
തിരുവനന്തപുരം: മേയറുടെ വിവാദ ശുപാർശ കത്തിൽ വിജിലൻസ് നാളെ കോർപറേഷൻ ജീവനക്കാരുടെ മൊഴിയെടുക്കും. രണ്ട് ജീവനക്കാരോട് നാളെ വിജിലൻസ് ഓഫിസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. മേയറുടെ പേരിലുള്ള കത്ത് സി പി എം പ്രവർത്തകരുടെ ഗ്രൂപിലിട്ടുവെന്ന് സംശയിക്കുന്ന കൗൺസിലർ ഡി ആർ അനിൽ ഇതേവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടില്ല. നാളെ മൊഴി രേഖപ്പെടുത്താനുളള സമയം ക്രൈംബ്രാഞ്ച് അനിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതായി ആനാവൂർ നാഗപ്പൻ പറയുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം തള്ളുകയാണ്.
ഫോണിൽ ചില കാര്യങ്ങള്‍ പറഞ്ഞതല്ലാതെ ആനാവൂരിന്‍റെ മൊഴി നേരിട്ട് രേഖപ്പെടുത്തിയിട്ടില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. പാർട്ടി പരിപാടികളുടെ തിരക്ക് പറഞ്ഞ് ആനാവൂര്‍ നേരിട്ട് മൊഴി നൽകാനെത്തിയില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം വിശദീകരിക്കുന്നു. പറയേണ്ടതെല്ലാം മാധ്യമങ്ങള്‍ വഴി അറിഞ്ഞില്ലേ, മേയറും പറഞ്ഞിട്ടുണ്ടല്ലോ, കത്ത് കിട്ടിയിട്ടില്ല, അതിനപ്പുറമൊന്നുമില്ലെന്നായിരുന്നു ഫോണ്‍ വിളിച്ചപ്പോഴും ആനാവൂരിൻെറ പ്രതികരണമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. ആനാവൂരും, ഡി ആർ അനിലും മൊഴി നൽകിയില്ലെങ്കിലും അടുത്തയാഴ്ച തന്നെ പ്രാഥമിക റിപ്പോര്‍ട്ട് നൽകാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.
അതേസമയം സംസ്ഥാനം തന്നെ ചർച്ച ചെയ്യുന്ന വിവാദകേസ് അന്വേഷണത്തിൽ എന്താണ് സംഭവിക്കുന്നതിൽ ദുരൂഹത കൂടുകയാണ്. ആരാണ് സത്യം മറച്ചുവെക്കുന്നതെന്ന് വ്യക്തമല്ല. നിയമനത്തിന് കത്ത് തയ്യാറാക്കി എന്ന് സമ്മതിച്ച ഡി ആർ അനിൽ ഇതുവരെ മൊഴി നൽകാനും തയ്യാറാകുന്നില്ല. പ്രാഥമിക അന്വേഷണം മാത്രമായതിനാൽ ക്രൈംബ്രാഞ്ചിന് നോട്ടീസ് നൽകിയും നിർബന്ധിച്ചും മൊഴി രേഖപ്പെടുത്താൻ കഴിയില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്തുള്ള അന്വേഷണം നടക്കാത്തതാണ് യഥാർത്ഥ പ്രശ്നം. ഇതിനിടെ കത്തുകളിലും നിയമനപരാതികളും വിജിലൻസ് അന്വേഷണം തുടങ്ങി. പരാതി നൽകിയ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ ശ്രീകുമാറിൽ നിന്നും വിജിലൻസ് മൊഴിയെടുത്തു. വിജിലൻസ് തിങ്കളാഴ്ച മേയറുടെ മൊഴി രേഖപ്പെടുത്തും.