
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്കായി പുതുതായി നിരത്തിലിറങ്ങുന്ന പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മന്ത്രി ബസ് ഓടിച്ചുനോക്കുന്നതിന്‍റെ ഫോട്ടോ ഇട്ടിരിക്കുന്നത്. ഫോട്ടോക്കൊപ്പം ഉടൻ വരുന്നുവെന്ന് ഇംഗ്ലീഷിൽ (coming soon) കുറിപ്പും ഇട്ടിട്ടുണ്ട്. ഏറെ കാലത്തിനുശേഷമാണ് കെഎസ്ആര്‍ടിസിക്ക് സ്വന്തമായി പുതിയ ബസുകള്‍ നിരത്തിലിറങ്ങുന്നത്.
അടുത്തകാലത്തായി ഇറക്കിയ ബസുകളെല്ലാം കെഎസ്ആര്‍ടിസിയുടെ തന്നെ ഉപകമ്പനിയായ സ്വിഫ്റ്റിനായിരുന്നു നൽകിയിരുന്നത്. അതിനാൽ തന്നെ ടാറ്റയുടെ പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ കെഎസ്ആര്‍ടിസിക്കായി പുറത്തിറക്കുന്നത് ഏരെ ആകാംക്ഷയോടെയാണ് ആനവണ്ടി പ്രേമികളും യാത്രക്കാരും നോക്കി കാണുന്നത്.
അതേസമയം, ബസ് ഓടിച്ചുനോക്കുന്ന മന്ത്രിയുടെ ചിത്രത്തിൽ നിറയെ കമന്‍റുകളുടെ പൂരമാണ്. ബസിന്‍റെ ഡിസൈനിനെക്കുറിച്ചാണ് പ്രധാന ചര്‍ച്ച. ബസിന്‍റെ ഡിസൈൻ മോശമാണെന്നും പെയിന്‍റിങ് അടക്കം മാറ്റണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് കമന്‍റ് ചെയ്യുന്നത്. ടാറ്റയുടെ ഷാസിയിൽ എസിജിഎൽ കമ്പനിയാണ് ബോഡി നിര്‍മിച്ചിരിക്കുന്നത്. ഗോവയിലെ എസിജിഎൽ കമ്പനി നിര്‍മിച്ച ബസിന്‍റെ ഉള്‍വശവും സീറ്റുമെല്ലാം നല്ല നിലവാരത്തിലുള്ളതാണെന്നും എന്നാൽ, കാലത്തിന് അനുസരിച്ചുള്ള ലുക്കല്ലെന്നും ഡിസൈനിൽ മാറ്റം വരുത്തണമെന്നുമാണ് പലരും കമന്‍റിലൂടെ ആവശ്യപ്പെടുന്നത്.
കാലപഴക്കം ചെന്ന ഓര്‍ഡിനറി ബസുകള്‍ക്കടക്കം പുതിയ ബസുകള്‍ കൂടുതൽ ഇറക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. 20വര്‍ഷം പുറകോട്ട് പോയ ഡിസൈനാണ് പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്ക് നൽകിയിരിക്കുന്നതെന്നും കെഎസ്ആര്‍ടിസിക്ക് പുതിയ ഡിസൈൻ നിര്‍മിക്കാൻ ഒരു മത്സരം വെച്ചിരുന്നെങ്കിൽ ഇതിലും മികച്ച ഡിസൈൻ ലഭിക്കുമായിരുന്നുവെന്നുമാണ് ബോണി എം സോമൻ എന്ന യാത്രക്കാരൻ കമന്‍റിൽ പറയുന്നത്. പുത്തൻ കെഎസ്ആര്‍ടിസി ബസോടിച്ച് ഗതാഗത മന്ത്രി, ഉടൻ വരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റ്, ഡിസൈൻ മാറ്റണമെന്ന് കമന്‍റ് പൂരം
പുതിയ ബസുകളുടെ ഉള്‍വശത്തിന്‍റെ ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ആനവണ്ടി പ്രേമികള്‍ സാമൂഹിക മാധ്യമങ്ങളിലെ ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നു. ബസിന്‍റെ പുറത്തെ ഡിസൈന്‍റെ പേരിൽ മോശം അഭിപ്രായമാണെങ്കിലും ഉള്‍വശം മികച്ചതാണെന്നും സീറ്റുകളടക്കം മികച്ചവയാണെന്നും ആവശ്യത്തിന് ലഗ് സ്പേസുണ്ടെന്നുമാണ് ബസ് നേരിട്ടുകണ്ട പലരും അഭിപ്രായപ്പെട്ടത്. ദീര്‍ഘദൂര യാത്രക്ക് അനുയോജ്യമായ സീറ്റുകളാണെന്നും ഡിസൈൻ കൂടി കുറച്ചുകൂടി മികച്ചതാക്കണമെന്നുാണ് പലരും അഭിപ്രായപ്പെടുന്നത്.
2018ൽ 100 ഡീസൽ ബസുകള്‍ വാങ്ങിയശേഷം ആറുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് സംസ്ഥാനത്തേക്ക് പുതിയ കെഎസ്ആര്‍ടിസി ബസുകള്‍ എത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഭരണകാലത്ത് വാങ്ഹിയ 434 ബസുകളും സ്വിഫ്റ്റിനാണ് നൽകിയത്. ഇപ്പോള്‍ പുറത്തിറക്കുന്ന ആദ്യ ബാച്ചിലെ 80 ബസുകളിൽ 60 സൂപ്പര്‍ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറുമാണുള്ളത്.
ഇതിനുപുറമെ അശോക് ലൈലാന്‍ഡിന്‍റെ എട്ട് എസി സ്ലീപ്പര്‍, പത്ത് എസി സ്ലീപ്പര്‍ കം സീറ്റര്‍, എട്ട് എസി സെമി സ്ലീപ്പര്‍ എന്നീ വിഭാഗത്തിലുള്ള ബസുകളും പുറത്തിറക്കുന്നുണ്ട്. ഓര്‍ഡിനറി സര്‍വീസിനായി 9 മീറ്റര്‍ നീളമുള്ള ബസുകള്‍ ഉള്‍പ്പെടെ 37 ചെറിയ ബസുകളും വാങ്ങുന്നുണ്ട്. പുതിയ ബസുകള്‍ ഓടിച്ചുനോക്കിയ മന്ത്രി ആവശ്യമെങ്കിൽ മാറ്റങ്ങള്‍ക്ക് നിര്‍ദേശം നൽകുമെന്നാണ് വിവരം. അതിനുശേഷമായിരിക്കും കൂടുതൽ ബസുകള്‍ എത്തുകയെന്നുമാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam