത്തെ യാത്രക്ക് അനുമതി നൽകരുതെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം പരിഗണിച്ചാണ് റെയിൽവെയുടെ നടപടി. 

ദില്ലി: കൊവിഡ് ലോക്ക് ഡൗണിന് ഇളവ് ഏര്‍പ്പെടുത്തി സ്പെഷ്യൽ ട്രെയിൻ ഓടിത്തുടങ്ങിയെങ്കിലും കേരളത്തിനകത്ത് ട്രെയിൻ യാത്രക്ക് അനുമതിയില്ല. ദില്ലിയിൽ നിന്ന് വരുന്ന സ്പെഷ്യൽ ട്രെയിനിൽ കേരളത്തിനകത്തെ ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് റെയിൽവെ ഉത്തരവിറക്കി. കേരളത്തിനകത്തെ യാത്രക്ക് അനുമതി നൽകരുതെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം പരിഗണിച്ചാണ് റെയിൽവെയുടെ നടപടി. 

മൂന്ന് സ്റ്റോപ്പുകളാണ് പ്രത്യേക തീവണ്ടിക്ക് കേരളത്തിനകത്ത് അനുവദിച്ചിട്ടുള്ളത്. കോഴിക്കോട്, എറണാകുളം , തിരുവനന്തപുരം സ്റ്റേഷനുകളിലാണ് പ്രത്യേക തീവണ്ടിക്ക് സ്റ്റോപ്പുണ്ടാകുക. ദില്ലിയിൽ നിന്ന് തുടങ്ങുന്ന ട്രെയിനിൽ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവര്‍ക്ക് കേരളത്തിലേക്ക് വരുന്നതിൽ തടസമില്ല. എന്നാൽ ട്രെയിൽ കേരളത്തിലെത്തിക്കഴിഞ്ഞാൽ സംസ്ഥാനത്തിനകത്തെ യാത്രക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്. അതായത് പ്രത്യേക ട്രെയിനിൽ കോഴിക്കോട്ടു നിന്നോ എറണാകുളത്തു നിന്നോ യാത്രക്കാരെ കയറ്റില്ല. ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നൽകുമെന്ന് കാണിച്ചാണ് റെയിൽവെയുടെ ഉത്തരവ്. 

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇത്തരമൊരു തീരുമാനം റെയിൽവെ എടുത്തിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവര്‍ക്ക് ഒപ്പം കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കേരളത്തിനകത്തുനിന്നുള്ള യാത്രക്കാര്‍ കൂടി വരുന്നത് പ്രതിരോഘ പ്രവര്‍ത്തനങ്ങൾ സങ്കീര്‍ണ്ണമാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം. 

അതിനിടെ ദില്ലിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ ഇന്നെത്തും. റിപ്പോർട്ട് കാണാം:

 

click me!