ടൂറിസ്റ്റ് ഗൈഡുകൾക്ക് ശാസ്ത്രീയ പരിശീലനം, തീരദേശ പൈതൃക അംബാസിഡർമാരാക്കി മാറ്റാൻ പദ്ധതിയുമായി സിഎംഎഫ്ആർഐ

Published : Jul 17, 2026, 04:31 PM IST
CMFRI

Synopsis

തീരദേശ മേഖലകളിൽ ഉത്തരവാദിത്ത ഇക്കോടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ടൂറിസ്റ്റ് ഗൈഡുകൾക്ക് ശാസ്ത്രീയ പരിശീലനം നൽകി അവരെ തീരദേശ പൈതൃക അംബാസഡർമാരാക്കി മാറ്റി, സമുദ്രസംരക്ഷണ ബോധവൽക്കരണം സഞ്ചാരികളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൊച്ചി: തീരദേശ മേഖലകളിൽ ഉത്തരവാദിത്ത ഇക്കോടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സിഎംഎഫ്ആർഐ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി സൗഹൃദ ടൂറിസത്തിന് കരുത്ത് പകരുന്നതിനൊപ്പം സമുദ്രസംരക്ഷണ ബോധവൽക്കരണം കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കം. ടൂറിസ്റ്റ് ഗൈഡുകൾക്ക് ശാസ്ത്രീയ പരിശീലനം നൽകി അവരെ കേരളത്തിന്റെ തീരദേശ പൈതൃക അംബാസിഡർമാരാക്കി മാറ്റുകയും, അവരിലൂടെ കടലറിവുകളും തീരദേശ സംരക്ഷണപാഠങ്ങളും സഞ്ചാരികളിലെത്തിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കഴിഞ്ഞ വർഷം സിഎംഎഫ്ആർഐ ആരംഭിച്ച ജനപ്രിയ ബോധവൽക്കരണ പരിപാടിയായ 'ഫിഷ് വോക്കിന്റെ' തുടർച്ചയായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വിനോദസഞ്ചാരികളുമായി നേരിട്ട് ഇടപെടുന്ന ടൂറിസം പ്രൊഫഷണലുകളിൽ ശാസ്ത്രീയമായ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ, സംസ്ഥാനത്തെ 24 സർക്കാർ അംഗീകൃത ടൂറിസ്റ്റ് ഗൈഡുകൾക്കുള്ള ശാസ്ത്രീയ പരിശീലനം വിജയകരമായി പൂർത്തിയായി.

സിഎംഎഫ്ആർഐയിൽ നടന്ന ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ 98-ാമത് സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമാപന ചടങ്ങിൽ കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേരളത്തിന്റെ തനത് തീരദേശ പൈതൃകവും പരമ്പരാഗത കടലറിവുകളും ഇക്കോടൂറിസം രംഗത്ത് വലിയ സാധ്യതകൾ തുറക്കുമെന്ന് മേയർ അഭിപ്രായപ്പെട്ടു. കൂടാതെ, പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമായ ഒരു പുതിയ ടൂറിസം സംസ്‌കാരം വളർത്തിയെടുക്കാനും ഇത്തരം ശാസ്ത്രീയമായ പരിശീലനങ്ങൾ സഹായിക്കുമെന്നും മേയർ വ്യക്തമാക്കി.

പരിശീലനത്തിന്റെ ഭാഗമായി കേരളത്തിലെ പരമ്പരാഗതവും സമകാലികവുമായ മത്സ്യബന്ധന രീതികൾ, സമുദ്ര ജൈവവൈവിധ്യം, കടൽതീരങ്ങൾ, പാറക്കെട്ടുകൾ, അഴിമുഖങ്ങൾ, കണ്ടൽക്കാടുകൾ, കായലുകൾ, ആഴക്കടൽ ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ അറിവുകൾ ഗൈഡുകൾക്ക് പകർന്നുനൽകി. കൂടാതെ, സമുദ്രോത്പന്ന കയറ്റുമതിയെക്കുറിച്ചും കൂട് മത്സ്യകൃഷി (മാരികൾച്ചർ) അടക്കമുള്ള ആധുനിക രീതികളെക്കുറിച്ചും അവരെ ബോധവൽക്കരിച്ചു. ഇതിന്റെ ഭാഗമായി ചെല്ലാനം ഫിഷിംഗ് ഹാർബർ, പുത്തൻതോട് ബീച്ച്, കോട്ടപ്പുറത്തെ കൂട് മത്സ്യകൃഷി ഫാമുകൾ, പനമ്പുകാട് കണ്ടൽക്കാടുകൾ എന്നിവിടങ്ങളിൽ ഗൈഡുകൾക്കായി ഫീൽഡ് സന്ദർശനവും സംഘടിപ്പിച്ചിരുന്നു.

പ്രാദേശിക ജീവനോപാധികൾ ഉറപ്പാക്കുന്നതും സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കുന്നതുമായ ഒരു വിനോദസഞ്ചാര സംസ്‌കാരം വളർത്തിയെടുക്കാനാണ് സിഎംഎഫ്ആർഐ ശ്രമിക്കുന്നതെന്ന് ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. ഓരോ വർഷവും ആയിരക്കണക്കിന് സഞ്ചാരികളുമായി നേരിട്ട് ഇടപഴകുന്ന ടൂറിസ്റ്റ് ഗൈഡുകളിലൂടെ സമുദ്രസംരക്ഷണത്തിന്റെ സന്ദേശം വളരെ വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഡോ. ശോഭ ജോ കിഴക്കൂടൻ, ഡോ. മിറിയം പോൾ ശ്രീറാം എന്നിവരും സംസാരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫേസ്ബുക്കിൽ പരസ്യ അടിയുമായി കോൺഗ്രസ് നേതാക്കൾ; ബിആ‍ർഎമ്മിന്‍റെ പഴയ കഥകൾ ഓർമ്മിപ്പിച്ച് അനൂപ്, 'മൂക്കിൽ വലിച്ച് കയറ്റാമെന്ന് കരുതേണ്ട'
കെഎസ്ഇബിയുടെ അപ്രതീക്ഷിത കറന്റ് കട്ട്; അത്യാസന്ന നിലയിലുള്ള രോ​ഗി മരിച്ചതായി പരാതി