
തിരുവനന്തപുരം: എസ് എഫ് ഐയുമായുള്ള തലസ്ഥാനത്തെ സംഘർഷ വിവാദത്തിനിടെ കന്‍റോൺമെന്‍റ് പൊലീസിൽ അപ്രതീക്ഷിത മാറ്റം. എസ് എഫ് ഐ നേതാക്കളുമായി പരസ്യ പോരിലേർപ്പെട്ട എസ് എച്ച് ഒ കന്‍റോൺമെന്‍റ് സി ഐ സതീഷ് കുമാർ അവധിയിൽ പ്രവേശിച്ചു. എസ് ഐ ജി ഗോകുൽ ഗോപാലിനെ പരിശീലനത്തിനും വിട്ടു. സിറ്റി പൊലീസ് കമ്മീഷണർ ഇരുവരെയും നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കന്‍റോൺമെന്‍റ് പൊലീസിലെ മാറ്റം. എസ് എച്ച് ഒ സതീഷ് ഒരു ദിവസത്തെ അവധിയിൽ പ്രവേശിച്ചെന്നാണ് കമ്മീഷണറുടെ വിശദീകരണം. എസ് ഐ ഗോകുലിനെ പോക്സോ ട്രെയിനിംഗിന് അയച്ചതാണെന്നും കമ്മീഷണർ വിവരിച്ചു. മുൻപ് എസ് എച്ച് ഒയുടെ ചുമതല വഹിച്ചിരുന്ന നാർക്കോട്ടിക് സി ഐ ഷാഫിക്കാണ് താൽക്കാലിക ചുമതല.
യൂത്ത് കോൺഗ്രസുമായുള്ള എസ് എഫ് ഐ സംഘർഷത്തിനിടെ കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർഥികളെ ലാത്തിചാർജ്ജ് ചെയ്തത് മുതൽ വിവാദത്തിലായിരുന്നു കന്‍റോൺമെന്‍റ് സി ഐയും എസ് ഐയും. പിന്നീട് എസ് ഐ ഗോകുൽ, എസ് എഫ് ഐ ജില്ലാ സെക്രട്ടറി നന്ദനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതും വിവാദത്തിലായിരുന്നു. അതിനിടെ എസ് എച്ച് ഒയുടെ 'പേടിച്ച് പോയെന്ന് പറഞ്ഞേക്ക്' എന്നുള്ള ഫേസ്ബുക്ക് കുറിപ്പും വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇരുവരെയും വീടുകളിലേക്ക് എസ് എഫ് ഐ പ്രതിഷേധ മാർച്ചും നടത്തി. അതേസമയം തന്നെ എസ് എഫ് ഐ ജില്ലാ സെക്രട്ടറി നന്ദന്‍റെ വീട്ടിൽ പൊലീസ് പരിശോധനയും നടത്തിയിരുന്നു. ഹോസ്റ്റലിലെ ലാത്തിചാർജ്ജ് അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവർക്കെതിരെയും നടപടി ആവശ്യപ്പെട്ട എസ് എഫ് എഫ്, ഈ മാസം 10 ന് മുൻപ് തീരുമാനമില്ലെങ്കിൽ പൊലീസ് സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam