രോഗിയെ പുഴുവരിച്ച സംഭവത്തിലെ നടപടി: നോഡൽ ഓഫീസര്‍ സ്ഥാനത്ത് നിന്ന് ഡോക്ടര്‍മാരുടെ കൂട്ടരാജി

Published : Oct 03, 2020, 01:32 PM ISTUpdated : Oct 04, 2020, 06:57 AM IST
രോഗിയെ പുഴുവരിച്ച സംഭവത്തിലെ നടപടി: നോഡൽ ഓഫീസര്‍ സ്ഥാനത്ത് നിന്ന് ഡോക്ടര്‍മാരുടെ കൂട്ടരാജി

Synopsis

സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. കൊവിഡ് ചികിത്സയുമായും പ്രതിരോധവുമായും ബന്ധപ്പെട്ട കാര്യങ്ങൾ താളംതെറ്റും

തിരുവനന്തപുരം:  സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ കൊവിഡ് നോഡൽ ഓഫിസർമാരായ ഡോക്ടർമാരുടെ കൂട്ട രാജി. അധിക ചുമതല ചെയ്യേണ്ടത് ഇല്ലെന്നു പൊതു തീരുമാനം എടുത്ത ശേഷമാണ് രാജി. സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. കൊവിഡ് ചികിത്സയും പ്രതിരോധവും ആയി ബന്ധപ്പെട്ട കാര്യങ്ങൾ ഇതോടെ താളംതെറ്റുന്ന അവസ്ഥയിലാണ്. 

തിരുവനന്തപുരം മെഡിക്കൽ കോളേഡ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആരോഗ്യപ്രവർത്തകർക്കെതിരായ നടപടി പിൻവലിക്കാനാവശ്യപ്പെട്ട്  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാർ സമരം തുടരുകയാണ്.  രാവിലെ രണ്ട് മണിക്കൂർ ഒ.പി ബഹിഷ്കരിച്ച ശേഷം റിലേ സത്യാഗ്രഹം തുടങ്ങി.  നടപടി പിൻവലിച്ചെങ്കിൽ ചുമതലകളിൽ നിന്ന് രാജിവെക്കുമെന്നും കൊവിഡ് ഇതര ഡ്യൂട്ടികൾ ബഹിഷ്കരിക്കുമെന്നും സര്‍ക്കാരിന്  മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയതിന് ഡോക്ടർമാർക്കെതിരെ പൊലീസ്  കേസെടുത്തിട്ടുമുണ്ട്.

ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം ശക്തമാക്കാൻ ഡോക്ടര്‍മാര്‍ തീരുമാനം എടുത്തത്. ഭരണാനുകൂല സംഘടനകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കെ.ജി.എം.സി.ടി.എയ്ക്ക് പുറമെ കെ.ജി.ഒ.എയും കെ.ജി.എൻ.എയും  പ്രതിഷേധ സമരത്തിനെത്തി. നഴ്സുമാർ ഇന്ന് ജില്ലയിൽ കരിദിനം ആചരിക്കുകയാണ്. 

കൊവിഡ് പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയെ ലംഘിച്ച് കൊണ്ടായിരുന്നു അൻപതിലധികം ഡോക്ടർമാർ കൂടിനിന്നുള്ള സമരം തലസ്ഥാനത്ത് നടന്നത്.  നിരോധനാജ്ഞ ലംഘിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. എന്നാൽ  സമരം തുടർന്നു. സാമൂഹിക അകലവും മറ്റു നിയന്ത്രണങ്ങളും പലപ്പോഴും ലംഘിക്കപ്പെട്ടു.  തുടർന്നാണ് മെഡിക്കൽ കോളേജ് പൊലീസ് എഴുപതോളം ഡോക്ടർമാർക്കെതിരെ കേസെടുത്തത്. നിരോധനാജ്ഞ ലംഘിച്ചതിനൊപ്പം പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസുകളുണ്ട്.

രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡി.എം.ഇ അന്വേഷണം തുടരുമെന്നും വേഗത്തിൽ പൂർത്തിയാക്കി തുടർനടപടികളുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി. മതിയായ ജീവനക്കാരില്ലാത്തതിനാൽ സംഭവിച്ച വീഴ്ച്ചയായതിനാൽ ഉപാധികളില്ലാതെ സസ്പെൻഷൻ പിൻവലിക്കണമെന്ന് സമരക്കാർ ആവശ്യപ്പെടുമ്പോൾ പറ്റില്ലെന്ന് സർക്കാരും നിലപാട് കടുപ്പിക്കുന്നു.  

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീലെന്ന് സിപിഎം
'സച്ചിദാനന്ദൻ പറഞ്ഞതാണ് ശരി', ഭരണമാറ്റം കേരളത്തിനും ഇടതുപക്ഷത്തിനും നല്ലത്; സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ഗീവർഗീസ് മാർ കൂറിലോസ്