ബുറേവി ചുഴലിക്കാറ്റ്: തിരുവനന്തപുരം വിമാനത്താവളം നാളെ രാവിലെ അടയ്ക്കും

By Web TeamFirst Published Dec 3, 2020, 8:18 PM IST
Highlights

 ചുഴലിക്കാറ്റ് കേരളത്തിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അറബിക്കടലിലേക്ക് സഞ്ചരിക്കുന്ന ബുറേവി ചുഴലിക്കാറ്റിനെ വരവിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളം താത്കാലികമായി അടച്ചിടും. 

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നാളെ രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ നിർത്തിവയ്ക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയാണ് അറിയിച്ചത്. വിമാനത്താവള പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി.

ബുറേവി ചുഴലിക്കാറ്റ് കേരള തീരത്തേക്കെത്തുമ്പോൾ അതിതീവ്ര ന്യൂനമർദ്ദമാകുമെങ്കിലും തെക്കൻ കേരളത്തിൽ റെഡ് അലർട്ട് തുടരുകയാണ്. നിലവിൽ വലിയ നാശനഷ്ടത്തിന് സാധ്യതയില്ലെന്നും എന്നാൽ കാറ്റ് കടന്ന് പോകുന്നത് വരെ ജാഗ്രത തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

നാളെ കേരളത്തിലൂടെ കടന്ന് പോകുമ്പോൾ 60 മുതൽ 70 കിലോ മീറ്റർ വരെയാകും കാറ്റിന്റെ വേഗതയെന്നാണ് മുന്നറിയിപ്പ്.  ബംഗാൾ ഉൾക്കടലിൽ നിന്നും ശ്രീലങ്കയിൽ പ്രവേശിച്ച കാറ്റ് അവിടെ കാര്യമായ നാശമുണ്ടാക്കാതെയാണ് തമിഴ്നാട് തീരത്തേക്ക് നീങ്ങിയത്. തമിഴ്നാട് തീരത്തെത്തി കേരളത്തിലേക്ക് കടക്കുമ്പോൾ തീവ്രത ഇനിയും കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ചുഴലിക്കാറ്റിന് ശക്തി കുറയുമെങ്കിലും അതീവ ജാഗ്രതയിലാണ് സംസ്ഥാനം. ചുഴലിക്കാറ്റിൻ്റെ പുതിയ സഞ്ചാരപാത വന്നതോടെ ആശങ്ക നെയ്യാറ്റിൻകരയിൽ നിന്നും ഒഴിഞ്ഞു. പുതിയ മുന്നറിയിപ്പ് പ്രകാരം പൊന്മുടി- വർക്കല - ആറ്റിങ്ങൽ മേഖലയിലൂടെ കൊല്ലം വഴിയാണ് കാറ്റിൻറെ സഞ്ചാരം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നും ഉന്നതതലയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ചുഴലിക്കാറ്റ് കേരളത്തിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.

click me!