നടിയെ ആക്രമിച്ച കേസിൽ വിചാരണ പുനരാരംഭിച്ചു: അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരായി

By Web TeamFirst Published Nov 26, 2020, 12:13 PM IST
Highlights

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ച വിവരം സുകേശൻ കോടതിയെ ഔദ്യോഗികമായി അറിയിച്ചു. 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ കൊച്ചിയിലെ പ്രത്യേക കോടതിയിൽ പുനരാരംഭിച്ചു. വിചാരണ കോടതി മാറ്റണമെന്ന പരാതിക്കാരിയുടേയും പ്രോസിക്യൂഷൻ്റേയും ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു ശേഷമുള്ള ആദ്യത്തെ വിചാരണ ദിവസമായിരുന്നു ഇന്ന്. ഹൈക്കോടതി വിധിക്ക് പിന്നാലെ നടിയെ ആക്രമിച്ച കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സുകേശൻ രാജിവച്ചിരുന്നു.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ച വിവരം സുകേശൻ കോടതിയെ ഔദ്യോഗികമായി അറിയിച്ചു. കോടതി ആവശ്യപ്പെട്ട പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും ഇന്ന് കോടതിയിൽ ഹാജരായി. കേസിൽ വിചാരണ നടപടികൾ തുടരണം എന്ന് ഹൈക്കോടതി നി‍ർദേശിച്ചിരുന്നു. 

എന്നാൽ സ്പെഷ്യൽ പ്രോസിക്യൂട്ട‍ർ രാജിവച്ച സാഹചര്യത്തിൽ കേസിലെ തുട‍ർനടപടികൾ ഡിസംബർ രണ്ടാം തീയതിയിലേക്ക് പ്രത്യേക വിചാരണ കോടതി മാറ്റിയിട്ടുണ്ട്. കേസിൽ ഇനി എന്ത് നടപടി സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനോട് കോടതിയെ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം ഹൈക്കോടതി വിധിക്കെതിരെ  സുപ്രീംകോ‌ടതിയെ സമീപിക്കാനുള്ള നടപടികൾ സ‍ർക്കാർ തലത്തിൽ പുരോ​ഗമിക്കുകയാണ്. കേസിൽ വിചാരണകോടതി ജഡ്ജിയെ മാറ്റാൻ സുപ്രീംകോടതി അനുവദിക്കുന്ന പക്ഷം എ.സുരേശൻ തന്നെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി തിരിച്ചെത്തും എന്നാണ് സൂചന. 

അതേസമയം നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെബി ​ഗണേഷ് കുമാ‍ർ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗം പ്രദീപ് കുമാറുമായി പൊലീസ് തെളിവെടുപ്പ് നടത്തും. പ്രദീപ് കുമാറിനെ കൊല്ലത്ത് എത്തിച്ചാവും തെളിവെടുപ്പ് നടത്തുക. വാച്ച് വാങ്ങാനെന്ന പേരിൽ കാസ‍ർകോട് എത്തിയ പ്രദീപ് കുമാ‍ർ കേസിലെ മാപ്പ് സാക്ഷിയേയും അയാളുടെ ബന്ധുവിനേയും മൊഴി മാറ്റാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. 


 

click me!