കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീറിന്‍റെ വിമർശനങ്ങൾക്ക് മറുപടിയുമായി അനൂപ് വി ആർ. ഫേസ്ബുക്ക് കുറിപ്പിലൂടെ, ഷഫീറിന്‍റെ ഡിഐസി, സിപിഎം ബന്ധങ്ങൾ ഓർമ്മിപ്പിച്ച അനൂപ്, തനിക്കെതിരായ ഭീഷണി വിലപ്പോവില്ലെന്നും മുന്നറിയിപ്പ് നൽകി. കോൺഗ്രസ് വക്താവായിരിക്കെ ഷഫീർ സിപിഎമ്മിലേക്ക് പാലമിടാൻ ശ്രമിച്ചെന്നും അനൂപ് ആരോപിച്ചു.
തിരുവനന്തപുരം: ബി ആർ എം ഷഫീറിന്‍റെ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി കോൺഗ്രസ് നേതാവ് അനൂപ് വി ആർ. താൻ മുൻപ് പാർട്ടി പദവികളിൽ ഉണ്ടായിരുന്നില്ലെന്ന ഷഫീറിന്‍റെ പ്രസ്താവന നൂറ് ശതമാനം സത്യമാണെന്ന് പരിഹസിച്ച അനൂപ്, ഷഫീറിന്‍റെ രാഷ്ട്രീയ ഭൂതകാലവും സിപിഎം ബന്ധവും ചൂണ്ടിക്കാണിച്ചാണ് ഫേസ്‌ബുക്കിലൂടെ ആഞ്ഞടിച്ചത്. താൻ കെഎസ്‍യു തൃശൂർ ജില്ലാ നേതൃത്വത്തിന്‍റെ ഭാഗമായി പ്രവർത്തിച്ചിരുന്ന കാലത്ത് പാർട്ടിയെ തള്ളിപ്പറഞ്ഞ് ഡിഐസിക്ക് വേണ്ടി പൈലറ്റ് പ്രസംഗം നടത്തി നടക്കുകയായിരുന്നു ഷഫീറെന്ന് അനൂപ് ഓർമ്മിപ്പിച്ചു. പിന്നീട് രാജീവ് ഗാന്ധി സ്റ്റഡി സർക്കിളിന്‍റെ സ്റ്റേറ്റ് ഇൻ ചാർജ് ആയി താൻ പ്രവർത്തിച്ച സമയത്ത്, ഷഫീർ സമസ്താപരാധം പറഞ്ഞ് സംഘടനയിലേക്ക് തിരികെ കയറിയിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കുറിച്ചു.
ഷഫീർ കോൺഗ്രസിലേക്ക് മടങ്ങിവന്ന ശേഷമുള്ള പല കാര്യങ്ങളും താൻ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്ന് പറഞ്ഞ അനൂപ്, എന്നാൽ ഗൗരവമേറിയ ഒരു ആരോപണം കുറിപ്പിൽ ഉന്നയിക്കുന്നുണ്ട്. കോൺഗ്രസിന്‍റഎ ഔദ്യോഗിക വക്താവായിരിക്കെത്തന്നെ സിപിഎം നേതാക്കളായ ഇ പി ജയരാജനെയും പി എ മുഹമ്മദ് റിയാസിനെയും പുകഴ്ത്തി സിപിഎമ്മിലേക്ക് പാലമിടാൻ ഷഫീർ ശ്രമിച്ചിരുന്നുവെന്നാണ് അനൂപിന്‍റെ ആരോപണം. അന്ന് സിപിഎം നേതൃത്വം അടുപ്പിക്കാത്തതു കൊണ്ടാണോ, അതോ ഉളുപ്പില്ലായ്മ കൊണ്ടാണോ ഷഫീർ വീണ്ടും കോൺഗ്രസിനായി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും അനൂപ് ആവശ്യപ്പെട്ടു.
ചാനൽ ചർച്ചകളിൽ കോൺഗ്രസ് പ്രതിനിധിയായി പങ്കെടുക്കുമ്പോൾ ഒരിക്കൽപ്പോലും പാർട്ടിയുടെ നയനിലപാടുകൾക്കെതിരെ സംസാരിച്ചിട്ടില്ലെന്ന് അനൂപ് ഉറപ്പിച്ചു പറയുന്നു. സർക്കാരിനെ തിരുത്തുന്ന കാര്യത്തിൽ, ഇന്നത്തെ മുഖ്യമന്ത്രി (വി ഡി സതീശൻ) ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് എംഎൽഎയും പാർട്ടി വക്താവുമായിരുന്നപ്പോൾ കാണിച്ച നിലപാടുകളാണ് തനിക്ക് മാതൃകയെന്നും അനൂപ് കൂട്ടിച്ചേർത്തു. ഇതിന്‍റെ പേരിൽ തന്നെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടതില്ലെന്ന കടുത്ത മുന്നറിയിപ്പോടെയാണ് അനൂപ് വി ആർ ഫേസ്‌ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
എന്ത് സംഘടന പ്രവർത്തനം നടത്തിയതിന്‍റെ തഴമ്പാണ് അനൂപിന് ഉള്ളതെന്ന് ബി ആർ എം ഷഫീര്‍ ഫേസ്ബുക്കിലൂടെ ചോദിച്ചിരുന്നു. മുഖ്യമന്ത്രിയെ സംഘി ആക്കാൻ നടക്കുന്ന സിപിഎമ്മിന്‍റെ വാദം ഉന്നയിക്കുന്നയാൾ എങ്ങനെ കോൺഗ്രസ് പ്രതിനിധി ആവും. നാളെ സിപിഎം. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഇയാളുടെ തന്നെ വാക്കുകൾ ആവില്ലേ ആധികാരികത. അത് കൊണ്ട് രണ്ടും കൂടി വേണ്ട. ഒന്നുകിൽ വിമർശിച്ച് സ്വന്തം രാഷ്ട്രീയം കൊണ്ട് പോവുക, അല്ലെങ്കിൽ വിയോജിപ്പുകൾ പാർട്ടിയിൽ പറഞ്ഞ് സർക്കാരിന് കവചം തീർക്കുക എന്നിങ്ങനെയാണ് ഷഫീർ കുറിച്ചത്.


